‏ Song of Solomon 3

1രാത്രിമുഴുവനും എന്റെ കിടക്കയിൽ
ഞാൻ എന്റെ പ്രാണപ്രിയനെ അതിയായി ആഗ്രഹിച്ചു;
ഞാൻ അതിയായി ആഗ്രഹിച്ചു, എന്നാൽ അവൻ വന്നുചേർന്നില്ല.
2ഞാൻ ഇപ്പോൾ എഴുന്നേറ്റ് നഗരത്തിലേക്കുപോകും,
അതിന്റെ വീഥികളിലും ചത്വരങ്ങളിലും ചുറ്റിനടന്ന്,
ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിക്കും.
അങ്ങനെ ഞാൻ അവനെ അന്വേഷിച്ചു, എന്നാൽ കണ്ടെത്തിയില്ലാതാനും.
3നഗരവീഥികളിൽ റോന്തുചുറ്റുന്ന
കാവൽഭടന്മാർ എന്നെ കണ്ടുമുട്ടി.
“എന്റെ പ്രാണപ്രിയനെ നിങ്ങൾ കണ്ടുവോ?” എന്നു ഞാൻ അവരോട് അന്വേഷിച്ചു.
4ഞാൻ അവരെ കടന്നുപോയതേയുള്ളൂ ഉടനെതന്നെ
ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടെത്തി.
ഞാൻ അവനെ പോകാൻ അനുവദിക്കാതെ മുറുകെപ്പിടിച്ചു
അങ്ങനെ ഞാൻ അവനെ എന്റെ മാതൃഭവനത്തിലേക്കു കൊണ്ടുവന്നു,
എന്നെ ഉദരത്തിൽ വഹിച്ച അമ്മയുടെ ശയനമുറിയിലേക്കുതന്നെ.
5ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും
മാൻപേടകളുടെയുംപേരിൽ എനിക്കുറപ്പുനൽകുക:
അനുയോജ്യസമയം വരുംവരെ
പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.

6മീറയും കുന്തിരിക്കവും
വ്യാപാരിയുടെ സകലവിധ സുഗന്ധദ്രവ്യങ്ങളുംകൊണ്ട്,
പരിമളം പരത്തുന്ന പുകത്തൂണുപോലെ
മരുഭൂമിയിൽനിന്നും കയറിവരുന്നോരിവനാരാണ്?
7നോക്കൂ, അത് ശലോമോന്റെ പല്ലക്കുതന്നെ,
ഇസ്രായേലിന്റെ സൈനികവീരന്മാരായിരിക്കുന്ന
അറുപതു ശ്രേഷ്ഠർ അതിന് അകമ്പടിസേവിക്കുന്നു.
8അവരെല്ലാവരും വാളേന്തിയവരാണ്,
എല്ലാവരും യുദ്ധത്തിൽ സമർഥരുമാണ്,
ഓരോരുത്തരും രാത്രിയിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്
തങ്ങളുടെ വശങ്ങളിൽ വാൾ ധരിച്ചിരിക്കുന്നു.
9ശലോമോൻരാജാവ് തനിക്കായിത്തന്നെ നിർമിച്ച പല്ലക്ക്;
ലെബാനോനിൽനിന്ന് ഇറക്കുമതിചെയ്ത മരംകൊണ്ടുതന്നെ അതു നിർമിച്ചു.
10അതിന്റെ തൂണുകൾ വെള്ളികൊണ്ടും
നടുവിരിപ്പ് തങ്കംകൊണ്ടും പണിതിരിക്കുന്നു.
അതിന്റെ ഇരിപ്പിടം ഊതവർണവുംകൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു,
അതിന്റെ ഉള്ളറകൾ ജെറുശലേം പുത്രിമാർ
തങ്ങളുടെ പ്രേമം ചേർത്തിണക്കി അലങ്കരിച്ചിരിക്കുന്നു.
11സീയോൻ പുത്രിമാരേ, പുറത്തുവന്നു കാണുക.
കിരീടമണിഞ്ഞ ശലോമോൻ രാജാവിനെ കാണുക,
അദ്ദേഹത്തിന്റെ വിവാഹനാളിൽ,
തന്റെ ഹൃദയം ആനന്ദത്തിലായ സുദിനത്തിൽ,
തന്റെ അമ്മ അണിയിച്ച കിരീടത്തോടൊപ്പം കാണുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.