‏ Psalms 79

ആസാഫിന്റെ ഒരു സങ്കീർത്തനം.

1ദൈവമേ, ഇതര ജനതകൾ അവിടത്തെ ഓഹരി പിടിച്ചടക്കിയിരിക്കുന്നു;
അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കിയിരിക്കുന്നു
ജെറുശലേമിനെ അവർ ഒരു കൽക്കൂമ്പാരമായി മാറ്റിയിരിക്കുന്നു.
2അങ്ങയുടെ സേവകരുടെ ശവശരീരങ്ങൾ
ആകാശത്തിലെ പക്ഷികൾക്ക് ഇരയായി നൽകിയിരിക്കുന്നു,
അവിടത്തെ വിശുദ്ധജനത്തിന്റെ മാംസം ഭൂമിയിലെ വന്യമൃഗങ്ങൾക്കും.
3ജെറുശലേമിനുചുറ്റും
അവർ വെള്ളംപോലെ രക്തപ്പുഴ ഒഴുക്കി,
മരിച്ചവരെ സംസ്കരിക്കാൻ ആരും അവശേഷിക്കുന്നില്ല.
4ഞങ്ങളുടെ അയൽവാസികൾക്ക് ഞങ്ങൾ അധിക്ഷേപത്തിന്റെ ഇരയായി,
ചുറ്റുപാടുമുള്ളവർക്ക് ഞങ്ങൾ അവജ്ഞയും അപഹാസവും ആയിരിക്കുന്നു.

5ഇനിയും എത്രനാൾ, യഹോവേ? അങ്ങ് എന്നേക്കും ക്രോധാകുലനായിരിക്കുമോ?
അങ്ങയുടെ അസഹിഷ്ണുത അഗ്നിപോലെ ഞങ്ങൾക്കെതിരായി എത്രകാലം ജ്വലിക്കും?
6അവിടത്തെ അംഗീകരിക്കാത്ത ജനതകളുടെമേലും
അവിടത്തെ നാമം വിളിച്ചപേക്ഷിക്കാത്ത
രാജ്യങ്ങളുടെമേലും
അവിടത്തെ ക്രോധം ചൊരിയണമേ;
7കാരണം അവർ യാക്കോബിനെ വിഴുങ്ങുകയും
അവന്റെ സ്വദേശത്തെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.

8ഞങ്ങളുടെ പൂർവികരുടെ പാപം ഞങ്ങൾക്കെതിരേ കണക്കാക്കരുതേ;
അവിടത്തെ കരുണ അതിവേഗം ഞങ്ങളെ സന്ദർശിക്കണമേ,
ഞങ്ങൾ അതിതീക്ഷ്ണമായ ആവശ്യത്തിൽ ആയിരിക്കുന്നു.
9ഞങ്ങളുടെ രക്ഷയായ ദൈവമേ,
അവിടത്തെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കണമേ;
അവിടത്തെ നാമംനിമിത്തം
ഞങ്ങളെ വിടുവിക്കുകയും ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യണമേ.
10രാഷ്ട്രങ്ങളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,”
എന്നു ചോദിപ്പിക്കുന്നതെന്തിന്?

അവിടത്തെ സേവകരുടെ രക്തംചൊരിഞ്ഞതിനുള്ള പ്രതികാരം
ഞങ്ങളുടെ കണ്ണുകൾക്കു മുമ്പിൽവെച്ചുതന്നെ രാഷ്ട്രങ്ങൾക്കിടയിൽ അവിടന്ന് നടപ്പിലാക്കണമേ.
11ബന്ധിതരുടെ ഞരക്കം തിരുമുമ്പിൽ വരുമാറാകട്ടെ;
മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ അവിടത്തെ കൈകളുടെ ശക്തിയാൽ സ്വതന്ത്രരാക്കണമേ.
12കർത്താവേ, ഞങ്ങളുടെ അയൽവാസികൾ അങ്ങേക്കെതിരായി നടത്തിയ അധിക്ഷേപങ്ങൾക്കുള്ള ശിക്ഷ
ഏഴിരട്ടിയായി അവരുടെ മാർവിടത്തിലേക്കുതന്നെ നൽകണമേ.
13അപ്പോൾ അവിടത്തെ ജനമായ ഞങ്ങൾ—അങ്ങയുടെ മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റം—
അങ്ങയെ നിത്യം സ്തുതിക്കും;
ഞങ്ങൾ അവിടത്തെ സ്തുതി
തലമുറതലമുറകളോളം പ്രസ്താവിക്കും.

സംഗീതസംവിധായകന്. “സാരസസാക്ഷ്യം” എന്ന രാഗത്തിൽ.
സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.