‏ Psalms 97

1യഹോവ വാഴുന്നു, ഭൂമി ഉല്ലസിക്കട്ടെ;
വിദൂരതീരങ്ങൾ ആഹ്ലാദിക്കട്ടെ;
2മേഘവും അന്ധതമസ്സും അവിടത്തെ വലയംചെയ്തിരിക്കുന്നു;
നീതിയും ന്യായവും അവിടത്തെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു.
3അഗ്നി അങ്ങേക്കുമുമ്പേ പുറപ്പെടുന്നു
ചുറ്റുമുള്ള തന്റെ എതിരാളികളെ ദഹിപ്പിക്കുന്നു.
4അവിടത്തെ മിന്നൽപ്പിണരുകൾ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നു;
ഭൂമി അതു കാണുകയും പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു.
5പർവതങ്ങൾ യഹോവയുടെമുമ്പിൽ മെഴുകുപോലെ ഉരുകുന്നു,
സർവഭൂമിയുടെയും കർത്താവിന്റെ മുമ്പിൽത്തന്നെ.
6ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കുകയും
ജനതകൾ അവിടത്തെ മഹത്ത്വം ദർശിക്കുകയുംചെയ്യുന്നു.

7പ്രതിമകളെ ആരാധിക്കുന്ന എല്ലാവരും ലജ്ജിതരായിത്തീരും,
വിഗ്രഹങ്ങളിൽ പ്രശംസിക്കുന്നവരും അങ്ങനെതന്നെ—
സകലദേവതകളുമേ, യഹോവയെ നമസ്കരിക്കുക!

8യഹോവേ, അവിടത്തെ ന്യായവിധികൾനിമിത്തം
സീയോൻ കേൾക്കുകയും ആനന്ദിക്കുകയും
യെഹൂദാപുത്രിമാർ ആഹ്ലാദിക്കുകയും ചെയ്യുന്നു.
9കാരണം യഹോവേ, അങ്ങാണല്ലോ സർവഭൂമിക്കുംമീതേ അത്യുന്നതൻ;
അവിടന്ന് സകലദേവന്മാരെക്കാളും അത്യന്തം ഉന്നതൻതന്നെ.
10യഹോവയെ സ്നേഹിക്കുന്നവർ തിന്മ വെറുക്കട്ടെ,
കാരണം അവിടന്ന് തന്റെ വിശ്വസ്തരുടെ പ്രാണനെ കാക്കുന്നു
അവരെ ദുഷ്ടരുടെ കൈകളിൽനിന്നു മോചിപ്പിക്കുന്നു.
11നീതിനിഷ്ഠരുടെമേൽ പ്രകാശം ഉദിക്കുന്നു;
ഹൃദയപരമാർഥികളുടെമേൽ ആനന്ദവും.
12നീതിനിഷ്ഠരേ, യഹോവയിൽ ആനന്ദിക്കുകയും
അവിടത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുകയും ചെയ്യുക.
Copyright information for MalMCV