‏ Psalms 85

കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.

1യഹോവേ, അവിടന്ന് അങ്ങയുടെ ദേശത്തോട് കരുണകാണിച്ചിരിക്കുന്നു;
യാക്കോബിന്റെ സൗഭാഗ്യങ്ങൾ പുനഃസ്ഥാപിച്ചിരിക്കുന്നു.
2അവിടന്ന് അങ്ങയുടെ ജനത്തിന്റെ അകൃത്യം ക്ഷമിക്കുകയും
അവരുടെ പാപങ്ങൾ മറയ്ക്കുകയും ചെയ്തിരിക്കുന്നു. സേലാ.
3അങ്ങയുടെ ക്രോധമെല്ലാം അങ്ങ് പിൻവലിക്കുകയും
ഉഗ്രകോപത്തിൽനിന്ന് പിന്തിരിയുകയും ചെയ്തുവല്ലോ.

4ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ,
ഞങ്ങളോടുള്ള അങ്ങയുടെ അതൃപ്തി നീക്കിക്കളയണമേ.
5അങ്ങ് ഞങ്ങളോട് എപ്പോഴും കോപിക്കുമോ?
അങ്ങയുടെ കോപം തലമുറകളിലേക്ക് നീണ്ടുനിൽക്കുമോ?
6അവിടത്തെ ജനം അങ്ങയിൽ ആനന്ദിക്കേണ്ടതിന്
അവിടന്ന് ഞങ്ങളെ പുനരുജ്ജീവിപ്പിക്കുകയില്ലേ?
7യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം ഞങ്ങളിൽ ചൊരിയണമേ,
അവിടത്തെ രക്ഷ ഞങ്ങൾക്ക് അനുവദിച്ചുനൽകണമേ.

8യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ ശ്രദ്ധിക്കും;
തന്റെ വിശ്വസ്തസേവകരായ തന്റെ ജനത്തിന് അവിടന്ന് സമാധാനം അരുളും—
അങ്ങനെ അവർ അവരുടെ ഭോഷത്തത്തിലേക്കു മടങ്ങാതിരിക്കട്ടെ.
9ദൈവമഹത്ത്വം നമ്മുടെ ദേശത്ത് വസിക്കേണ്ടതിന്,
അവിടത്തെ രക്ഷ തന്നെ ഭയപ്പെടുന്നവർക്ക് സമീപസ്ഥമായിരിക്കുന്നു.

10വിശ്വസ്തതയും അചഞ്ചലസ്നേഹവുംതമ്മിൽ എതിരേറ്റിരിക്കുന്നു;
നീതിയും സമാധാനവുംതമ്മിൽ ചുംബിക്കുന്നു.
11വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു,
നീതി സ്വർഗത്തിൽനിന്ന് താഴേക്കു നോക്കുന്നു.
12യഹോവ നമുക്ക് നന്മയായതുമാത്രം നൽകുന്നു
നമ്മുടെ ദേശം അതിന്റെ വിളവുനൽകുകയുംചെയ്യുന്നു.
13നീതി അവിടത്തേക്കു മുമ്പായി നടക്കുകയും
അങ്ങയുടെ കാൽച്ചുവടുകൾക്കു വഴിയൊരുക്കുകയും ചെയ്യുന്നു.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.