‏ Psalms 92

ശബ്ബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം.

1 2യഹോവയെ വാഴ്ത്തുന്നതും
അത്യുന്നതനേ, അവിടത്തെ നാമത്തിന്
പത്തുകമ്പിയുള്ള വീണയുടെയും
കിന്നരത്തിന്റെ മധുരനാദത്തിന്റെയും അകമ്പടിയോടെ സംഗീതമാലപിക്കുന്നതും
3പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹവും
രാത്രിയിൽ അവിടത്തെ വിശ്വസ്തതയും വർണിക്കുന്നതും വിശിഷ്ടമത്രേ.

4യഹോവേ, അവിടത്തെ പ്രവൃത്തികളാൽ അവിടന്ന് എന്നെ ആനന്ദിപ്പിക്കുന്നല്ലോ;
തിരുക്കരങ്ങളുടെ പ്രവൃത്തിനിമിത്തം ഞാൻ ആനന്ദഗീതം ആലപിക്കും.
5യഹോവേ, അവിടത്തെ പ്രവൃത്തികൾ എത്രയോ ഉന്നതം
അവിടത്തെ ചിന്താഗതികൾ എത്രയോ ഗഹനം!
6വിവേകഹീനനായ മനുഷ്യൻ അത് അറിയുന്നില്ല,
ഭോഷർ അതു ഗ്രഹിക്കുന്നതുമില്ല,
7ദുഷ്ടർ പുല്ലുപോലെ തഴച്ചുവളരുന്നതും
അധർമികൾ അഭിവൃദ്ധിപ്രാപിക്കുന്നതും,
എന്നേക്കും നശിച്ചുപോകേണ്ടതിനുതന്നെ.

8എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും ഉന്നതനായിരിക്കുന്നു.

9യഹോവേ, അങ്ങയുടെ ശത്രുക്കൾ,
അതേ, അങ്ങയുടെ ശത്രുക്കൾ നശിച്ചുപോകും, നിശ്ചയം;
എല്ലാ അധർമികളും ചിതറിക്കപ്പെടും.
10എന്നാൽ അവിടന്ന് എന്റെ കൊമ്പ്
കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്.
കാട്ടുകാളയുടെ കൊമ്പുപോലെ ഉയർത്തി;
പുതിയ തൈലം എന്റെമേൽ ഒഴിച്ചിരിക്കുന്നു.
11എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു;
എന്റെ കാത് ദുഷ്ടരായ എന്റെ എതിരാളികളുടെ പരാജയം കേട്ടിരിക്കുന്നു.

12നീതിനിഷ്ഠർ ഒരു പനപോലെ തഴച്ചുവളരുന്നു,
അവർ ലെബാനോനിലെ ദേവദാരുപോലെ വളരും;
13അവരെ യഹോവയുടെ ആലയത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു,
നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിൽ അവർ തഴച്ചുവളരും.
14അവർ തങ്ങളുടെ വാർധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കും,
അവർ നിത്യനൂതനരും നിത്യഹരിതരും ആയിരിക്കും,
15“യഹോവ നീതിനിഷ്ഠനാകുന്നു;
അവിടന്ന് ആകുന്നു എന്റെ പാറ, അനീതി അങ്ങയിൽ ലവലേശവുമില്ല!” എന്ന് അവർ ഘോഷിക്കും.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.