‏ Romans 4

അബ്രാഹാം വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നു

1അപ്പോൾ ലൗകികമായി നമ്മുടെ പൂർവപിതാവായിരുന്ന അബ്രാഹാം ഈ വിഷയത്തെക്കുറിച്ച് എന്താണു മനസ്സിലാക്കിയത്? 2അബ്രാഹാം നീതീകരിക്കപ്പെട്ടത് പ്രവൃത്തികളാൽ ആയിരുന്നെങ്കിൽ അദ്ദേഹത്തിന് ആത്മപ്രശംസയ്ക്കു വകയുണ്ടാകുമായിരുന്നു; എന്നാൽ, ദൈവത്തിനുമുമ്പാകെ ആത്മപ്രശംസയ്ക്ക് യാതൊന്നുമില്ല. 3തിരുവെഴുത്ത് എന്താണു പറയുന്നത്? “അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു, അതുനിമിത്തം ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കി.” a

4അധ്വാനിക്കുന്നവനു കൂലി നൽകുന്നത് ദാനമായിട്ടല്ല, അത് അയാൾ പ്രവൃത്തിചെയ്ത് അവകാശമായി നേടുന്നതാണ്. 5എന്നാൽ, പാപിയെ നീതീകരിക്കുന്ന ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളുടെ സൽപ്രവൃത്തികളെ അല്ല, അവന്റെ വിശ്വാസത്തെയാണ് ദൈവം നീതിയായി കണക്കാക്കുന്നത്. 6ഇങ്ങനെ സൽപ്രവൃത്തികളെ കണക്കാക്കാതെ ദൈവം നീതിമാനായി അംഗീകരിക്കുന്ന മനുഷ്യന്റെ അനുഗൃഹീതാവസ്ഥയെപ്പറ്റി ദാവീദും ഇപ്രകാരം പറയുന്നു:

7“ലംഘനം ക്ഷമിച്ചും
പാപം മറച്ചും കിട്ടിയവർ
അനുഗൃഹീതർ,
8കർത്താവ് പാപം കണക്കാക്കാത്ത മനുഷ്യർ
അനുഗൃഹീതർ.”
9എന്നാൽ, ഈ അനുഗൃഹീതാവസ്ഥ പരിച്ഛേദനമേറ്റവർക്കു മാത്രമുള്ളതാണോ അതോ, പരിച്ഛേദനം ഇല്ലാത്തവർക്കും കൂടിയുള്ളതോ? അബ്രാഹാമിന്റെ വിശ്വാസത്തെ നീതിയായി ദൈവം കണക്കാക്കി എന്നാണല്ലോ നാം പറയുന്നത്. 10എന്നാൽ, എപ്പോഴാണ് ഇപ്രകാരം നീതിമാനായി കണക്കാക്കപ്പെട്ടത്? പരിച്ഛേദനം ഏറ്റതിനുശേഷമോ പരിച്ഛേദനം ഏൽക്കുന്നതിനു മുമ്പോ? പരിച്ഛേദനം ഏറ്റ ശേഷമല്ല, പരിച്ഛേദനത്തിനു മുമ്പുതന്നെയാണ്. 11മാത്രമല്ല, പരിച്ഛേദനം ഏൽക്കുന്നതിനുമുമ്പേ വിശ്വാസത്താൽ നീതിനിഷ്ഠനായി അംഗീകരിക്കപ്പെട്ടതിന്റെ മുദ്രയായിട്ടാണ് പരിച്ഛേദനം എന്ന ചിഹ്നം അബ്രാഹാമിന് ലഭിച്ചത്. പരിച്ഛേദനംകൂടാതെതന്നെ വിശ്വാസത്താൽ നീതീകരിക്കപ്പെടുന്ന എല്ലാവർക്കും അബ്രാഹാം ആത്മികപിതാവായിത്തീരേണ്ടതിനും തദ്വാര, അവരുംകൂടി നീതിയുള്ളവരായി കണക്കാക്കപ്പെടേണ്ടതിനും ആയിരുന്നു അത്. 12പരിച്ഛേദനം ഏറ്റവർക്കും അബ്രാഹാം പിതാവാണ്. എന്നാൽ അത് അവർ പരിച്ഛേദനം ഏറ്റു എന്നതുകൊണ്ടല്ല, പിന്നെയോ, നമ്മുടെ പിതാവായ അബ്രാഹാമിനു പരിച്ഛേദനം ഏൽക്കുന്നതിനുമുമ്പ് ഉണ്ടായിരുന്നതുപോലെ അവർ വിശ്വാസം പിൻതുടർന്നതുകൊണ്ടാണ്.

13ലോകത്തിന്റെ അവകാശിയാകും എന്നുള്ള വാഗ്ദാനം അബ്രാഹാമിനോ അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കോ സിദ്ധിച്ചത് ന്യായപ്രമാണത്തിലൂടെയല്ല, വിശ്വാസത്താൽ ലഭിച്ച നീതിയിലൂടെയാണല്ലോ. 14ന്യായപ്രമാണം അനുസരിക്കുന്നവരാണ് ദൈവത്തിന്റെ വാഗ്ദാനത്തിന് അവകാശികൾ എങ്കിൽ ദൈവത്തിലുള്ള വിശ്വാസം അനാവശ്യമായിത്തീരുന്നു; വാഗ്ദാനം അസാധുവായിത്തീരുന്നു. 15ന്യായപ്രമാണലംഘനം ദൈവക്രോധത്തിനു കാരണമായിത്തീരും. ന്യായപ്രമാണം ഇല്ലെങ്കിൽ അതിന്റെ ലംഘനവും സാധ്യമല്ല്ലല്ലോ.

16അതുകൊണ്ട്, വാഗ്ദാനത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. അതു ദൈവം അവിടത്തെ കൃപയുടെ ദാനമായി, അബ്രാഹാമിന്റെ സന്തതിപരമ്പരയിൽപ്പെട്ട വിശ്വസിക്കുന്നവർക്കെല്ലാം—ന്യായപ്രമാണം അനുസരിക്കുന്നവർക്കുമാത്രമല്ല—ഉറപ്പായി നൽകി. കാരണം, വിശ്വസിക്കുന്നവരായ നാം എല്ലാവരുടെയും പിതാവാണ് അബ്രാഹാം. 17“ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കിയിരിക്കുന്നു” c എന്ന് എഴുതിയിരിക്കുന്നല്ലോ.
ഈ പ്രയോഗം പഴയനിയമഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണിയെ സൂചിപ്പിക്കുന്നു.
മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തവയെ ഉള്ളവയെപ്പോലെ ആസ്തിക്യത്തിലേക്കു വിളിച്ചുവരുത്തുകയും ചെയ്യുന്നവനായ ദൈവത്തിൽ അബ്രാഹാം വിശ്വസിച്ചു, ആ ദൈവത്തിന്റെ ദൃഷ്ടിയിൽ അദ്ദേഹം നമ്മുടെ പിതാവാണ്.

18“നിന്റെ സന്തതി ഇങ്ങനെ ആയിത്തീരും” e എന്നു ദൈവം അരുളിച്ചെയ്തിരുന്നതുകൊണ്ട് ആശിക്കാൻ സാധ്യതയില്ലാതിരുന്നിട്ടും അനേകം ജനതകൾക്കു പിതാവായിത്തീരുമെന്ന് ആശയോടുകൂടെ അബ്രാഹാം വിശ്വസിച്ചു. 19ഏകദേശം നൂറുവയസ്സുണ്ടായിരുന്നതുകൊണ്ട് തന്റെ ശരീരം മൃതപ്രായമായിരുന്നു എന്നും സാറയുടെ ഗർഭപാത്രം നിർജീവമായിരുന്നു എന്നും വ്യക്തമായി അറിഞ്ഞിട്ടും അബ്രാഹാമിന്റെ വിശ്വാസം ദുർബലമായില്ല. 20ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് അവിശ്വാസത്താൽ ചഞ്ചലിക്കാതെ അദ്ദേഹം ദൈവത്തെ മഹത്ത്വപ്പെടുത്തി വിശ്വാസത്തിൽ ശക്തിപ്പെട്ടു. 21ആ ദൈവം വാഗ്ദാനംചെയ്തതു നിവർത്തിക്കാൻ ശക്തനാണെന്നുള്ള പൂർണബോധ്യമുള്ളവനായിത്തീർന്നു. 22അബ്രാഹാമിന്റെ ഈ വിധത്തിലുള്ള വിശ്വാസം അദ്ദേഹത്തിനു “നീതിയായി ദൈവം കണക്കാക്കി.” 23“നീതിയായി കണക്കാക്കി” എന്ന് എഴുതിയിരിക്കുന്നത് അദ്ദേഹത്തിനുമാത്രമല്ല; 24നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നവരായ നമുക്കും ബാധകമാണ്. 25അവിടന്ന് നമ്മുടെ ലംഘനങ്ങൾനിമിത്തം മരണത്തിനായി ഏൽപ്പിക്കപ്പെടുകയും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നല്ലോ.

Copyright information for MalMCV