‏ Psalms 86

ദാവീദിന്റെ ഒരു പ്രാർഥന.

1യഹോവേ, ചെവിചായ്ച്ച് എനിക്ക് ഉത്തരമരുളണമേ,
കാരണം ഞാൻ ദരിദ്രനും നിസ്സഹായനുമാണ്.
2എന്റെ ജീവനെ സംരക്ഷിക്കണമേ, ഞാൻ അവിടത്തെ ഭക്തനല്ലോ;
അങ്ങയിൽ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ.
എന്റെ ദൈവം അവിടന്ന് ആകുന്നു;
3കർത്താവേ, എന്നോട് കരുണയുണ്ടാകണമേ,
ദിവസംമുഴുവനും ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നല്ലോ.
4കർത്താവേ, അങ്ങയുടെ ദാസന് ആനന്ദം പകരണമേ,
എന്റെ ആശ്രയം ഞാൻ അങ്ങയിൽ അർപ്പിക്കുന്നു.

5കർത്താവേ, അവിടന്ന് നല്ലവനും ക്ഷമാശീലനും ആകുന്നു,
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരെയെല്ലാം അചഞ്ചലമായി സ്നേഹിക്കുന്നവനും ആകുന്നു.
6യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ;
കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ.
7എന്റെ ദുരിതദിനങ്ങളിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു,
അവിടന്ന് എനിക്ക് ഉത്തരമരുളുമല്ലോ.

8കർത്താവേ, ദേവന്മാരിൽ അങ്ങേക്കുതുല്യൻ ആരുമില്ലല്ലോ;
അങ്ങയുടെ പ്രവൃത്തികളോടു തുലനംചെയ്യാൻ കഴിയുന്ന യാതൊന്നുമില്ല.
9കർത്താവേ, അവിടന്ന് നിർമിച്ച സകലരാഷ്ട്രങ്ങളും
തിരുമുമ്പിൽവന്ന് അങ്ങയെ നമസ്കരിക്കും;
അവർ തിരുനാമത്തെ മഹത്ത്വപ്പെടുത്തും.
10കാരണം അവിടന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമാണ്;
അങ്ങുമാത്രമാണ് ദൈവം.

11യഹോവേ, അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ;
അപ്പോൾ ഞാൻ അങ്ങയുടെ സത്യത്തിന് അനുസൃതമായി ജീവിക്കും;
തിരുനാമം ഭയപ്പെടാൻ തക്കവിധം
ഏകാഗ്രമായ ഒരു ഹൃദയം എനിക്കു നൽകണമേ.
12എന്റെ കർത്താവായ ദൈവമേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും;
തിരുനാമത്തെ ഞാൻ എന്നേക്കും മഹത്ത്വപ്പെടുത്തും.
13എന്നോടുള്ള അങ്ങയുടെ അചഞ്ചലസ്നേഹം അതിവിപുലമാണ്;
ആഴത്തിൽനിന്ന് എന്റെ ജീവനെ അവിടന്ന് വിടുവിച്ചിരിക്കുന്നു,
അധമപാതാളത്തിൽനിന്നുതന്നെ.

14ദൈവമേ, അഹങ്കാരികൾ എനിക്കെതിരേ എഴുന്നേറ്റിരിക്കുന്നു;
അനുകമ്പയില്ലാത്തവർ എന്നെ വധിക്കാൻ ശ്രമിക്കുന്നു—
അവർ അങ്ങയെ ഗണ്യമാക്കുന്നില്ല.
15എന്നാൽ കർത്താവേ, അങ്ങ് കരുണാമയനും ആർദ്രഹൃദയനുമായ ദൈവം ആകുന്നു,
അവിടന്ന് ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുള്ളവനും ആകുന്നു.
16എന്നിലേക്കുതിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ;
അവിടത്തെ ദാസന് അങ്ങയുടെ ശക്തി നൽകണമേ;
അവിടത്തെ ദാസിയുടെ പുത്രനെ
രക്ഷിക്കുകയും ചെയ്യണമേ.
17എന്റെ ശത്രുക്കൾ കണ്ട് ലജ്ജിക്കേണ്ടതിന്,
അവിടത്തെ കാരുണ്യത്തിന്റെ തെളിവിനായി ഒരു ചിഹ്നം നൽകണമേ,
യഹോവേ, അവിടന്ന് എന്നെ സഹായിച്ച് എന്നെ ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.