‏ Zechariah 7

ഉപവാസത്തെക്കാൾ നല്ലത് നീതിയും കരുണയും

1ദാര്യാവേശ് രാജാവിന്റെ നാലാംവർഷം, ഒമ്പതാംമാസമായ കിസ്ളേവുമാസം നാലാം തീയതി, സെഖര്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി. 2ബേഥേലിലുള്ള ജനം യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്, ശരേസർ, രേഗെം-മേലെക് എന്നിവരെയും അവരുടെ ആളുകളെയും അയച്ച്, 3സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: “കഴിഞ്ഞ അനേകം വർഷങ്ങളായി ചെയ്തുവരുന്നതുപോലെ അഞ്ചാംമാസത്തിൽ ഞാൻ കരയുകയും ഉപവസിക്കുകയും ചെയ്യണമോ” എന്നു ചോദിപ്പിച്ചു?

4അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 5“ദേശത്തിലെ സകലജനങ്ങളോടും പുരോഹിതന്മാരോടും ഇപ്രകാരം ചോദിക്കുക, ‘കഴിഞ്ഞ എഴുപതുവർഷം അഞ്ചാംമാസത്തിലും ഏഴാംമാസത്തിലും നിങ്ങൾ ഉപവസിക്കുകയും കരയുകയും ചെയ്തല്ലോ; വാസ്തവത്തിൽ എനിക്കുവേണ്ടിത്തന്നെയോ നിങ്ങൾ ഉപവസിച്ചത്? 6നിങ്ങൾ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തപ്പോൾ, നിങ്ങൾ നിങ്ങൾക്കുവേണ്ടി അല്ലയോ വിരുന്നുകഴിച്ചത്? 7ജെറുശലേമിലും ചുറ്റുപാടുമുള്ള നഗരങ്ങളിലും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കേദേശത്തും പടിഞ്ഞാറ് കുന്നിൻപ്രദേശങ്ങളിലും ജനവാസമുണ്ടായിരുന്നപ്പോഴും പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തിരുന്ന യഹോവയുടെ വചനം കേട്ട് നിങ്ങൾ അനുസരിക്കേണ്ടിയിരുന്നില്ലേ?’ ”

8യഹോവയുടെ വചനം വീണ്ടും സെഖര്യാവിനുണ്ടായി: 9“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായംവിധിക്കുക പരസ്പരം കരുണയും മനസ്സലിവും കാണിക്കുക. 10വിധവയെയും അനാഥരെയും പ്രവാസികളെയും ദരിദ്രരെയും പീഡിപ്പിക്കരുത്. നിങ്ങളുടെ മനസ്സിൽ പരസ്പരം ദോഷം ചിന്തിക്കരുത്.’

11“എന്നാൽ, അവർക്കു ശ്രദ്ധിക്കാൻ മനസ്സില്ലായിരുന്നു; ശാഠ്യത്തോടെ അവർ പുറംതിരിഞ്ഞുപോകുകയും ചെവി അടച്ചുകളയുകയും ചെയ്തു. 12അവർ തങ്ങളുടെ ഹൃദയത്തെ വജ്രംപോലെ കഠിനമാക്കി, ന്യായപ്രമാണം ശ്രദ്ധിച്ചില്ല. പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം സൈന്യങ്ങളുടെ യഹോവയുടെ ആത്മാവ് അയച്ച വചനവും അവർ ചെവിക്കൊണ്ടില്ല. അതിനാൽ സൈന്യങ്ങളുടെ യഹോവ കോപിച്ചു.

13“ ‘ഞാൻ വിളിച്ചപ്പോൾ അവർ കേട്ടില്ല, അതുകൊണ്ട് അവർ വിളിക്കുമ്പോൾ ഞാനും കേൾക്കുകയില്ല,’ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 14‘ഞാൻ ചുഴലിക്കാറ്റുകൊണ്ട് അവർ അറിയാത്ത എല്ലാ രാജ്യങ്ങളിലേക്കും അവരെ ചിതറിച്ചു, ആർക്കും വരുന്നതിനോ പോകുന്നതിനോ കഴിയാത്തവിധത്തിൽ ദേശം ശൂന്യമായിപ്പോയി. ഇങ്ങനെ അവർ അവരുടെ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.’ ”

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.