‏ Psalms 96

1യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക;
സർവഭൂമിയുമേ, യഹോവയ്ക്കു പാടുക.
2യഹോവയ്ക്കു പാടുക, തിരുനാമത്തെ വാഴ്ത്തുക;
അനുദിനം അവിടത്തെ രക്ഷയെ പ്രഖ്യാപിക്കുക.
3രാഷ്ട്രങ്ങൾക്കിടയിൽ അവിടത്തെ മഹത്ത്വം വിളംബരംചെയ്യുക,
സകലജനതകൾക്കുമിടയിൽ അവിടത്തെ അത്ഭുതപ്രവൃത്തികളും.

4കാരണം യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്;
സകലദേവന്മാരെക്കാളും അവിടത്തെ ഭയപ്പെടേണ്ടതാകുന്നു.
5ഇതര ജനതകളുടെ ദേവന്മാരെല്ലാം വിഗ്രഹങ്ങളാണല്ലോ,
എന്നാൽ യഹോവ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു!
6പ്രതാപവും മഹിമയും തിരുമുമ്പിലുണ്ട്;
ബലവും മഹത്ത്വവും അവിടത്തെ വിശുദ്ധമന്ദിരത്തിലുമുണ്ട്.

7രാഷ്ട്രങ്ങളിലെ എല്ലാ കുലങ്ങളുമേ, യഹോവയ്ക്കു കൊടുക്കുക,
മഹത്ത്വവും ശക്തിയും യഹോവയ്ക്കു കൊടുക്കുക.
8യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക;
തിരുമുൽക്കാഴ്ചയുമായി അവിടത്തെ ആലയാങ്കണത്തിലേക്കു വരിക.
9യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.
സകലഭൂതലവുമേ, യഹോവയുടെമുമ്പിൽ നടുങ്ങുക.
10“യഹോവ വാഴുന്നു,” എന്ന് ജനതകൾക്കിടയിൽ ഘോഷിക്കുക.
ഇളക്കംതട്ടാത്തവിധം ഭൂലോകം ഉറച്ചുനിൽക്കുന്നു;
അവിടന്ന് ജനതകളെ നീതിപൂർവം ന്യായംവിധിക്കും.

11ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ഉല്ലസിക്കട്ടെ;
സമുദ്രവും അതിലുള്ള സകലതും മാറ്റൊലികൊള്ളട്ടെ.
12വയലേലകളും അതിലുള്ള സമസ്തവും ആഹ്ലാദാരവം മുഴക്കട്ടെ;
സകലവനവൃക്ഷങ്ങളും ആനന്ദഗാനം ആലപിക്കട്ടെ.
13യഹോവ എഴുന്നള്ളുന്നു; സകലസൃഷ്ടിയും തിരുമുമ്പിൽ ആനന്ദിക്കട്ടെ.
അവിടന്ന് ഭൂമിയെ ന്യായംവിധിക്കുന്നതിനായി വരുന്നു,
അവിടന്ന് ലോകത്തെ നീതിയിലും
ജനതകളെ തന്റെ വിശ്വസ്തതയിലും ന്യായംവിധിക്കും.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.