Psalms 77
ആസാഫിന്റെ ഒരു സങ്കീർത്തനം.
1സഹായത്തിനായി ഞാൻ ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചുഎന്റെ മുറവിളി കേൾക്കാനായി ഞാൻ ദൈവത്തോട് നിലവിളിച്ചു.
2ഞാൻ ദുരിതത്തിലായിരുന്നപ്പോൾ കർത്താവിനെ അന്വേഷിച്ചു;
രാത്രിയിൽ ഞാൻ എന്റെ കൈകൾ അങ്ങയിലേക്കു വിശ്രമംനൽകാതെ നീട്ടി,
എന്നാൽ ഞാൻ ആശ്വാസം കണ്ടെത്തിയില്ല.
3ദൈവമേ, ഞാൻ അങ്ങയെ ഓർത്ത് ഞരങ്ങിക്കൊണ്ടിരുന്നു;
ധ്യാനമഗ്നനായി എന്റെ ആത്മാവ് തളർന്നുപോകുകയും ചെയ്തു. സേലാ.
4എന്റെ കൺപോളകൾക്ക് അങ്ങ് ഉറക്കം തടുത്തിരിക്കുന്നു;
സംസാരിക്കാൻ ആകാതെ ഞാൻ വിഷമസന്ധിയിലായി.
5പൂർവദിവസങ്ങളെപ്പറ്റിയും
പണ്ടത്തെ സംവത്സരങ്ങളെപ്പറ്റിയും ഞാൻ ചിന്തിച്ചു;
6രാത്രികാലങ്ങളിൽ ഞാൻ എന്റെ പാട്ടുകളെല്ലാം ഓർത്തെടുത്തു.
എന്റെ ഹൃദയം ചിന്താധീനമാകുകയും എന്റെ ആത്മാവ് ആലോചനാഭരിതമാകുകയും ചെയ്തു.
7“കർത്താവ് എന്നെ എന്നേക്കുമായി തള്ളിക്കളയുമോ?
അവിടന്ന് ഇനിയൊരിക്കലും എന്നോട് ദയാലുവായിരിക്കുകയില്ലേ?
8അവിടത്തെ അചഞ്ചലസ്നേഹം എന്നേക്കും ഇല്ലാതായോ?
അവിടത്തെ വാഗ്ദാനം എക്കാലത്തേക്കും നിലച്ചുപോയോ?
9ദൈവം കരുണചൊരിയുന്നതിനു മറന്നുപോയോ?
അവിടന്ന് കോപത്തിൽ തന്റെ കരുണാവർഷം അടച്ചുകളഞ്ഞോ?” സേലാ.
10അപ്പോൾ ഞാൻ ഇപ്രകാരം പറഞ്ഞു: “അത്യുന്നതന്റെ വലങ്കൈ
എന്നിൽനിന്നു മാറിപ്പോയതാണ് എന്റെ ദുഃഖകാരണം.
11ഞാൻ യഹോവയുടെ പ്രവൃത്തികളെ ഓർക്കും;
അതേ, പുരാതനകാലംമുതലുള്ള അവിടത്തെ അത്ഭുതപ്രവൃത്തികൾ ഞാൻ ഓർക്കും.
12അവിടത്തെ എല്ലാ പ്രവൃത്തികളും ഞാൻ പരിഗണിക്കും;
അവിടത്തെ എല്ലാ വീര്യപ്രവൃത്തികളെക്കുറിച്ചും ഞാൻ ധ്യാനിക്കും.”
13ദൈവമേ, അങ്ങയുടെ വഴികൾ പരിശുദ്ധമാകുന്നു.
നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായ ദേവൻ ആരുള്ളൂ?
14അവിടന്ന് അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന ദൈവമാണ്;
അവിടന്ന് ജനതകളുടെ മധ്യേ അവിടത്തെ ശക്തി വെളിപ്പെടുത്തിയിരിക്കുന്നു.
15അവിടത്തെ ശക്തിയുള്ള കരംകൊണ്ട് അങ്ങയുടെ ജനത്തെ അവിടന്ന് വീണ്ടെടുത്തു,
യാക്കോബിന്റെയും യോസേഫിന്റെയും പിൻതലമുറകളെത്തന്നെ. സേലാ.
16ദൈവമേ, സമുദ്രം അങ്ങയെക്കണ്ടു,
ആഴി അങ്ങയെക്കണ്ട് പുളഞ്ഞുപോയി;
ആഴങ്ങൾ പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു.
17മേഘങ്ങൾ ജലവർഷം നടത്തി,
ആകാശം മുഴക്കത്താൽ മാറ്റൊലികൊണ്ടു;
അവിടത്തെ അസ്ത്രങ്ങൾ എല്ലായിടത്തേക്കും ചീറിപ്പാഞ്ഞു.
18അങ്ങയുടെ ഇടിനാദം ചുഴലിക്കാറ്റിൽ മുഴങ്ങിക്കേട്ടു,
അങ്ങയുടെ മിന്നൽപ്പിണരുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു;
ഭൂമി വിറയ്ക്കുകയും നടുങ്ങുകയും ചെയ്തു.
19അവിടത്തെ കാൽച്ചുവടുകൾ കാണാൻ കഴിയുമായിരുന്നില്ലെങ്കിലും,
അവിടത്തെ പാത സമുദ്രത്തിലൂടെയും
അവിടത്തെ വഴികൾ പെരുവെള്ളത്തിലൂടെയും ആയിരുന്നു.
20മോശയുടെയും അഹരോന്റെയും കരങ്ങളിലൂടെ,
അവിടത്തെ ജനത്തെ അങ്ങ് ഒരു ആട്ടിൻപറ്റത്തെപ്പോലെ നയിച്ചു.
Copyright information for
MalMCV