‏ Zechariah 10

യഹോവ യെഹൂദയ്ക്കുവേണ്ടി കരുതുന്നു

1വസന്തകാലത്ത് മഴയ്ക്കുവേണ്ടി യഹോവയോട് അപേക്ഷിക്കുക;
യഹോവയാണല്ലോ മിന്നൽപ്പിണർ അയയ്ക്കുന്നത്.
അവിടന്ന് സകലജനത്തിനും മഴ വർഷിപ്പിക്കുന്നു
എല്ലാവർക്കും വയലിലെ സസ്യങ്ങളും നൽകുന്നു.
2വിഗ്രഹങ്ങൾ വഞ്ചന സംസാരിക്കുന്നു,
ദേവപ്രശ്നംവെക്കുന്നവർ വ്യാജം ദർശിക്കുന്നു;
അവർ വ്യാജസ്വപ്നങ്ങൾ പറയുന്നു,
അവർ വൃഥാ ആശ്വസിപ്പിക്കുന്നു.
അതിനാൽ ജനം ആടുകളെപ്പോലെ അലയുന്നു.
ഇടയൻ ഇല്ലാത്തതിനാൽ അവർ പീഡിപ്പിക്കപ്പെടുന്നു.

3“എന്റെ കോപം ഇടയന്മാർക്കുനേരേ ജ്വലിക്കുന്നു,
ഞാൻ നായകന്മാരെ ശിക്ഷിക്കും;
സൈന്യങ്ങളുടെ യഹോവ തന്റെ ആട്ടിൻകൂട്ടമായ
യെഹൂദയ്ക്കുവേണ്ടി കരുതും,
അവിടന്ന് അവരെ യുദ്ധത്തിൽ ഗർവിഷ്ഠനായ കുതിരയാക്കും.
4യെഹൂദയിൽനിന്ന് മൂലക്കല്ലും
അവനിൽനിന്ന് കൂടാരത്തിന്റെ ആണിയും
അവനിൽനിന്ന് യുദ്ധത്തിനുള്ള വില്ലും
അവനിൽനിന്ന് ഓരോ അധിപതിയും വരും.
5അവർ യുദ്ധത്തിൽ ശത്രുക്കളെ
ചെളിനിറഞ്ഞ വീഥികളിൽ ഇട്ടു മെതിക്കുന്ന വീരയോദ്ധാക്കളെപ്പോലെ ആയിരിക്കും.
യഹോവ അവരോടുകൂടെ ഉള്ളതുകൊണ്ട്,
അവർ ശത്രുക്കളുടെ കുതിരച്ചേവകരെ യുദ്ധത്തിൽ തോൽപ്പിക്കും.

6“ഞാൻ യെഹൂദാഗൃഹത്തെ ശക്തിപ്പെടുത്തും
യോസേഫുഗൃഹത്തെ രക്ഷിക്കും.
എനിക്ക് അവരോടു മനസ്സലിവുള്ളതുകൊണ്ട്
ഞാൻ അവരെ യഥാസ്ഥാനപ്പെടുത്തും.
ഞാൻ ഒരിക്കലും നിരസിക്കാത്തവരെപ്പോലെ
അവർ ആയിരിക്കും;
ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ,
ഞാൻ അവർക്ക് ഉത്തരമരുളും.
7എഫ്രയീമ്യർ വീരയോദ്ധാക്കളെപ്പോലെ ആകും
അവരുടെ ഹൃദയത്തിൽ വീഞ്ഞിനാലെന്നപോലെ സന്തോഷമായിരിക്കും.
അവരുടെ കുഞ്ഞുങ്ങൾ അതുകണ്ട് സന്തോഷിക്കും
അവരുടെ ഹൃദയം യഹോവയിൽ സന്തോഷിക്കും.
8ഞാൻ അവർക്കു ചിഹ്നം കാണിച്ച് അവരെ അകത്തുവരുത്തും.
കാരണം ഞാൻ അവരെ വീണ്ടെടുത്തിരിക്കുന്നു.
അവർ പണ്ടത്തെപ്പോലെതന്നെ അസംഖ്യമായിരിക്കും.
9ഞാൻ അവരെ ജനതകൾക്കിടയിൽ ചിതറിച്ചുകളയുമെങ്കിലും
വിദൂരദേശങ്ങളിൽ അവർ എന്നെ ഓർക്കും.
അവരും അവരുടെ കുഞ്ഞുങ്ങളും ജീവിച്ചിരിക്കും,
അവർ ഇസ്രായേലിലേക്കു മടങ്ങിവരും.
10ഞാൻ അവരെ ഈജിപ്റ്റിൽനിന്നു മടക്കിവരുത്തും
അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും.
ഞാൻ അവരെ ഗിലെയാദിലേക്കും ലെബാനോനിലേക്കും കൊണ്ടുപോകും,
അവിടെ അവർക്കു സ്ഥലം മതിയാകുകയില്ല.
11അവർ കഷ്ടതയുടെ സമുദ്രത്തിലൂടെ കടക്കും;
ഇളകിമറിയുന്ന സമുദ്രം ശാന്തമാകും.
നൈലിന്റെ അഗാധതകൾ വരണ്ടുപോകും;
അശ്ശൂരിന്റെ അഹങ്കാരം തകർക്കപ്പെടും
ഈജിപ്റ്റിന്റെ ചെങ്കോൽ അവസാനിക്കും.
12ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും
അവിടത്തെ നാമത്തിൽ അവർ സുരക്ഷിതരായി ജീവിക്കും,”
എന്ന് യഹോവയുടെ അരുളപ്പാട്.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.