Revelation of John 13
സമുദ്രത്തിൽനിന്ന് കയറിവന്ന മൃഗം
1അപ്പോൾ സമുദ്രത്തിൽനിന്ന് ഒരു മൃഗം കയറിവരുന്നതു ഞാൻ കണ്ടു. അതിന് പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു കിരീടവും ഓരോ തലയിലും ദൈവത്തെ നിന്ദിക്കുന്ന നാമങ്ങളും എഴുതപ്പെട്ടിരുന്നു. 2ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ പാദങ്ങൾ കരടിയുടേതുപോലെയും വായ് സിംഹത്തിന്റേതുപോലെയും ആയിരുന്നു. മഹാവ്യാളി തന്റെ ശക്തിയും സിംഹാസനവും വിപുലമായ അധികാരവും മൃഗത്തിനു കൈമാറി. 3മൃഗത്തിന്റെ ഒരു തലയിൽ മാരകമായൊരു മുറിവേറ്റിട്ടുണ്ടായിരുന്നതായി കണ്ടു; എന്നാൽ ഇപ്പോൾ അത് ഉണങ്ങിയിരുന്നു. സർവഭൂമിയും അത്ഭുതപ്പെട്ട് മൃഗത്തിന്റെ അനുയായികളായിത്തീർന്നു. 4മൃഗത്തിന് അധികാരം നൽകിയതു നിമിത്തം മനുഷ്യർ മഹാവ്യാളിയെ ആരാധിച്ചു. “മൃഗത്തിനു തുല്യൻ ആര്? അവനോടു യുദ്ധംചെയ്യാൻ ആർക്കു കഴിയും?” എന്നു പറഞ്ഞ് അവർ മൃഗത്തെ നമസ്കരിച്ചു.5അഹന്തനിറഞ്ഞ വാക്കുകളും ദൈവദൂഷണവും സംസാരിക്കുന്ന വായും നാൽപ്പത്തിരണ്ട് മാസം സ്വേച്ഛാധിപതിയായി ഭരണം നടത്താനുള്ള അധികാരവും അതിനു ലഭിച്ചു. 6ദൈവത്തിനെതിരേ ദൂഷണം പറയാനും അവിടത്തെ നാമത്തെയും തിരുനിവാസത്തെയും സ്വർഗവാസികളെയും നിന്ദിക്കാനും അതു വായ് തുറന്നു. 7വിശുദ്ധരോടു യുദ്ധംചെയ്ത് അവരെ കീഴടക്കുന്നതിനുള്ള അധികാരം അവനു ലഭിച്ചു. സകലഗോത്രങ്ങളുടെയും ജനവിഭാഗങ്ങളുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയും മേലുള്ള അധികാരവും അവനു നൽകപ്പെട്ടു. 8ലോകസ്ഥാപനംമുതൽ, യാഗമാക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ, പേരെഴുതപ്പെട്ടിട്ടില്ലാത്ത സകലഭൂവാസികളും അതിനെ ആരാധിക്കും.
9ചെവിയുള്ളവർ കേൾക്കട്ടെ.
10“ബന്ധനത്തിനായി വിധിക്കപ്പെട്ടവർ
ബന്ധനത്തിലേക്കു പോകുന്നു.
വധിക്കപ്പെടാൻ വിധിക്കപ്പെട്ടവർ
വാളിനാൽ വധിക്കപ്പെടുന്നു.” a
ദൈവജനത്തിന് സഹിഷ്ണുതയും വിശ്വസ്തതയും ഇവിടെ അത്യാവശ്യമായിരിക്കുന്നു.
ഭൂമിയിൽനിന്നുള്ള മൃഗം
11ഭൂമിയിൽനിന്ന് മറ്റൊരു മൃഗം വരുന്നതു ഞാൻ കണ്ടു. കുഞ്ഞാടിനുള്ളതുപോലെ അതിനു രണ്ട് കൊമ്പുണ്ടായിരുന്നു. മഹാവ്യാളിയെപ്പോലെ അത് സംസാരിച്ചു; 12അത് ഒന്നാംമൃഗത്തിനുവേണ്ടി തന്റെ എല്ലാ അധികാരവും പ്രയോഗിക്കുകയും, മാരകമായ മുറിവുണങ്ങിപ്പോയ ആ ഒന്നാംമൃഗത്തെ ആരാധിക്കാനായി സർവഭൂവാസികളെയും നിർബന്ധിക്കുകയും ചെയ്തു. 13മനുഷ്യരെല്ലാവരുടെയും കാഴ്ചയിൽ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറക്കുക എന്നിങ്ങനെയുള്ള മഹാത്ഭുതങ്ങൾ അതു പ്രവർത്തിച്ചു. 14മൃഗത്തിന്റെ മുമ്പിൽ ചെയ്യാൻ തനിക്ക് അനുവാദം ലഭിച്ചിരുന്ന അത്ഭുതചിഹ്നങ്ങൾകൊണ്ട് അത് ഭൂവാസികളെ വഴിതെറ്റിക്കുകയും വാളാൽ മാരകമായ മുറിവേറ്റിട്ടും ജീവനോടിരുന്ന മൃഗത്തിന്റെ പ്രതിമ നിർമിക്കാൻ അവരോടു കൽപ്പിക്കുകയും ചെയ്തു. 15മൃഗത്തിന്റെ പ്രതിമയ്ക് സംസാരശേഷിലഭിക്കുന്നതിന് അതിന് ആത്മാവിനെ നൽകാനും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെയെല്ലാം കൊല്ലിക്കാനും രണ്ടാംമൃഗത്തിന് അധികാരം ലഭിച്ചു. 16ചെറിയവരും വലിയവരും, ധനികരും ദരിദ്രരും, സ്വതന്ത്രരും അടിമകളുമായ സകലരും വലതുകൈയിലോ നെറ്റിയിലോ അടയാളം പതിക്കണമെന്ന് അതു നിർബന്ധിച്ചു. 17മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ ആയ മുദ്രയേൽക്കാത്ത ആർക്കും യാതൊന്നും ക്രയവിക്രയം ചെയ്യാൻ സാധ്യമല്ലാതാക്കിത്തീർത്തു.18ജ്ഞാനമാണ് ഇവിടെ അത്യാവശ്യമായിരിക്കുന്നത്. വിവേകമുള്ളയാൾ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ; അത് ഒരു മനുഷ്യന്റെ സംഖ്യയാണ്; അവന്റെ സംഖ്യ 666.
Copyright information for
MalMCV