Revelation of John 5
പുസ്തകച്ചുരുളും കുഞ്ഞാടും
1ഞാൻ സിംഹാസനസ്ഥന്റെ വലതുകൈയിൽ, അകത്തും പുറത്തും എഴുത്തുള്ളതും ഏഴു മുദ്രപതിച്ചതുമായ ഒരു പുസ്തകച്ചുരുൾ കണ്ടു. 2“പുസ്തകച്ചുരുൾ തുറക്കാനും മുദ്രകൾ പൊട്ടിക്കാനും ആരാണു യോഗ്യൻ?” എന്ന് ഉച്ചത്തിൽ വിളിച്ചുചോദിക്കുന്ന ശക്തനായൊരു ദൂതനെയും ഞാൻ കണ്ടു. 3എന്നാൽ പുസ്തകച്ചുരുൾ തുറക്കാനോ അതു വായിക്കാനോ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും ഒരാൾക്കും കഴിയുമായിരുന്നില്ല. 4ചുരുൾ തുറക്കാനോ അതു വായിക്കാനോ യോഗ്യനായി ആരെയും കാണാതിരുന്നതുകൊണ്ട് ഞാൻ വളരെ കരഞ്ഞു. 5അപ്പോൾ മുഖ്യന്മാരിൽ ഒരാൾ എന്നോട്; “കരയേണ്ട, യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ സിംഹാസനാവകാശിയും ▼▼മൂ.ഭാ. വേര്
ആയവൻ ഇതാ വിജയിയായിരിക്കുന്നു. പുസ്തകവും ചുരുളും അതിന്റെ ഏഴു മുദ്രയും തുറക്കാൻ അവിടന്നു യോഗ്യൻ” എന്നു പറഞ്ഞു. 6സിംഹാസനത്തിനും നാലു ജീവികൾക്കും മുഖ്യന്മാർക്കും മധ്യത്തിൽ ഒരു കുഞ്ഞാട് അറക്കപ്പെട്ടതുപോലെ നിൽക്കുന്നതു ഞാൻ കണ്ടു. ആ കുഞ്ഞാടിന്, ഭൂമിയിലെല്ലായിടത്തേക്കും അയയ്ക്കപ്പെട്ട ദൈവാത്മാക്കളായ ഏഴു കൊമ്പും ഏഴു കണ്ണും ഉണ്ടായിരുന്നു. 7കുഞ്ഞാട് വന്ന് സിംഹാസനസ്ഥന്റെ വലതുകൈയിൽനിന്ന് ചുരുൾ വാങ്ങി. 8വാങ്ങിയപ്പോൾ നാലു ജീവികളും ഇരുപത്തിനാലു മുഖ്യന്മാരും കുഞ്ഞാടിന്റെ മുമ്പാകെ വീണുപ്രണമിച്ചു. ഓരോരുത്തരും ഓരോ വീണയും അവർ വിശുദ്ധരുടെ പ്രാർഥനകൾ എന്ന ധൂപവർഗം നിറച്ച തങ്കക്കലശങ്ങളും പിടിച്ചിരുന്നു. 9അവർ പുതിയൊരു കീർത്തനം ആലപിച്ചു:
“അങ്ങ് (യാഗമൃഗമെന്നപോലെ) അറക്കപ്പെടുകയും
അവിടത്തെ രക്തത്താൽ
സകലഗോത്രങ്ങളിലും ഭാഷകളിലും ജനവിഭാഗങ്ങളിലും രാജ്യങ്ങളിലുംനിന്നുള്ളവരെ
ദൈവത്തിനായി വിലയ്ക്കു വാങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു.
10ഭൂമിയിൽ വാഴേണ്ടതിനായി അവരെ നമ്മുടെ ദൈവത്തിനു രാജ്യവും പുരോഹിതരും ആക്കിയിരിക്കുന്നു.
ആകയാൽ ചുരുൾ വാങ്ങാനും മുദ്രകൾ തുറക്കാനും അങ്ങ് യോഗ്യൻതന്നെ.”
11ഞാൻ ദർശനത്തിൽ, സിംഹാസനത്തിനും ജീവികൾക്കും മുഖ്യന്മാർക്കു ചുറ്റിലുമായി അസംഖ്യം ദൂതന്മാരുടെ ശബ്ദം കേട്ടു. അവരുടെ എണ്ണം ആയിരം ആയിരവും പതിനായിരം പതിനായിരവും ആയിരുന്നു. 12അവർ അത്യുച്ചശബ്ദത്തിൽ:
“അറക്കപ്പെട്ട കുഞ്ഞാട്,
ശക്തിയും ധനവും ജ്ഞാനവും ബലവും
ബഹുമാനവും മഹത്ത്വവും സ്തുതിയും സ്വീകരിക്കാൻ യോഗ്യൻ!”
എന്നു പറയുന്നു.
13അപ്പോൾ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും സമുദ്രത്തിലുമുള്ള സകലജീവികളും,
“സിംഹാസനസ്ഥനും കുഞ്ഞാടിനും
സ്തുതിയും ബഹുമാനവും മഹത്ത്വവും ആധിപത്യവും,
എന്നും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ!” എന്നു പറയുന്നതു ഞാൻ കേട്ടു. 14നാലു ജീവികളും ആമേൻ എന്നു പറഞ്ഞു; മുഖ്യന്മാർ സാഷ്ടാംഗം വീണ് ആരാധിച്ചു.
Copyright information for
MalMCV