‏ Romans 3

ദൈവത്തിന്റെ വിശ്വസ്തത

1അങ്ങനെയെങ്കിൽ യെഹൂദനായിരിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണ് ഉള്ളത്? അതുപോലെ, പരിച്ഛേദനം സ്വീകരിക്കുന്നതുകൊണ്ട് എന്തു ലാഭമാണുള്ളത്? 2എല്ലാവിധത്തിലും വളരെയുണ്ട്: അതിൽ പ്രഥമഗണനീയം ദൈവത്തിന്റെ അരുളപ്പാടുകൾ യെഹൂദന്മാരെ ഭരമേൽപ്പിച്ചിരിക്കുന്നു എന്നതാണ്.

3ആ അരുളപ്പാടുകൾ ചിലർ അവിശ്വസിച്ചു. അതുകൊണ്ടെന്ത്? അവരുടെ വിശ്വാസരാഹിത്യത്താൽ ദൈവത്തിന്റെ വിശ്വസ്തത ഇല്ലാതാകുമോ? 4ഒരിക്കലുമില്ല! എല്ലാ മനുഷ്യരും വ്യാജംപറയുന്നവർ ആയിരുന്നാലും ദൈവം സത്യസന്ധനാണ്.

“അങ്ങയുടെ വാക്കുകളിൽ അങ്ങ് നീതിമാനെന്നു തെളിയുന്നതിനും
വിചാരണയിൽ അങ്ങ് വിജയിക്കാനും,” a
എന്ന് എഴുതിയിട്ടുണ്ടല്ലോ.

5എന്നാൽ, ദൈവം എത്ര നീതിമാനാണെന്നത് നമ്മുടെ അനീതി പ്രകടമാക്കുന്നുവെങ്കിൽ നാം എന്താണു പറയുക? മാനുഷികമായ രീതിയിൽ ചോദിക്കട്ടെ, “നമ്മുടെമേൽ ക്രോധം വെളിപ്പെടുത്തുന്ന ദൈവം നീതിമാൻ അല്ല” എന്നാണോ? 6ഒരിക്കലുമല്ല. അങ്ങനെയാണെങ്കിൽ അനീതിയുള്ള ദൈവത്തിന് ലോകത്തെ വിധിക്കാൻ എങ്ങനെ കഴിയും? 7എന്നാൽ “എന്റെ കാപട്യം ദൈവത്തിന്റെ സത്യസന്ധതയെ പ്രകടമാക്കുന്നതിലൂടെ അവിടത്തെ യശസ്സു വർധിപ്പിക്കുന്നെങ്കിൽ, എന്തിനാണ് പിന്നെയും എന്നെ പാപിയെന്നു വിധിയെഴുതുന്നത്?” എന്നു ചിലർ വാദിച്ചേക്കാം, 8അപ്പോൾ, “നന്മ ഉണ്ടാകേണ്ടതിനുവേണ്ടി നമുക്കു തിന്മ പ്രവർത്തിക്കാം” എന്നാണോ? ചിലരാകട്ടെ, ഇപ്രകാരം ഞങ്ങൾ പറയുന്നതായി ഞങ്ങളെപ്പറ്റി അപവാദം പറയുന്നുണ്ട്; അവർ അർഹിക്കുന്ന ശിക്ഷാവിധി അവർക്കു ലഭിക്കും.

നീതിമാൻ ആരുമില്ല

9അപ്പോൾ എന്ത്? യെഹൂദരായ നമുക്ക് എന്തെങ്കിലും ശ്രേഷ്ഠത ഉണ്ടോ? ഇല്ലേയില്ല. മുമ്പു നാം തെളിച്ചു പറഞ്ഞതുപോലെതന്നെ യെഹൂദനും യെഹൂദേതരനും ഇങ്ങനെ എല്ലാവരും പാപത്തിന് അധീനർതന്നെയാണ്.

10“നീതിനിഷ്ഠർ ആരുമില്ല, ഒരാൾപോലും ഇല്ല.
11ഗ്രഹിക്കുന്നവർ ആരുമില്ല,
ദൈവത്തെ അന്വേഷിക്കുന്നവരുമില്ല.
12എല്ലാവരും വഴിതെറ്റി
ഒന്നടങ്കം കൊള്ളരുതാത്തവരായിത്തീർന്നിരിക്കുന്നു;
നന്മചെയ്യുന്നവർ ആരുമില്ല,
ഒരൊറ്റവ്യക്തിപോലുമില്ല.”
13“അവരുടെ തൊണ്ട തുറന്ന ശവക്കുഴി;
അവർ നാവുകൊണ്ട് വഞ്ചിക്കുന്നു;” c
“അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്.” d
14“അവരുടെ വായിൽ ശാപവും കയ്‌പും നിറഞ്ഞിരിക്കുന്നു.” e
15“അവരുടെ പാദങ്ങൾ രക്തം ചൊരിയാൻ പായുന്നു.
16നാശവും ദുരിതവും അവരുടെ പാതകളിൽ ഉണ്ട്.
17സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ.”
18“അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ലാതായിരിക്കുന്നു,” g
എന്നിങ്ങനെ തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ!

19ന്യായപ്രമാണത്തിന്റെ നിബന്ധനകൾ ബാധകമായിരിക്കുന്നത് അതു ലഭിച്ചിട്ടുള്ളവർക്കാണെന്ന് നമുക്കറിയാം. ഇതു നൽകിയിരിക്കുന്നത്, എല്ലാ അധരങ്ങളും ഒഴിവുകഴിവുകൾ ഒന്നും പറയാനില്ലാതെ നിശ്ശബ്ദമാകാനും ലോകത്തിലുള്ളവർ മുഴുവൻ ദൈവത്തോടു കണക്കു ബോധിപ്പിക്കാൻ കടപ്പെട്ടിരിക്കുന്നുവെന്നു വ്യക്തമാക്കുന്നതിനുംവേണ്ടിയാണ്. 20അതുകൊണ്ട്, ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അനുഷ്ഠിക്കുന്നതിലൂടെ ആരും ദൈവത്തിന്റെ മുമ്പാകെ നീതിനിഷ്ഠരാകുകയില്ല; പിന്നെയോ, നമ്മുടെ പാപത്തെക്കുറിച്ചുള്ള അറിവു നൽകുകയാണ് ന്യായപ്രമാണം ചെയ്യുന്നത്.

വിശ്വാസത്തിലൂടെ നീതീകരണം

21എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിന്റെ ആചരണംകൂടാതെ ലഭിക്കുന്ന ദൈവികപാപവിമോചനം വെളിപ്പെട്ടുവന്നിരിക്കുന്നു; ഇതിനെക്കുറിച്ചു ന്യായപ്രമാണത്തിലും പ്രവാചകന്മാരുടെ ലിഖിതങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. 22യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവത്തിൽനിന്നുള്ള ഈ കുറ്റവിമുക്തി, വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്നു. 23യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു. 24എങ്കിലും ദൈവകൃപയാൽ, ക്രിസ്തുയേശുമുഖേനയുള്ള വീണ്ടെടുപ്പിലൂടെ അവരെ സൗജന്യമായി നീതീകരിക്കുന്നു. 25ദൈവം യേശുവിന്റെ രക്തംചൊരിഞ്ഞ് പാപനിവാരണയാഗമാക്കി പരസ്യമായി നൽകിയതിൽ വിശ്വസിക്കുന്നതിലൂടെയാണ് ഈ നീതി ലഭിക്കുന്നത്. അവിടത്തെ നീതി പ്രകടമാക്കുന്നതിനാണ് ഇപ്പോൾ ഇങ്ങനെ ചെയ്തത്. ദൈവം അവിടത്തെ ദീർഘക്ഷമനിമിത്തം മുൻകാലപാപങ്ങൾക്കു ശിക്ഷവിധിച്ചതുമില്ല. 26അവിടന്ന് ഇങ്ങനെ പ്രവർത്തിച്ചത്, ഈ കാലഘട്ടത്തിൽ അവിടത്തെ നീതി പ്രകടമാക്കിക്കൊണ്ട്, നീതിനിഷ്ഠനും യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആയിരിക്കാനാണ്.

27അങ്ങനെയെങ്കിൽ പ്രശംസയ്ക്ക് സ്ഥാനം എവിടെ? അത് നീങ്ങിപ്പോയിരിക്കുന്നു. ഏതു പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ? അനുഷ്ഠാനങ്ങൾ ആവശ്യമുള്ള ന്യായപ്രമാണത്താലോ? അല്ല, വിശ്വാസം ആവശ്യമുള്ള പ്രമാണത്താൽത്തന്നെയാണ്. 28അങ്ങനെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾവഴിയല്ലാതെ വിശ്വാസത്താൽത്തന്നെ മനുഷ്യൻ നീതീകരിക്കപ്പെടുന്നു എന്നു നാം കാണുന്നു. 29ദൈവം യെഹൂദരുടെമാത്രമോ? അവിടന്ന് യെഹൂദരല്ലാത്തവരുടെയും ദൈവം അല്ലയോ? അതേ, അവിടന്ന് അവരുടെയും ദൈവമാണ്. 30ദൈവം ഒരുവനേയുള്ളൂ; അതുകൊണ്ട്, പരിച്ഛേദനം സ്വീകരിച്ചവനെ വിശ്വാസത്താൽ നീതീകരിക്കുന്നു; അതേ വിശ്വാസത്താൽ പരിച്ഛേദനം ഇല്ലാത്തവരെയും നീതീകരിക്കുന്നു. 31അപ്പോൾ, നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ പ്രയോജനരഹിതമാക്കുകയാണോ? ഒരിക്കലുമില്ല, നാം ന്യായപ്രമാണത്തെ സ്ഥിരീകരിക്കുകയാണു ചെയ്യുന്നത്.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.