‏ Revelation of John 18

ബാബേലിന്റെ പതനം

1ഇവയ്ക്കുശേഷം ഉന്നതാധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അവന്റെ തേജസ്സുകൊണ്ട് ഭൂമി പ്രകാശിച്ചു. 2ആ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്:

“ ‘നിലംപതിച്ചിരിക്കുന്നു!’ അതേ, ‘മഹാനഗരമായ ബാബേൽ നിലംപതിച്ചിരിക്കുന്നു!’ a
അവൾ ഭൂതാവേശിതസ്ഥലവും
സകല അശുദ്ധാത്മാക്കളുടെ നിവാസസ്ഥാനവും
അശുദ്ധമായ സകലപക്ഷികളുടെ സങ്കേതവും
അശുദ്ധവും അറപ്പുളവാക്കുന്നതുമായ സകലമൃഗങ്ങളുടെയും ഒളിത്താവളവുമായിത്തീർന്നിരിക്കുന്നു.
3അവളുടെ അസാന്മാർഗികതയുടെ അത്യാസക്തിയാകുന്ന മദ്യംകുടിച്ചു
ജനതകളെല്ലാം ഉൻമത്തരായിരിക്കുന്നു.
ഭൂമിയിലെ രാജാക്കന്മാർ അവളുമായി വ്യഭിചാരംചെയ്തു;
ഭൂമിയിലെ വ്യാപാരികൾ അവളുടെ സുഖലോലുപതയുടെ വൈഭവത്താൽ സമ്പന്നരായിത്തീർന്നു.”

ബാബേലിന്മേൽ വരുന്ന ന്യായവിധിയിൽനിന്ന് ഒഴിഞ്ഞുപോകുക

4സ്വർഗത്തിൽനിന്ന് അരുളിച്ചെയ്ത മറ്റൊരു ശബ്ദം ഞാൻ കേട്ടത്:

“ ‘എന്റെ ജനമേ, അവളെ വിട്ടു പുറത്തുവരിക,’ b
അവളുടെ പാപങ്ങളിൽ പങ്കാളികളായി
അവളുടെ ബാധകൾ ഒന്നും നിങ്ങളെ ഏശാതിരിക്കേണ്ടതിന് അവളെ വിട്ടുവരിക.
5അവളുടെ പാപങ്ങൾ കുമിഞ്ഞുകൂടി ആകാശംവരെ എത്തിയിരിക്കുന്നു.
അവളുടെ ഹീനകൃത്യങ്ങൾ ദൈവം ഓർത്തുമിരിക്കുന്നു.
6അവൾക്കു മടക്കിക്കൊടുക്കുക; അവൾ ചെയ്തതനുസരിച്ചുതന്നെ.
അവളുടെ പ്രവൃത്തികൾക്കനുസരിച്ച് അവൾക്ക് ഇരട്ടിയായി തിരികെക്കൊടുക്കുക.
അവൾ കലക്കിയ പാനപാത്രത്തിൽ ഇരട്ടിയായിത്തന്നെ അവൾക്കു കലക്കിക്കൊടുക്കുക.
7അവൾക്കു ദണ്ഡനവും ദുഃഖവും നൽകുക;
അവൾ സ്വയം പ്രശംസിക്കുകയും സുഖലോലുപതയിൽ തിമിർക്കുകയുംചെയ്തതിന്റെ അതേ അളവിൽത്തന്നെ.
‘ഞാൻ രാജ്ഞിപദത്തിലിരിക്കുന്നു.
ഞാനൊരു വിധവയല്ല;
ഞാൻ ഒരിക്കലും ദുഃഖിക്കുകയുമില്ല,’
എന്ന് അവൾ ഹൃദയത്തിൽ അഹങ്കരിച്ചല്ലോ.
8അതുകൊണ്ട്, ഒരൊറ്റ ദിവസംകൊണ്ടുതന്നെ
മരണം, വിലാപം, ക്ഷാമം എന്നീ അത്യാപത്തുകൾ അവളുടെമേൽ വരും;
ന്യായംവിധിക്കുന്ന ദൈവമായ കർത്താവ് ശക്തനാകുകയാൽ
അവളെ തീയിൽ ദഹിപ്പിച്ചുകളയും.

ബാബേലിന്റെ പതനത്തിലുള്ള വിലാപം

9“അവളുമായി വ്യഭിചാരകർമത്തിലേർപ്പെടുകയും സുഖലോലുപതയിൽ തിമിർക്കുകയുംചെയ്ത ഭൂമിയിലെ രാജാക്കന്മാർ അവൾ കത്തിയമരുന്നതിന്റെ പുക കണ്ട് അവളെക്കുറിച്ച് കരയുകയും മുറവിളിക്കുകയും ചെയ്യും. 10അവളുടെ ദണ്ഡനത്തിന്റെ ഭയാനകതകണ്ട് അവർ ദൂരെ നിന്നുകൊണ്ട്:

“ ‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമായ, ബാബേലേ!
ശക്തിയുള്ള നഗരമേ!
ഒറ്റ മണിക്കൂറിനുള്ളിൽത്തന്നെ നിന്റെ ന്യായവിധി വന്നല്ലോ!’
എന്നു പറയും.

11“സ്വർണം, വെള്ളി, അമൂല്യരത്നങ്ങൾ, മുത്തുകൾ; മൃദുലവസ്ത്രങ്ങൾ, ഊതവസ്ത്രം, പട്ട്, രക്താംബരം; സുഗന്ധത്തടികൾ, ദന്തനിർമിതവസ്തുക്കൾ, വിലകൂടിയ മരം; വെങ്കലം, ഇരുമ്പ്, മാർബിൾ എന്നിവകൊണ്ടുള്ള വസ്തുക്കളും; 12കറുവപ്പട്ട, ഏലം, മീറ,
അതായത്, നറുമ്പശ
കുന്തിരിക്കം, മറ്റു സുഗന്ധദ്രവ്യങ്ങളും വീഞ്ഞും ഒലിവെണ്ണയും നേരിയമാവും ഗോതമ്പും ആടുകളും കന്നുകാലികളും കുതിരകളും രഥങ്ങളും മനുഷ്യശരീരങ്ങളും ജീവനും തുടങ്ങി തങ്ങൾക്കുള്ള കച്ചവടസാധനങ്ങളൊന്നും ആരും വാങ്ങാതിരിക്കുകയാൽ
13ഭൂമിയിലെ വ്യാപാരികൾ അവളെക്കുറിച്ചു കരഞ്ഞു മുറവിളികൂട്ടും.

14“നീ അതിയായി മോഹിച്ച ഫലം നിന്നെവിട്ടു പോയിരിക്കുന്നു. നിന്റെ സകല ആഡംബരവസ്തുക്കളും നിന്നിൽനിന്ന് പൊയ്പ്പോയിരിക്കുന്നു. അവയുടെ മനോഹാരിത ഇനിയൊരിക്കലും തിരികെ കിട്ടാത്തവിധം നിന്നിൽനിന്ന് നഷ്ടമായിരിക്കുന്നു. 15ഈ വസ്തുക്കൾകൊണ്ടു വ്യാപാരംചെയ്ത് അവൾമൂലം സമ്പന്നരായവർ അവളുടെ ദണ്ഡനത്തിന്റെ ഭീകരത നിമിത്തം ദൂരത്തുനിന്നുകൊണ്ട്:

16“ ‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമേ,
മൃദുലവസ്ത്രവും ഊതവസ്ത്രവും രക്താംബരവും ധരിച്ച്;
സ്വർണം, വിലയേറിയ രത്നങ്ങൾ, മുത്തുകൾ എന്നിവയണിഞ്ഞ് ശോഭിച്ചിരുന്നവളേ!
17ഇത്ര ഭീമമായ സമ്പത്ത് ഒറ്റ മണിക്കൂറിൽ നശിച്ചുപോയല്ലോ!’
എന്നു പറഞ്ഞ് അതിദുഃഖത്തോടെ വിലപിക്കും.

“എല്ലാ കപ്പലുകളിലെയും സകലയാത്രികരും നാവികരും കപ്പിത്താന്മാരും സമുദ്രത്തിൽ തൊഴിലെടുക്കുന്ന സകലരും ദൂരത്തുനിന്ന്
18അവൾ കത്തിയമരുന്നതിന്റെ പുക കണ്ട്, ‘ഈ മഹാനഗരംപോലൊരു നഗരം വേറെ ഏതുണ്ടായിരുന്നിട്ടുള്ളൂ?’ എന്നു പറഞ്ഞു വിലപിക്കും. 19അവർ തങ്ങളുടെ തലയിൽ പൂഴി വാരിയിട്ട് ദുഃഖിച്ചുകൊണ്ട് ഇങ്ങനെ വിലപിക്കും:

“ ‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമേ,
കപ്പലുടമകളെയെല്ലാം
നിന്റെ ഐശ്വര്യംകൊണ്ടു സമ്പന്നയാക്കിയവളേ,
നീ ഒറ്റ മണിക്കൂറിൽ ഭസ്മീകൃതമായല്ലോ!’

20“ദൂതൻ തുടർന്നു പറഞ്ഞത്:

“ ‘അല്ലയോ, സ്വർഗമേ,
വിശുദ്ധരേ,
അപ്പൊസ്തലന്മാരേ, പ്രവാചകന്മാരേ, അവളെച്ചൊല്ലി ആനന്ദിക്കുക!’
ദൈവം നിങ്ങൾക്കുവേണ്ടി അവളെ ന്യായംവിധിച്ചിരിക്കുന്നു
അവൾ നിങ്ങളെ ശിക്ഷിച്ച ശിക്ഷയാൽത്തന്നെ ദൈവം അവളെ ന്യായംവിധിച്ചിരിക്കുന്നു.”

ബാബേലിന്റെ പതനം

21ശക്തനായൊരു ദൂതൻ തിരികല്ലുപോലെയുള്ള ഒരു വലിയ കല്ലെടുത്തു സമുദ്രത്തിലേക്കെറിഞ്ഞുകൊണ്ടു പറഞ്ഞത്:

“മഹാനഗരമായ ബാബേൽ
ഇങ്ങനെ അതിശക്തിയോടെ വലിച്ചെറിയപ്പെടും,
പിന്നീടൊരിക്കലും അതിനെ കണ്ടെത്തുകയുമില്ല.
22വൈണികന്മാർ, സംഗീതജ്ഞർ, ഓടക്കുഴൽ വാദനക്കാർ, കാഹളം മുഴക്കുന്നവർ എന്നിവരുടെ സംഗീതം
ഇനിയൊരിക്കലും നിന്നിൽനിന്നു കേൾക്കുകയില്ല.
ഒരുതരത്തിലുമുള്ള കരകൗശലവിദഗ്ധരെയും
ഇനി നിന്നിൽ കാണുകയില്ല.
ഇനിയൊരിക്കലും തിരികല്ലിന്റെ ശബ്ദം
നിന്നിൽനിന്ന് ഉയരുകയുമില്ല.
23ഒരു ദീപവും
ഇനി നിന്നിൽ ജ്വലിക്കുകയില്ല.
വധൂവരന്മാരുടെ ഉല്ലാസഘോഷം
ഇനി നിന്നിൽ കേൾക്കുകയില്ല.
നിന്റെ വ്യാപാരികൾ ഭൂമിയിലെ പ്രധാനികളായിരുന്നു.
ആഭിചാരത്താൽ നീ സകലജനതയെയും വഞ്ചിച്ചിരുന്നു.
24ഭൂമിയിൽ സംഹരിക്കപ്പെട്ട എല്ലാ പ്രവാചകരുടെയും
വിശുദ്ധരുടെയും രക്തം നിന്നിലല്ലോ കാണപ്പെട്ടത്.”
Copyright information for MalMCV