‏ Psalms 52

ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. ഏദോമ്യനായ ദോയേഗ് ചെന്നു ശൗലിനോട്: “ദാവീദ് അഹീമെലെക്കിന്റെ വീട്ടിൽ വന്നിരുന്നു” എന്നറിയിച്ചപ്പോൾ ചമച്ചതു.

1സമർഥനായ യോദ്ധാവേ, നീ നിന്റെ അധർമത്തിൽ അഹങ്കരിക്കുന്നതെന്തിന്?
ദൈവദൃഷ്ടിയിൽ നിന്ദിതനായിത്തീർന്ന നീ,
ദിവസംമുഴുവനും അഹങ്കരിക്കുന്നതെന്തേ?
2വഞ്ചന വിതയ്ക്കുന്നവരേ,
നിന്റെ നാവ് നാശം ആസൂത്രണംചെയ്യുന്നു;
അതു മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെയാണ്.
3നീ നന്മയെക്കാൾ തിന്മ ഇഷ്ടപ്പെടുന്നു
സത്യം സംസാരിക്കുന്നതിനെക്കാൾ നിനക്കിഷ്ടം വ്യാജമാണ്. സേലാ.
4വഞ്ചനനിറഞ്ഞ നാവേ,
നാശകരമായ എല്ലാ വാക്കുകളും നിനക്കിഷ്ടമാണ്!

5ദൈവം നിന്നെ നിത്യനാശത്തിലേക്കു വലിച്ചിഴയ്ക്കും, നിശ്ചയം:
അവിടന്ന് നിന്നെ നിന്റെ കൂടാരത്തിൽനിന്നു പറിച്ചെടുത്ത് ചീന്തിക്കളയും;
ജീവനുള്ളവരുടെ ദേശത്തുനിന്ന് അവിടന്ന് നിന്നെ വേരോടെ പിഴുതെറിയും. സേലാ.
6നീതിനിഷ്ഠർ അതുകണ്ടു ഭയപ്പെടും;
നിന്നെ പരിഹസിച്ചുകൊണ്ട് അവർ ഇപ്രകാരം പറയും,
7“ദൈവത്തെ തന്റെ അഭയസ്ഥാനമായി കാണാതെ
സ്വന്തം സമ്പൽസമൃദ്ധിയിൽ ആശ്രയിച്ചുകൊണ്ട്
മറ്റുള്ളവരെ നശിപ്പിച്ച് ശക്തനായിത്തീർന്ന
ആ മനുഷ്യൻ ഇതാ!”

8ഞാനോ, ദൈവഭവനത്തിൽ തഴച്ചുവളരുന്ന
ഒരു ഒലിവുമരംപോലെയല്ലോ;
ദൈവത്തിന്റെ അചഞ്ചലസ്നേഹത്തിൽ
ഞാൻ എന്നുമെന്നും ആശ്രയിക്കുന്നു.
9അവിടത്തെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ
അങ്ങ് ചെയ്ത അനുഗ്രഹങ്ങളെയോർത്ത് എന്നെന്നും ഞാൻ അങ്ങേക്ക് സ്തോത്രാർപ്പണംചെയ്യും.
അവിടത്തെ നാമത്തിൽ ഞാൻ പ്രത്യാശയർപ്പിക്കും
അവിടത്തെ വിശ്വസ്തർക്കത് അനുയോജ്യമല്ലോ.

സംഗീതസംവിധായകന്. മഹലത്ത് രാഗത്തിൽ.
സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.