‏ Psalms 70

ദാവീദിന്റെ ഒരു നിവേദനസങ്കീർത്തനം.

1ദൈവമേ, എന്നെ രക്ഷിക്കണമേ,
യഹോവേ, എന്നെ സഹായിക്കാൻ വേഗം വരണമേ.

2എന്റെ ജീവൻ അപഹരിക്കാൻ ആഗ്രഹിക്കുന്നവർ
ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ;
എന്റെ നാശം ആഗ്രഹിക്കുന്നവരെല്ലാം
അപമാനിതരായി പിന്തിരിഞ്ഞുപോകട്ടെ.
3എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ
തങ്ങളുടെ ലജ്ജനിമിത്തം പിന്തിരിഞ്ഞുപോകട്ടെ.
4എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും
അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ;
അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ,
“യഹോവ ഉന്നതൻ!” എന്ന് എപ്പോഴും പറയട്ടെ.

5ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും;
ദൈവമേ, എന്റെ അടുക്കലേക്ക് വേഗം വരണമേ.
അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു;
യഹോവേ, താമസിക്കരുതേ.
Copyright information for MalMCV