Song of Solomon 5
യുവാവ്1എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ ഉദ്യാനത്തിൽ വന്നുചേർന്നിരിക്കുന്നു;
ഞാൻ എന്റെ സുഗന്ധദ്രവ്യത്തോടൊപ്പം മീറയും ശേഖരിച്ചിരിക്കുന്നു.
തേനിനോടൊപ്പം ഞാൻ എന്റെ തേനട ഭക്ഷിച്ചു;
പാലിനോടൊപ്പം ഞാൻ എന്റെ വീഞ്ഞും പാനംചെയ്തിരിക്കുന്നു.
തോഴിമാർ
അല്ലയോ സ്നേഹിതരേ, ഭക്ഷിക്കൂ, പാനംചെയ്യൂ;
ഹേ കാമുകന്മാരേ, മതിയാകുവോളം പാനംചെയ്യുക.
യുവതി
2ഞാൻ നിദ്രാധീനയായി എങ്കിലും എന്റെ ഹൃദയം ഉണർന്നിരുന്നു.
ശ്രദ്ധിക്കൂ! എന്റെ പ്രിയൻ വാതിലിൽ മുട്ടുന്നു:
“എന്റെ സഹോദരീ, എന്റെ പ്രിയേ,
എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, എനിക്കായി തുറന്നുതരൂ.
എന്റെ ശിരസ്സ് തുഷാരബിന്ദുക്കളാലും
എന്റെ മുടി രാമഞ്ഞിനാലും കുതിർന്നിരിക്കുന്നു.”
3അതിനു ഞാൻ, “എന്റെ അങ്കി ഞാൻ അഴിച്ചുവെച്ചിരിക്കുന്നു—
അതു ഞാൻ വീണ്ടും അണിയണമോ?
എന്റെ പാദങ്ങൾ ഞാൻ കഴുകിയിരിക്കുന്നു—
അതു ഞാൻ വീണ്ടും അഴുക്കാക്കണമോ?”
4എന്റെ പ്രിയൻ വാതിൽക്കൊളുത്തിലേക്ക് തന്റെ കൈനീട്ടി;
എന്റെ ഹൃദയം അവനുവേണ്ടി തുടിക്കാൻ തുടങ്ങി.
5ഞാൻ എന്റെ പ്രിയനായി വാതിൽ തുറക്കാൻ എഴുന്നേറ്റു,
എന്റെ കൈയിൽനിന്ന് മീറയിൻകണങ്ങൾ ഇറ്റിറ്റുവീണു,
മീറയിൻധാരയുമായി എന്റെ വിരലുകൾ
വാതിലിൻതഴുതുകളിൽവെച്ചു.
6ഞാൻ എന്റെ പ്രിയനുവേണ്ടി തുറന്നു,
അപ്പോഴേക്കും എന്റെ കാന്തൻ പോയിമറഞ്ഞിരുന്നു.
അവന്റെ പിൻവാങ്ങലിൽ എന്റെ ഹൃദയം സങ്കടത്തിലാണ്ടു. ▼
▼അഥവാ, അവന്റെ ഭാഷണത്താൽ ഞാൻ വിവശയായിരുന്നു.
ഞാൻ അവനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.
ഞാൻ അവനെ വിളിച്ചെങ്കിലും അവൻ വിളികേട്ടില്ല.
7നഗരത്തിൽ റോന്തുചുറ്റുന്ന കാവൽഭടന്മാർ
എന്നെ കണ്ടെത്തി.
അവർ എന്നെ അടിച്ചു, എന്നെ മുറിവേൽപ്പിച്ചു;
മതിലുകളുടെ സംരക്ഷണസേനയിലുള്ളവർ,
എന്റെ അങ്കി കവർന്നെടുത്തു!
8ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക—
നിങ്ങൾ എന്റെ പ്രിയനെ കാണുന്നെങ്കിൽ,
അവനോട് നിങ്ങൾ എന്തുപറയും?
ഞാൻ പ്രേമവിവശയായിരിക്കുന്നു എന്ന് അവനെ അറിയിക്കണമേ.
തോഴിമാർ
9സ്ത്രീകളിൽ അതിസുന്ദരീ,
മറ്റുള്ളവരെക്കാൾ എന്തു സവിശേഷതയാണ് നിന്റെ പ്രിയനുള്ളത്?
ഞങ്ങളോട് ഇപ്രകാരം അനുശാസിക്കുന്നതിന്,
മറ്റുള്ളവരെക്കാൾ എന്തു സവിശേഷതയാണ് നിന്റെ പ്രിയനുള്ളത്?
യുവതി
10എന്റെ പ്രിയൻ വെൺമയും ചെമപ്പുമുള്ളവൻ,
പതിനായിരംപേരിൽ അതിശ്രേഷ്ഠൻ.
11അവന്റെ ശിരസ്സ് തനിത്തങ്കം;
അവന്റെ മുടി ചുരുണ്ടതും
കാക്കയെപ്പോലെ കറുത്തതും ആകുന്നു.
12നീരൊഴുക്കുകൾക്കരികത്തെ
പ്രാവിനു സമമാണ് അവന്റെ മിഴികൾ,
അവ പാലിൽ കഴുകിയതും
രത്നം പതിപ്പിച്ചതുപോലെയുള്ളതുമാണ്.
13അവന്റെ കവിൾത്തടങ്ങൾ പരിമളം പരത്തുന്ന
സുഗന്ധത്തട്ടുകൾപോലെയാണ്.
അവന്റെ ചുണ്ടുകൾ മീറയിൻകണങ്ങൾ ഇറ്റിറ്റുവീഴുന്ന
ശോശന്നപ്പുഷ്പംപോലെയാണ്.
14അവന്റെ ഭുജങ്ങൾ
പുഷ്യരാഗം പതിച്ച കനകദണ്ഡുകൾ.
അവന്റെ ശരീരം ഇന്ദ്രനീലംകൊണ്ടലങ്കരിച്ച
തിളക്കമാർന്ന ദന്തസമം.
15തങ്കത്തറകളിൽ ഉറപ്പിച്ചിരിക്കുന്ന
മാർബിൾത്തൂണുകളാണ് അവന്റെ കാലുകൾ.
അവന്റെ ആകാരം ലെബാനോനിലെ
ദേവദാരുപോലെതന്നെ ശ്രേഷ്ഠം.
16അവന്റെ വായ് മാധുര്യം നിറഞ്ഞിരിക്കുന്നു;
അവൻ സർവാംഗസുന്ദരൻ.
ജെറുശലേംപുത്രിമാരേ,
ഇവനാണെന്റെ പ്രിയൻ, ഇവനാണെന്റെ തോഴൻ.
Copyright information for
MalMCV