‏ Psalms 99

1യഹോവ വാഴുന്നു,
രാഷ്ട്രങ്ങൾ വിറയ്ക്കട്ടെ;
അവിടന്ന് കെരൂബുകളിൻമീതേ സിംഹാസനസ്ഥനായിരിക്കുന്നു
ഭൂമി പ്രകമ്പനംകൊള്ളട്ടെ.
2യഹോവ സീയോനിൽ ഉന്നതനാകുന്നു;
അവിടന്ന് സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു.
3അവർ അവിടത്തെ മഹത്ത്വവും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ—
അവിടന്ന് പരിശുദ്ധനാകുന്നു.

4രാജാവ് ശക്തനാണ്, അവിടന്ന് നീതി ഇഷ്ടപ്പെടുന്നു—
അങ്ങ് ന്യായം സ്ഥാപിച്ചിരിക്കുന്നു;
അങ്ങ് യാക്കോബിൽ
നീതിയും ന്യായവും നടപ്പിലാക്കിയിരിക്കുന്നു.
5നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ
അവിടത്തെ പാദപീഠത്തിൽ ആരാധിച്ചിടുവിൻ;
അവിടന്ന് പരിശുദ്ധനാകുന്നു.

6അവിടത്തെ പുരോഹിതവൃന്ദത്തിൽ മോശയും അഹരോനും ഉണ്ടായിരുന്നു,
അവിടത്തെ നാമം വിളിച്ചപേക്ഷിച്ചവരിൽ ശമുവേലും;
അവർ യഹോവയെ വിളിച്ചപേക്ഷിച്ചു
അവിടന്ന് അവർക്ക് ഉത്തരമരുളി.
7മേഘസ്തംഭത്തിൽനിന്ന് അവിടന്ന് അവർക്ക് അരുളപ്പാടുകൾ നൽകി;
അവർ അവർക്കു ലഭിച്ച നിയമവ്യവസ്ഥകളും ഉത്തരവുകളും പാലിച്ചു.
8ഞങ്ങളുടെ ദൈവമായ യഹോവേ,
അവിടന്ന് അവർക്ക് ഉത്തരമരുളി;
ഇസ്രായേലിന്റെ അതിക്രമങ്ങൾക്ക് അവിടന്ന് ശിക്ഷനൽകുമെങ്കിലും
അങ്ങ് അവരോടു ക്ഷമിക്കുന്ന ദൈവംകൂടി ആണല്ലോ.
9നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ
തന്റെ വിശുദ്ധപർവതത്തിൽ അവിടത്തെ ആരാധിച്ചിടുവിൻ,
കാരണം നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനാകുന്നു.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.