Revelation of John 9
1അഞ്ചാമത്തെദൂതൻ കാഹളം ഊതി. അപ്പോൾ ആകാശത്തുനിന്ന് ഒരു നക്ഷത്രം ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു. അതിന് അഗാധഗർത്തത്തിന്റെ തുരങ്കത്തിന്റെ താക്കോൽ ലഭിച്ചു. 2ആ നക്ഷത്രം അഗാധഗർത്തിന്റെ തുരങ്കം തുറന്നപ്പോൾ വലിയ തീച്ചൂളയിലെ പുകപോലെ അതിൽനിന്ന് പുക പൊങ്ങി. ആ പുകയിൽ സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി. 3പുകയിൽനിന്ന് വെട്ടുക്കിളികൾ പുറപ്പെട്ടു ഭൂമിയിലേക്കിറങ്ങിവന്നു. അവയ്ക്കു ഭൂമിയിലെ തേളുകൾക്കുള്ള ശക്തി ലഭിച്ചു. 4നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കൊഴികെ മറ്റാർക്കുമോ ഭൂമിയിലെ പുല്ലിനോ സസ്യത്തിനോ വൃക്ഷത്തിനോ കേടുവരുത്തരുത് എന്ന് അവയ്ക്കു കൽപ്പന ലഭിച്ചു. 5അവരെ അഞ്ചുമാസത്തേക്ക് ഉപദ്രവിക്കാനല്ലാതെ, കൊല്ലാനുള്ള അധികാരം അവയ്ക്കു നൽകപ്പെട്ടിരുന്നില്ല. അവയിൽനിന്ന് മനുഷ്യർക്കുണ്ടാകുന്ന വേദന തേൾ ഇറുക്കുന്നതുപോലെ ആയിരുന്നു. 6ആ ദിവസങ്ങളിൽ മനുഷ്യർ മരണം അന്വേഷിക്കും; എന്നാൽ കണ്ടെത്തുകയില്ല; അവർ മരിക്കാൻ ആഗ്രഹിക്കും; എന്നാൽ മരണം അവരെ വിട്ട് ഓടിപ്പോകും.7ആ വെട്ടുക്കിളികളുടെ രൂപം യുദ്ധത്തിനണിയിച്ചൊരുക്കിയ കുതിരകളുടേതിനു തുല്യം. അവയുടെ തലകളിൽ സ്വർണക്കിരീടംപോലെ എന്തോ ഒന്ന് അണിഞ്ഞിരുന്നു; അവയുടെ മുഖം മനുഷ്യരുടെ മുഖങ്ങൾപോലെയും ആയിരുന്നു. 8അവയ്ക്ക് സ്ത്രീകളുടെ മുടിപോലെ മുടിയും സിംഹങ്ങളുടേതുപോലെ പല്ലുകളും ഉണ്ടായിരുന്നു. 9ഇരുമ്പു കവചങ്ങൾക്കു തുല്യമായ കവചങ്ങൾ അവയ്ക്കുണ്ടായിരുന്നു. അവയുടെ ചിറകുകളുടെ ഇരമ്പൽ യുദ്ധത്തിനായി പായുന്ന അനേകം കുതിരകളുടെയും രഥങ്ങളുടെയും മുഴക്കത്തിനു തുല്യമായിരുന്നു. 10അവയ്ക്കു തേളുകളുടേതുപോലെ വാലും വിഷമുള്ളുകളും ഉണ്ട്. മനുഷ്യരെ അഞ്ചുമാസത്തേക്കു ദണ്ഡിപ്പിക്കാനുള്ള ശക്തി അവയുടെ വാലിൽ ഉണ്ട്. 11അഗാധഗർത്തത്തിന്റെ ദൂതനാണ് അവയുടെ രാജാവ്. അവന്റെ പേര് എബ്രായഭാഷയിൽ അബദ്ദോൻ എന്നും ഗ്രീക്കുഭാഷയിൽ അപ്പൊല്യോൻ ▼
▼അബദ്ദോൻ, അപ്പല്യോൻ എന്നിവക്ക് നശിപ്പിക്കുന്നവൻ എന്നർഥം.
എന്നുമാണ്. 12ഒന്നാമത്തെ ഭീകരാനുഭവം കഴിഞ്ഞു; ഇതാ, ഇനിയും രണ്ട് ഭീകരാനുഭവങ്ങൾകൂടി വരുന്നു.
13ആറാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ ദൈവസന്നിധിയിലുള്ള തങ്കയാഗപീഠത്തിന്റെ നാലു കൊമ്പുകളിൽനിന്നും ഒരു ശബ്ദം വരുന്നതു ഞാൻ കേട്ടു. 14കാഹളം വഹിച്ചിരുന്ന ആറാമത്തെ ദൂതനോട് ആ ശബ്ദം, “യൂഫ്രട്ടീസ് മഹാനദിയുടെ തീരത്തു ബന്ധിതരായിട്ടുള്ള നാലു ദൂതന്മാരെയും അഴിച്ചുവിടുക” എന്നു പറഞ്ഞു. 15ഈ വർഷം, ഈമാസം, ഈ ദിവസം, ഈ മണിക്കൂറിൽ മനുഷ്യരിൽ മൂന്നിലൊന്നു ഭാഗത്തെ കൊന്നുകളയുന്നതിനുവേണ്ടി തയ്യാറാക്കി നിർത്തിയിരുന്ന നാലു ദൂതന്മാരെയും അപ്പോൾ അഴിച്ചുവിട്ടു. 16അശ്വാരൂഢരായ സൈനികരുടെ എണ്ണം ഇരുപതുകോടിയാണ് എന്നു പറയുന്നതു ഞാൻ കേട്ടു.
17തുടർന്ന്, കുതിരകളെയും അതിന്മേൽ ഇരിക്കുന്നവരെയും ഞാൻ ദർശനത്തിൽ കണ്ടു. കുതിരപ്പുറത്തിരിക്കുന്നവരുടെ കവചങ്ങൾ തീയുടെനിറവും കടുംനീലയും ഗന്ധകവർണവുമായിരുന്നു. കുതിരകളുടെ തല സിംഹങ്ങളുടേതുപോലെ ആയിരുന്നു. അവയുടെ വായിൽനിന്ന് തീയും പുകയും ഗന്ധകവും വമിച്ചുകൊണ്ടിരുന്നു. 18അങ്ങനെ ബഹിർഗമിച്ചുകൊണ്ടിരുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധകളാൽ മനുഷ്യരിൽ മൂന്നിലൊന്നു കൊല്ലപ്പെട്ടു. 19കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലും ആയിരുന്നു; സർപ്പത്തെപ്പോലെ തലയുള്ള വാൽ ഉപയോഗിച്ചാണ് അവ മുറിവേൽപ്പിച്ചിരുന്നത്.
20ഈ ബാധകളാൽ കൊല്ലപ്പെടാതെ അവശേഷിച്ച മനുഷ്യർ എന്നിട്ടും തങ്ങളുടെ ദുഷ്‌പ്രവൃത്തികളിൽനിന്ന് മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിഞ്ഞില്ല. അവർ സ്വർണം, വെള്ളി, വെങ്കലം, കല്ല്, തടി എന്നിവകൊണ്ടു നിർമിച്ചതും കാണാനും കേൾക്കാനും നടക്കാനും കഴിവില്ലാത്തതുമായ വിഗ്രഹങ്ങളെയും ഭൂതങ്ങളെയും ഭജിക്കുന്നത് അവസാനിപ്പിച്ചില്ല. 21തങ്ങൾചെയ്ത കൊലപാതകം, മന്ത്രവാദം, അസാന്മാർഗികത, മോഷണം എന്നിവയെപ്പറ്റി അവർ അനുതപിച്ചതുമില്ല.
Copyright information for
MalMCV