2 Kings 5:1-24
നയമാൻ കുഷ്ഠരോഗത്തിൽനിന്ന് സൗഖ്യംപ്രാപിക്കുന്നു
1നയമാൻ അരാംരാജാവിന്റെ സൈന്യാധിപനായിരുന്നു. അദ്ദേഹം മുഖാന്തരം യഹോവ അരാമിനു വിജയം നൽകിയിരുന്നതിനാൽ തന്റെ യജമാനന്റെ ദൃഷ്ടിയിൽ അദ്ദേഹം മഹാനും ബഹുമാന്യനുമായിത്തീർന്നു. നയമാൻ പരാക്രമശാലിയെങ്കിലും കുഷ്ഠരോഗിയായിരുന്നു. ▼▼ത്വക്കിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾക്ക് കുഷ്ഠം എന്നതിനുപയോഗിക്കുന്ന എബ്രായപദം ഉപയോഗിച്ചിരുന്നു.
2അരാമിൽനിന്നുള്ള കവർച്ചപ്പടകൾ വന്നിരുന്നപ്പോൾ അവർ ഇസ്രായേലിൽനിന്ന് ഒരു ബാലികയെ അടിമയായി പിടിച്ചുകൊണ്ടുപോയിരുന്നു. അവൾ നയമാന്റെ ഭാര്യയുടെ പരിചാരികയായിത്തീർന്നു. 3“എന്റെ യജമാനൻ ശമര്യയിലെ പ്രവാചകനെ ഒന്നു ചെന്നു കണ്ടിരുന്നെങ്കിൽ! അദ്ദേഹം യജമാനന്റെ കുഷ്ഠരോഗം സൗഖ്യമാക്കുമായിരുന്നു,” എന്ന് അവൾ തന്റെ യജമാനത്തിയോടു പറഞ്ഞു.
4നയമാൻ തന്റെ യജമാനനെ സമീപിച്ച് ഇസ്രായേൽക്കാരി പെൺകുട്ടി പറഞ്ഞ വിവരം അറിയിച്ചു. 5“നീ പോയിവരിക,” അരാംരാജാവ് പറഞ്ഞു. “ഞാൻ ഇസ്രായേൽരാജാവിന് ഒരു കത്തു തരാം.” അങ്ങനെ തന്റെ കൈവശം പത്തു താലന്തു ▼
▼ഏക. 340 കി.ഗ്രാം.
വെള്ളിയും ആറായിരം ശേക്കേൽ ▼▼ഏക. 69 കി.ഗ്രാം.
സ്വർണവും പത്തുകൂട്ടം വസ്ത്രവും എടുത്തുകൊണ്ട് നയമാൻ പുറപ്പെട്ടു. 6ഇസ്രായേൽരാജാവിനെ ഏൽപ്പിക്കാനായി അരാംരാജാവെഴുതിയ കത്തും അദ്ദേഹം എടുത്തിരുന്നു. “ഈ കത്തുമായി വരുന്ന എന്റെ ഭൃത്യൻ നയമാന്റെ കുഷ്ഠരോഗം അങ്ങു മാറ്റിക്കൊടുക്കാനായി ഞാൻ അയാളെ അയയ്ക്കുന്നു,” എന്ന് അതിൽ എഴുതിയിരിക്കുന്നു. 7ഇസ്രായേൽരാജാവ് ആ കത്തു വായിച്ച ഉടൻ വസ്ത്രംകീറി, “ഞാൻ ദൈവമോ? ജീവൻ എടുക്കാനും കൊടുക്കാനും എനിക്കു കഴിയുമോ? കുഷ്ഠം മാറ്റിക്കൊടുക്കുന്നതിനായി ഒരുവനെ എന്റെ അടുത്തേക്ക് എന്തിനാണ് ഈ മനുഷ്യൻ അയച്ചിരിക്കുന്നത്? അയാൾ എന്നോട് ഒരു ശണ്ഠയ്ക്കുള്ള കാരണം തേടുന്നത് ഏതുവിധമെന്നു നോക്കുക!” എന്നു പറഞ്ഞു.
8ഇസ്രായേൽരാജാവ് വസ്ത്രം കീറിയെന്ന് ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ അദ്ദേഹം രാജാവിന് ഒരു സന്ദേശം കൊടുത്തയച്ചു: “എന്തിന് അങ്ങു സ്വന്തവസ്ത്രം കീറി? ആ മനുഷ്യൻ എന്റെ അടുക്കൽ വരട്ടെ, അപ്പോൾ ഇസ്രായേലിൽ ഒരു പ്രവാചകനുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലാകും.” 9അങ്ങനെ നയമാൻ തന്റെ കുതിരകളും രഥങ്ങളുമായി ചെന്ന് എലീശയുടെ വീടിന്റെ പടിവാതിൽക്കൽ നിന്നു. 10“താങ്കൾ പോയി യോർദാനിൽ ഏഴുപ്രാവശ്യം മുങ്ങുക; അപ്പോൾ താങ്കളുടെ ശരീരം പഴയതുപോലെയായി, താങ്കൾ ശുദ്ധനായിത്തീരും,” എന്നു പറയാൻ എലീശാ ഒരു സന്ദേശവാഹകനെ അയച്ചു.
11പക്ഷേ, നയമാൻ കോപാകുലനായി അവിടെനിന്നു യാത്രയായി. “അദ്ദേഹം ഇറങ്ങിവന്ന് എന്റെ അടുക്കൽ നിൽക്കുമെന്നും, തന്റെ ദൈവമായ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുമെന്നും, കുഷ്ഠം ബാധിച്ച ശരീരഭാഗങ്ങൾക്കുമീതേ കൈവീശി എന്റെ കുഷ്ഠരോഗം സൗഖ്യമാക്കുമെന്നും ഞാൻ വിചാരിച്ചിരുന്നു. 12ദമസ്കോസിലെ നദികളായ അബാനയും പർപ്പരും ഇസ്രായേലിലുള്ള ഏതു വെള്ളത്തെക്കാളും മെച്ചമായതല്ലേ? എനിക്ക് അവയിൽ കുളിച്ചു ശുദ്ധനായിക്കൂടേ?” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ക്രോധത്തോടെ അദ്ദേഹം സ്ഥലംവിട്ടു.
13നയമാന്റെ ഭൃത്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന് അദ്ദേഹത്തോട്: “പിതാവേ, പ്രവാചകൻ വലിയൊരുകാര്യം ചെയ്യാൻ അങ്ങയോടു പറഞ്ഞിരുന്നെങ്കിൽ അങ്ങ് അതു ചെയ്യുമായിരുന്നില്ലേ? കുളിച്ചു ശുദ്ധനാകുക എന്ന് അദ്ദേഹം പറയുമ്പോൾ എത്രയധികം സന്തോഷപൂർവം അതു ചെയ്യേണ്ടതാണ്” എന്നു ചോദിച്ചു. 14അതിനാൽ ദൈവപുരുഷൻ പറഞ്ഞതുപോലെ അദ്ദേഹം യോർദാനിൽ പോയി ഏഴുപ്രാവശ്യം മുങ്ങി. അദ്ദേഹത്തിന്റെ ശരീരം പൂർവസ്ഥിതിയിലായി; ഒരു ചെറുബാലന്റെ ശരീരംപോലെ അത് ഓജസ്സുള്ളതായി; രോഗവിമുക്തമായിത്തീർന്നു.
15പിന്നെ നയമാനും അദ്ദേഹത്തിന്റെ സകലഭൃത്യന്മാരും ദൈവപുരുഷന്റെ അടുക്കൽ മടങ്ങിവന്നു. നയമാൻ ദൈവപുരുഷന്റെമുമ്പിൽ നിന്നുകൊണ്ട്: “ഇസ്രായേലിൽ അല്ലാതെ ലോകത്തിൽ മറ്റെങ്ങും ഒരു ദൈവമില്ലെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ദയവായി അങ്ങയുടെ ദാസനായ എന്നിൽനിന്ന് ഒരു സമ്മാനം സ്വീകരിക്കണേ!” എന്നു പറഞ്ഞു.
16“ഞാൻ സേവിച്ചു നിൽക്കുന്ന യഹോവയാണെ, ഞാൻ യാതൊരു സമ്മാനവും വാങ്ങുകയില്ല,” എന്നു പ്രവാചകൻ മറുപടി പറഞ്ഞു. നയമാൻ വളരെ നിർബന്ധിച്ചിട്ടും അദ്ദേഹം നിരസിക്കുകയാണു ചെയ്തത്.
17അപ്പോൾ നയമാൻ പറഞ്ഞു: “അങ്ങ് യാതൊന്നും സ്വീകരിക്കുകയില്ലെങ്കിൽ, രണ്ടു കോവർകഴുതകൾക്കു ചുമക്കാവുന്നത്ര മണ്ണു ദയവായി അടിയനു തരണമേ! അടിയൻ ഇനിമേലാൽ യഹോവയ്ക്കല്ലാതെ മറ്റൊരു ദേവനും ഹോമയാഗങ്ങളോ മറ്റു യാഗങ്ങളോ അർപ്പിക്കുകയില്ല. 18എന്നാൽ ഈ ഒരു കാര്യത്തിൽ യഹോവ അടിയനോടു ക്ഷമിക്കട്ടെ! എന്റെ യജമാനൻ എന്റെ കൈയിൽ താങ്ങിക്കൊണ്ടു രിമ്മോന്റെ ക്ഷേത്രത്തിൽ പ്രവേശിക്കുകയും കുമ്പിടുകയും ചെയ്യുമ്പോൾ ഞാനും അവിടെ കുമ്പിടേണ്ടതായിവരുന്നു. അക്കാര്യം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.”
19“സമാധാനത്തോടെ പോകുക,” എന്ന് എലീശാ പറഞ്ഞു.
നയമാൻ അൽപ്പദൂരം യാത്രയായിക്കഴിഞ്ഞപ്പോൾ 20ദൈവപുരുഷനായ എലീശയുടെ ഭൃത്യൻ ഗേഹസി ചിന്തിച്ചു: “ഈ അരാമ്യനായ നയമാൻ കൊണ്ടുവന്നതൊന്നും വാങ്ങിക്കാതെ എന്റെ യജമാനൻ അദ്ദേഹത്തെ വെറുതേ വിട്ടുകളഞ്ഞിരിക്കുന്നു. യഹോവയാണെ, ഞാൻ അദ്ദേഹത്തിന്റെ പിന്നാലെ ഓടി അദ്ദേഹത്തിൽനിന്ന് എന്തെങ്കിലും വാങ്ങും.”
21അങ്ങനെ ഗേഹസി വേഗം നയമാന്റെ പിന്നാലെ ചെന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ അദ്ദേഹം അവനെ എതിരേൽക്കുന്നതിനായി രഥത്തിൽനിന്നിറങ്ങി. “എല്ലാം ശുഭമായിരിക്കുന്നോ,” എന്ന് നയമാൻ ചോദിച്ചു.
22ഗേഹസി മറുപടി പറഞ്ഞു: “എല്ലാം ശുഭമായിരിക്കുന്നു. ഇതു പറയുന്നതിനായി എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നു: ‘എഫ്രയീം മലനാട്ടിൽനിന്ന് രണ്ടു പ്രവാചകശിഷ്യന്മാർ ഇപ്പോൾ എന്റെ അടുക്കൽ വന്നിരിക്കുന്നു. അവർക്കുവേണ്ടി ഒരു താലന്തു ▼
▼ഏക. 34 കി.ഗ്രാം.
വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും ദയവായി കൊടുത്താലും!’ ” 23“തീർച്ചയായും, രണ്ടുതാലന്തു സ്വീകരിച്ചാലും!” എന്നു നയമാൻ പറഞ്ഞു. അത്രയും സ്വീകരിക്കാനായി നയമാൻ ഗേഹസിയെ നിർബന്ധിച്ചു. അദ്ദേഹം രണ്ടുകൂട്ടം വസ്ത്രങ്ങൾ സഹിതം ആ രണ്ടുതാലന്തു വെള്ളി രണ്ടു സഞ്ചിയിലാക്കിക്കെട്ടി. തന്റെ രണ്ടു ഭൃത്യന്മാരുടെ കൈവശം ഏൽപ്പിച്ചു. അവർ അത് ഗേഹസിക്കു മുമ്പായി ചുമന്നുകൊണ്ടുപോയി. 24മലയിൽ എത്തിയപ്പോൾ ഗേഹസി ആ സാധനങ്ങൾ അവരിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചശേഷം ഭൃത്യന്മാരെ തിരിച്ചയച്ചു; അവർ പോകുകയും ചെയ്തു.
Copyright information for
MalMCV