‏ Psalms 34

ദാവീദിന്റെ ഒരു സങ്കീർത്തനം. അബീമെലെക്കിന്റെ മുൻപിൽവെച്ചു ബുദ്ധിഭ്രമം നടിക്കുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോൾ പാടിയത്.

1ഞാൻ യഹോവയെ എല്ലാക്കാലത്തും പുകഴ്ത്തും;
അവിടത്തെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഇരിക്കും.
2എന്റെയുള്ളം യഹോവയിൽ അഭിമാനിക്കുന്നു;
പീഡിതർ കേൾക്കുകയും ആനന്ദിക്കുകയും ചെയ്യട്ടെ.
3എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുക;
നമുക്കൊരുമിച്ച് അവിടത്തെ നാമം വാഴ്ത്താം.

4ഞാൻ യഹോവയെ അന്വേഷിച്ചു, അവിടന്ന് എനിക്ക് ഉത്തരമരുളി;
എന്റെ എല്ലാ ഭയങ്ങളിൽനിന്നും അവിടന്ന് എന്നെ വിടുവിച്ചു.
5അങ്ങയെ നോക്കുന്നവർ പ്രകാശപൂരിതരായിത്തീരുന്നു;
അവരുടെ മുഖം ഒരിക്കലും ലജ്ജാഭരിതമാകുകയില്ല.
6ഈ എളിയ മനുഷ്യൻ വിളിച്ചപേക്ഷിച്ചു, യഹോവ കേട്ടു;
അവിടന്ന് സകലവിധ പ്രയാസങ്ങളിൽനിന്നും അദ്ദേഹത്തെ രക്ഷിച്ചു.
7യഹോവയെ ഭയപ്പെടുന്നവരുടെചുറ്റും, അവിടത്തെ ദൂതന്മാർ പാളയമിറങ്ങിയിരിക്കുന്നു,
അങ്ങനെ അവിടന്ന് അവരെ വിടുവിക്കുന്നു.

8യഹോവ നല്ലവനെന്ന് രുചിച്ചറിയുക;
അങ്ങയിൽ അഭയംതേടുന്ന മനുഷ്യർ അനുഗൃഹീതർ.
9യഹോവയുടെ വിശുദ്ധജനമേ, അവിടത്തെ ഭയപ്പെടുക
അവിടത്തെ ഭക്തന്മാർക്ക് ഒന്നിനും കുറവുണ്ടാകുന്നില്ല.
10സിംഹക്കുട്ടികൾ ക്ഷീണിതരാകുകയും വിശപ്പനുഭവിക്കുകയും ചെയ്തേക്കാം,
എന്നാൽ യഹോവയെ അന്വേഷിക്കുന്നവർക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകുന്നില്ല.
11എന്റെ മക്കളേ, വരിക, ഞാൻ പറയുന്നത് ശ്രദ്ധിക്കുക;
യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.
12ജീവനെ സ്നേഹിക്കുകയും
സന്തുഷ്ടിനിറഞ്ഞ ദീർഘായുസ്സ് ആഗ്രഹിക്കുകയുംചെയ്യുന്നവർ
13നിങ്ങളുടെ നാവിനെ തിന്മയിൽനിന്നും
നിങ്ങളുടെ അധരങ്ങളെ വ്യാജഭാഷണത്തിൽനിന്നും സൂക്ഷിക്കുക.
14തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;
സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.

15യഹോവയുടെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു
അവിടത്തെ കാതുകൾ അവരുടെ നിലവിളി ശ്രദ്ധിക്കുന്നു;
16എന്നാൽ യഹോവയുടെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു,
അവരുടെ ഓർമയെ ഭൂമിയിൽനിന്നു മായിച്ചുകളയേണ്ടതിനുതന്നെ.

17നീതിനിഷ്ഠർ നിലവിളിക്കുന്നു, യഹോവ അതു കേൾക്കുന്നു;
അവിടന്ന് അവരെ സകലവിധ കഷ്ടതകളിൽനിന്നും വിടുവിക്കുന്നു.
18ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ
മനസ്സു തകർന്നവരെ അവിടന്ന് രക്ഷിക്കുന്നു.

19നീതിനിഷ്ഠരായ മനുഷ്യർക്കു ധാരാളം യാതനകൾ ഉണ്ടാകും
എങ്കിലും അവ എല്ലാറ്റിൽനിന്നും യഹോവ അവരെ വിടുവിക്കുന്നു;
20അവിടന്ന് അവരുടെ അസ്ഥികൾക്കെല്ലാം സംരക്ഷണം നൽകുന്നു,
അവയിൽ ഒന്നുപോലും ഉടയ്ക്കപ്പെടുകയില്ല.

21അധർമം ദുഷ്ടരെ കൊല്ലുന്നു;
നീതിനിഷ്ഠരുടെ ശത്രുക്കൾ ശിക്ഷിക്കപ്പെടും.
22യഹോവ തന്റെ സേവകരെ മോചിപ്പിക്കുന്നു;
അങ്ങയിൽ അഭയംതേടുന്ന ആർക്കും ശിക്ഷാവിധി ഉണ്ടാകുകയില്ല.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.