‏ Psalms 98

ഒരു സങ്കീർത്തനം.

1യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക;
അവിടന്ന് അത്ഭുതകാര്യങ്ങൾ ചെയ്തിരിക്കുന്നു.
അവിടത്തെ വലതുകരവും വിശുദ്ധഭുജവും
അവിടത്തേക്ക് ജയം നേടിക്കൊടുത്തിരിക്കുന്നു.
2യഹോവ തന്റെ രക്ഷ വിളംബരംചെയ്തിരിക്കുന്നു
അവിടത്തെ നീതി ജനതകൾക്കു വെളിപ്പെടുത്തിയിരിക്കുന്നു.
3അവിടന്ന് ഇസ്രായേൽഗൃഹത്തോടുള്ള തന്റെ സ്നേഹവും
വിശ്വസ്തതയും ഓർത്തിരിക്കുന്നു;
നമ്മുടെ ദൈവത്തിന്റെ രക്ഷയെ
ഭൂമിയുടെ എല്ലാ അതിർത്തികളും ദർശിച്ചിരിക്കുന്നു.

4സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക,
ആഹ്ലാദാരവത്തോടെ അവിടത്തേയ്ക്ക് സ്തുതിപാടുക;
5കിന്നരത്തോടെ യഹോവയ്ക്ക് സ്തുതിഗീതം ആലപിക്കുക,
കിന്നരത്തോടും സംഗീതാലാപനത്തോടുംതന്നെ,
6കാഹളംകൊണ്ടും കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളംകൊണ്ടും—
രാജാവായ യഹോവയുടെമുമ്പിൽ ആനന്ദഘോഷം മുഴക്കുക.

7സമുദ്രവും അതിലുള്ള സമസ്തവും മാറ്റൊലി മുഴക്കട്ടെ,
ഭൂമിയും അതിലധിവസിക്കുന്ന സകലതുംതന്നെ.
8നദികൾ കരഘോഷം മുഴക്കട്ടെ,
മാമലകൾ ഒന്നുചേർന്ന് ആനന്ദകീർത്തനം ആലപിക്കട്ടെ;
9അവ യഹോവയുടെ സന്നിധിയിൽ ഗാനം ആലപിക്കട്ടെ;
അവിടന്നു ഭൂമിയെ ന്യായംവിധിക്കാൻ വരുന്നല്ലോ.
അവിടന്ന് ലോകത്തെ നീതിയോടും
ജനതകളെ ന്യായപൂർവമായും വിധിക്കും.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.