‏ Romans 15

1എന്നാൽ, വിശ്വാസത്തിൽ ശക്തരായ നാം വിശ്വാസത്തിൽ ബലഹീനരുടെ പരാജയങ്ങളെ സഹിക്കുകയും നമ്മുടെ ആനന്ദംമാത്രം ലക്ഷ്യമാക്കാതിരിക്കുകയും വേണം. 2നാം ഓരോരുത്തരും മറ്റുള്ളവരുടെ നന്മ ലക്ഷ്യമാക്കി, അവരുടെ ആത്മികോന്നതിക്കായി അവരെ പ്രോത്സാഹിപ്പിക്കണം. 3കാരണം, ക്രിസ്തുവും സ്വന്തം ആനന്ദമല്ല ലക്ഷ്യമാക്കിയത്: “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണു” a എന്നാണല്ലോ തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 4ഇപ്രകാരം, മുമ്പേ രേഖപ്പെടുത്തപ്പെട്ട തിരുവെഴുത്തുകൾ എല്ലാം നമുക്ക് അഭ്യസനം ലഭിച്ചിട്ട് തിരുവെഴുത്ത് ഉപദേശിക്കുന്ന സഹനത്തിലൂടെയും ആശ്വാസത്തിലൂടെയും നമുക്ക് പ്രത്യാശ ലഭിക്കേണ്ടതിനാണ്.

5സഹനവും ആശ്വാസവും നൽകുന്ന ദൈവം ക്രിസ്തുയേശുവിന്റെ അനുയായികൾക്ക് ഉചിതമാകുംവിധം പരസ്പരം സ്വരച്ചേർച്ചയിൽ ജീവിക്കാൻ നിങ്ങളെ സഹായിക്കട്ടെ. 6ഇങ്ങനെ നിങ്ങൾ എല്ലാവരും ഒരുമിച്ച് ഏകസ്വരത്തോടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ പുകഴ്ത്തുന്നവരാകട്ടെ.

7അതുകൊണ്ട്, ദൈവത്തിന്റെ പുകഴ്ചയ്കായി ക്രിസ്തു നിങ്ങളെ അംഗീകരിച്ചതുപോലെ നിങ്ങളും പരസ്പരം അംഗീകരിക്കണം. 8ഞാൻ പറയട്ടെ, പിതാക്കന്മാരോട് ചെയ്ത വാഗ്ദാനം നിവർത്തിക്കുന്ന കാര്യത്തിൽ ദൈവം സത്യസന്ധൻ എന്നു തെളിയിക്കാനാണ് യെഹൂദന്മാരുടെ
മൂ.ഭാ. പരിച്ഛേദനമേറ്റവരുടെ
മധ്യേതന്നെ ശുശ്രൂഷചെയ്യാൻ ക്രിസ്തു വന്നത്.
9മാത്രമല്ല, ക്രിസ്തു വന്നതിലൂടെ ദൈവം യെഹൂദേതരരോട് കരുണ കാണിച്ചതു നിമിത്തം,

“അവരും ദൈവത്തെ പുകഴ്ത്തും.
അതുകൊണ്ട് യെഹൂദേതരരുടെ മധ്യേ ഞാൻ നിന്നെ പുകഴ്ത്തും;
ഞാൻ നിന്റെ നാമത്തിനു സ്തുതിപാടും”
എന്നു രേഖപ്പെടുത്തിയിരിക്കുന്നു.

10“യെഹൂദേതരരേ, അവന്റെ ജനത്തോടുചേർന്ന് ആനന്ദിക്കുക,” d
എന്നും എഴുതിയിരിക്കുന്നു.

11“യെഹൂദേതരർ എല്ലാവരുമേ കർത്താവിനെ വാഴ്ത്തുക,
ഭൂമിയിലെ സകലജനതകളുമേ അവിടത്തെ പുകഴ്ത്തുക,” e
എന്നും പറയുന്നു.
12യെശയ്യാവ് പിന്നെയും പറയുന്നത്:

“യിശ്ശായിയുടെ വേര്
അതായത്, ദാവീദുവംശജൻ
രാജാധികാരത്തിൽ വരും.
അദ്ദേഹം എല്ലാ രാഷ്ട്രങ്ങളെയും ഭരിക്കും,
യെഹൂദേതരർ എല്ലാവരും അദ്ദേഹത്തിൽ പ്രത്യാശവെക്കും.”
യെശ. 11:10 കാണുക.

13പ്രത്യാശയുടെ ഉറവിടമായ ദൈവത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതിനാൽ അവിടന്ന് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങളെ ആനന്ദത്തിലും സമാധാനത്തിലും സമൃദ്ധിയുള്ളവരാക്കി നിങ്ങളിൽ പ്രത്യാശ വഴിഞ്ഞൊഴുകുമാറാക്കട്ടെ.

യെഹൂദേതരരുടെ ശുശ്രൂഷകനായ പൗലോസ്

14എന്റെ സഹോദരങ്ങളേ, നിങ്ങൾ നന്മ നിറഞ്ഞവരാണെന്നും, പരസ്പരം പ്രബോധിപ്പിക്കുന്നതിന് ജ്ഞാനവും നൈപുണ്യവും ഉള്ളവരാണെന്നും എനിക്കു നിശ്ചയമുണ്ട്. 15എന്നാൽ, നിങ്ങളെ ഓർമപ്പെടുത്തുന്നത് ആവശ്യമായതുകൊണ്ടാണ് ഞാൻ ചില വിഷയങ്ങളെക്കുറിച്ച് ധൈര്യപൂർവം നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. അതിനു കാരണം, 16യെഹൂദേതരരുടെ മധ്യേ സുവിശേഷം അറിയിക്കുന്നതിനായി ദൈവം എനിക്കരുളിയ കൃപയാൽ ഞാൻ ക്രിസ്തുയേശുവിന്റെ പൗരോഹിത്യശുശ്രൂഷ ചെയ്യുന്നവനായിരിക്കുന്നു എന്നതാണ്. പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെട്ട് ദൈവത്തിനു സ്വീകാര്യയാഗമായി നിങ്ങൾ തീരേണ്ടതിന് ഞാൻ സുവിശേഷം യെഹൂദേതരരായ നിങ്ങളോട് അറിയിക്കുന്നു.

17അതുകൊണ്ട്, ഞാൻ നിർവഹിക്കുന്ന ദൈവികശുശ്രൂഷയെക്കുറിച്ച് ക്രിസ്തുയേശുവിൽ അഭിമാനിക്കുന്നു. 18എങ്കിലും, യെഹൂദേതരർ ദൈവത്തെ അനുസരിക്കാൻ ക്രിസ്തു എന്നെ ഒരു ഇടനിലക്കാരനായി ഉപയോഗിച്ചതിനെക്കുറിച്ചുമാത്രമേ ഞാൻ പ്രശംസിക്കാൻ തുനിയുകയുള്ളൂ. ഇത് വചനത്താലും പ്രവൃത്തിയാലും, 19ശക്തിയാലും ചിഹ്നങ്ങളാലും അത്ഭുതങ്ങളാലും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയാലും അവിടന്ന് എന്നിലൂടെ പ്രവർത്തിച്ചു. അങ്ങനെ ജെറുശലേംമുതൽ ഇല്ലൂര്യവരെ ചുറ്റിസഞ്ചരിച്ച് ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷം ഞാൻ പൂർണമായി പ്രഘോഷിച്ചിരിക്കുന്നു. 20മറ്റൊരാൾ ആരംഭിച്ച പ്രവർത്തനം തുടരുന്നതിനെക്കാൾ ക്രിസ്തുവിനെക്കുറിച്ചു കേട്ടിട്ടില്ലാത്ത സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കുകയായിരുന്നു
മൂ.ഭാ. മറ്റൊരാളിന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കുക
എപ്പോഴും എന്റെ ആഗ്രഹം.

21“അവിടത്തെക്കുറിച്ച് അറിവു ലഭിച്ചിട്ടില്ലാത്തവർ കാണും;
കേട്ടിട്ടില്ലാത്തവർ മനസ്സിലാക്കും,”
യെശ. 52:15 കാണുക.

എന്നു തിരുവെഴുത്തിൽ എഴുതിയിട്ടുണ്ടല്ലോ.
22ഈ ശുശ്രൂഷകൾനിമിത്തം നിങ്ങളുടെ അടുത്തുവരുന്നതിന് എനിക്കു വളരെ തടസ്സം ഉണ്ടായി.

റോം സന്ദർശിക്കുന്നതിനു പൗലോസിന്റെ ആഗ്രഹം

23എന്നാൽ ഇപ്പോഴാകട്ടെ, മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ ശുശ്രൂഷകൾക്ക് ഇനിയും സ്ഥലം ഇല്ല; മാത്രവുമല്ല, റോമൻ നിവാസികളായ നിങ്ങളെ കാണാൻ അനേകവർഷങ്ങളായി ഞാൻ ആഗ്രഹിക്കുന്നതുമാണല്ലോ. 24അതുകൊണ്ട്, സ്പെയിനിലേക്കുള്ള യാത്രയ്ക്കിടയിൽ ആദ്യം നിങ്ങളുടെ അടുത്തുവന്ന് അൽപ്പനാൾ നിങ്ങളോടൊപ്പം ആനന്ദിക്കാമെന്നും നിങ്ങളാൽ യാത്രയയയ്ക്കപ്പെട്ട് യാത്ര തുടരാമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. 25എങ്കിലും ജെറുശലേമിലുള്ള ദൈവജനത്തിനു ശുശ്രൂഷചെയ്യാൻ ഞാൻ ഇപ്പോൾ അവിടേക്കു പോകുകയാണ്. 26കാരണം, ജെറുശലേമിലെ ദൈവജനത്തിന്റെ മധ്യേ ദരിദ്രരായവരെ സഹായിക്കുന്നതിനുവേണ്ടി അഖായയിലെയും മക്കദോന്യയിലെയും സഭകളിലുള്ളവർ സംഭാവന നൽകാൻ ആനന്ദത്തോടെ തീരുമാനിച്ചു. 27അവരുടെ സന്മനസ്സുമാത്രമല്ല, ഇങ്ങനെ ചെയ്യാനുള്ള കടപ്പാടും അവർക്കുണ്ട്. ജെറുശലേമിലെ ദൈവജനത്തിന്റെ ശുശ്രൂഷനിമിത്തം ആണല്ലോ അവർ സുവിശേഷം വിശ്വസിച്ച് ആത്മികാനുഗ്രഹങ്ങൾക്കു പങ്കുകാരായത്. അതുകൊണ്ട്, അവരുടെ ഭൗതികാനുഗ്രഹങ്ങൾ ജെറുശലേമിലെ ദൈവജനവുമായി പങ്കുവെക്കാനുള്ള കർത്തവ്യവും അവർക്കുണ്ട്. 28ഈ തുക സുരക്ഷിതമായി ഏൽപ്പിച്ച് അഖായയിലെയും മക്കദോന്യയിലെയും സഭകളുടെ ഈ സൽപ്രവൃത്തി പൂർത്തിയാക്കിയശേഷം ഞാൻ സ്പെയിനിലേക്കു പോകുകയും യാത്രയ്ക്കിടയിൽ നിങ്ങളെ കാണുകയും ചെയ്യും. 29ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ഉണ്ടാകുമെന്ന് എനിക്കറിയാം.

30സഹോദരങ്ങളേ, എനിക്ക് കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലും ആത്മാവ് നമുക്കു നൽകിയിട്ടുള്ള സ്നേഹത്താലും ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്: എനിക്കുവേണ്ടി, ദൈവത്തോട് ഹൃദയം നുറുങ്ങിയുള്ള പ്രാർഥനയിൽ എന്നോടു സഹകരിക്കണം. 31യെഹൂദ്യയിലെ അവിശ്വാസികളിൽനിന്ന് ഞാൻ സുരക്ഷിതനായിരിക്കേണ്ടതിനും ജെറുശലേമിലേക്കു കൊണ്ടുപോകുന്ന എന്റെ സഹായധനം അവിടെയുള്ള വിശ്വാസികൾക്കു സ്വീകാര്യമാകേണ്ടതിനും വേണ്ടിയാണ് നിങ്ങൾ പ്രാർഥിക്കേണ്ടത്. 32അങ്ങനെ, ദൈവഹിതമായാൽ ആനന്ദത്തോടുകൂടെ നിങ്ങളുടെ അടുത്തുവന്നു നിങ്ങളുടെ സാമീപ്യത്താൽ നവോന്മേഷം ലഭിക്കാൻ സാധിക്കും. 33സമാധാനത്തിന്റെ ഉറവിടമായ ദൈവം നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

Copyright information for MalMCV