‏ Psalms 55

ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം.

1ദൈവമേ, എന്റെ പ്രാർഥന ശ്രദ്ധിക്കണമേ,
എന്റെ യാചന അവഗണിക്കരുതേ;
2 3എന്നെ ശ്രദ്ധിച്ച് എനിക്കുത്തരമരുളണമേ.
എന്റെ ശത്രുവിന്റെ അട്ടഹാസം നിമിത്തവും
ദുഷ്ടരുടെ ഭീഷണിപ്പെടുത്തൽ നിമിത്തവും;
എന്റെ വിചാരങ്ങളിൽ ഞാൻ വിഷണ്ണനാകുന്നു
അവർ എന്റെമേൽ കഷ്ടത വരുത്തിയിരിക്കുന്നു
അവരുടെ കോപത്താൽ എന്നെ വേട്ടയാടുകയും ചെയ്തിരിക്കുന്നു.

4എന്റെ ഹൃദയം എന്റെയുള്ളിൽ തീവ്രവേദനയിലായിരിക്കുന്നു;
മരണഭീതി എന്നെ പിടികൂടിയിരിക്കുന്നു.
5ഭീതിയും വിറയലും എന്നെ വളഞ്ഞിരിക്കുന്നു;
ബീഭത്സത എന്നെ മൂടിയിരിക്കുന്നു.
6ഞാൻ പറഞ്ഞു: “ഹാ, പ്രാവിനെപ്പോലെ എനിക്കു ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ!
ഞാൻ ദൂരെ പറന്നുപോയി വിശ്രമിക്കുമായിരുന്നു.
7ഞാൻ വിദൂരസ്ഥലത്തേക്ക് ഓടിപ്പോയി
മരുഭൂമിയിൽ പാർക്കുമായിരുന്നു; സേലാ.
8കൊടുങ്കാറ്റിൽനിന്നും ചുഴലിക്കാറ്റിൽനിന്നും അകന്ന്
ഞാൻ എന്റെ സങ്കേതത്തിലേക്ക് അതിവേഗം പാഞ്ഞടുക്കുമായിരുന്നു.”

9കർത്താവേ, ദുഷ്ടരെ സംഭ്രാന്തിയിലാഴ്ത്തണമേ, അവരുടെ വാദഗതിയെ താറുമാറാക്കണമേ,
കാരണം നഗരത്തിൽ അതിക്രമവും കലഹവും പിടിപെട്ടതായി ഞാൻ കാണുന്നു.
10രാവും പകലും അക്രമികൾ അതിന്റെ മതിലുകൾക്കുള്ളിൽ ചുറ്റിസഞ്ചരിക്കുന്നു;
ദുഷ്ടതയും അവഹേളനവും അതിനുള്ളിലുണ്ട്.
11നാശശക്തികൾ നഗരത്തിൽ പ്രവർത്തനനിരതരായിരിക്കുന്നു;
ഭീഷണിയും വ്യാജവും നഗരവീഥികളിൽ നിരന്തരം അഴിഞ്ഞാടുന്നു.

12എന്നെ അധിക്ഷേപിക്കുന്നത് ഒരു ശത്രുവാണെങ്കിൽ
അതു ഞാൻ സഹിക്കുമായിരുന്നു;
ഒരു വൈരി എനിക്കെതിരേ ഉയർന്നുവരുന്നെങ്കിൽ
എനിക്കോടിമറയാൻ കഴിയുമായിരുന്നു.
13എന്നാൽ എന്റെ സഹചാരിയും എന്റെ ഉറ്റ സുഹൃത്തും
എന്നോടു സമനായ മനുഷ്യനുമായ നീയാണല്ലോ അതു ചെയ്തത്,
14ഒരിക്കൽ ദൈവാലയത്തിൽവെച്ച്
നിന്നോടൊപ്പം ഹൃദ്യസമ്പർക്കം ആസ്വദിച്ചിരുന്നു,
അവിടെ ജനസമൂഹത്തോടൊപ്പം
നാം ഒരുമിച്ച് നടന്നുപോയപ്പോൾത്തന്നെ.

15എന്റെ ശത്രുക്കളുടെമേൽ മരണം പതുങ്ങിനടക്കട്ടെ;
അവർ ജീവനോടെതന്നെ പാതാളത്തിലേക്കു നിപതിക്കട്ടെ,
കാരണം തിന്മ അവരുടെയിടയിൽ കുടികൊള്ളുന്നുണ്ടല്ലോ.

16എന്നാൽ ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു,
യഹോവ എന്നെ രക്ഷിക്കുന്നു.
17വൈകുന്നേരത്തും രാവിലെയും ഉച്ചയ്ക്കും
ഞാൻ ആകുലതയാൽ വിലപിക്കുകയും
അവിടന്നെന്റെ ശബ്ദം കേൾക്കുകയും ചെയ്യുന്നു.
18പലരും എന്നെ എതിർക്കുന്നെങ്കിലും
എനിക്കെതിരായി വരുന്ന ആക്രമണങ്ങളിൽനിന്ന്
അവിടന്ന് എന്നെ അപായപ്പെടുത്താതെ മോചിപ്പിക്കുന്നു.
19അനാദികാലംമുതലേ സിംഹാസനസ്ഥനായിരിക്കുന്ന
മാറ്റമില്ലാത്ത ദൈവം,
എന്റെ ശത്രുക്കളുടെ ആരവാരംകേട്ട് അവരെ ലജ്ജിതരാക്കും
കാരണം അവർക്കു ദൈവഭയമില്ല. സേലാ.

20എന്റെ സ്നേഹിതർ തങ്ങളുടെ സുഹൃത്തുക്കളെ ആക്രമിക്കുന്നു;
അവർ തങ്ങളുടെ ഉടമ്പടി ലംഘിക്കുന്നു.
21അവരുടെ ഭാഷണം വെണ്ണപോലെ മാർദവമുള്ളത്,
എന്നിരുന്നാലും അവരുടെ ഹൃദയത്തിൽ യുദ്ധമാണുള്ളത്;
അവരുടെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളത്,
എന്നിട്ടും അവർ ഊരിയ വാളുകൾതന്നെ.

22നിന്റെ ഭാരം യഹോവയുടെമേൽ സമർപ്പിക്കുക
അവിടന്നു നിന്നെ പുലർത്തും;
നീതിനിഷ്ഠർ നിപതിക്കാൻ
അവിടന്ന് ഒരിക്കലും അനുവദിക്കുകയില്ല.
23എന്നാൽ ദൈവമേ, അവിടന്ന് ദുഷ്ടരെ
നാശത്തിന്റെ കുഴിയിലേക്കു തള്ളിയിടും;
രക്തദാഹികളും വഞ്ചകരും
അവരുടെ ആയുസ്സിന്റെ പകുതിപോലും കാണുകയില്ല.

എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.

സംഗീതസംവിധായകന്. “ദൂരസ്ഥന്മാരുടെ ഇടയിൽ, മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ.”
സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.