Psalms 57
ദാവീദിന്റെ ഒരു സ്വർണഗീതം. അദ്ദേഹം ശൗലിന്റെ മുമ്പിൽനിന്നു ഗുഹയിലേക്ക് ഓടിപ്പോയകാലത്തു രചിച്ചത്.
1എന്നോടു കരുണയുണ്ടാകണമേ, എന്റെ ദൈവമേ, എന്നോടു കരുണയുണ്ടാകണമേ,കാരണം അങ്ങയിൽ ഞാൻ അഭയംപ്രാപിച്ചിരിക്കുന്നു.
ഈ ആപത്തുകൾ നീങ്ങിപ്പോകുന്നതുവരെ
അവിടത്തെ ചിറകിൻകീഴിൽ ഞാൻ ശരണപ്പെടുന്നു.
2അത്യുന്നതനായ ദൈവത്തോടു ഞാൻ കേണപേക്ഷിക്കുന്നു,
എന്നെ കുറ്റവിമുക്തനാക്കുന്ന ദൈവത്തോടുതന്നെ.
3അവിടന്ന് സ്വർഗത്തിൽനിന്ന് സഹായമരുളി എന്നെ രക്ഷിക്കുന്നു,
എന്നെ വേട്ടയാടുന്നവരെ അവിടന്ന് ശകാരിക്കുന്നു—സേലാ.
ദൈവം അവിടത്തെ സ്നേഹവും വിശ്വസ്തതയും അയയ്ക്കുന്നു.
4ഞാൻ സിംഹങ്ങളുടെ മധ്യേ ആയിരിക്കുന്നു;
അത്യാർത്തിയുള്ള ദുഷ്ടമൃഗങ്ങൾക്കിടയിൽത്തന്നെ കിടക്കുന്നു—
ആ മനുഷ്യരുടെ പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളും ആകുന്നു,
അവരുടെ നാവ് മൂർച്ചയേറിയ വാളുകളും.
5ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ;
അവിടത്തെ മഹത്ത്വം സർവഭൂമിയിലും വിളങ്ങട്ടെ.
6അവർ എന്റെ പാദങ്ങൾക്കായി വല വിരിച്ചിരിക്കുന്നു—
മനോഭാരത്താൽ ഞാൻ എന്റെ തല കുനിച്ചിരിക്കുന്നു.
അവർ എന്റെ വഴിയിൽ ഒരു കുഴികുഴിച്ചിരിക്കുന്നു—
എന്നാൽ അവർതന്നെ അതിൽ വീണിരിക്കുന്നു. സേലാ.
7ദൈവമേ, എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു,
എന്റെ ഹൃദയം പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു;
ഞാൻ പാട്ടുപാടുകയും അവിടത്തെ പുകഴ്ത്തുകയും ചെയ്യും.
8എന്റെ ആത്മാവേ, ഉണരുക!
വീണയേ, കിന്നരമേ, ഉണരുക!
ഞാൻ ഉഷസ്സിനെ ഉണർത്തും.
9അതുകൊണ്ട്, കർത്താവേ, ഞാൻ അങ്ങയെ ജനതകളുടെ മധ്യേ പുകഴ്ത്തും;
ഞാൻ ജനതകളുടെ മധ്യേ അങ്ങയെ പാടിപ്പുകഴ്ത്തും.
10കാരണം, അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തോളം ഉന്നതം;
അവിടത്തെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
11ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ;
അവിടത്തെ മഹത്ത്വം സർവഭൂമിയിലും വിളങ്ങട്ടെ.
സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ. ▼
▼സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for
MalMCV