‏ Psalms 33

1നീതിനിഷ്ഠരേ, ആനന്ദത്തോടെ യഹോവയ്ക്ക് പാടുക;
പരമാർഥികളുടെ സ്തുതി ഉചിതംതന്നെ.
2കിന്നരംകൊണ്ട് യഹോവയെ ഞാൻ വാഴ്ത്തുക;
പത്തുകമ്പിയുള്ള വീണകൊണ്ട് അവിടത്തേക്ക് സംഗീതം ആലപിക്കുക.
3അവിടത്തേക്ക് ഒരു നവഗാനം ആലപിക്കുക;
വൈദഗ്ദ്ധ്യത്തോടെ വാദ്യങ്ങളിൽ ആനന്ദസ്വരം മുഴക്കുക.

4കാരണം, യഹോവയുടെ വചനം നീതിയുക്തമാകുന്നു;
അവിടന്ന് തന്റെ എല്ലാ പ്രവൃത്തികളിലും വിശ്വസ്തൻതന്നെ.
5യഹോവ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;
അവിടത്തെ അചഞ്ചലസ്നേഹത്താൽ ഭൂമണ്ഡലം നിറഞ്ഞിരിക്കുന്നു.

6യഹോവയുടെ വചനത്താൽ ആകാശം സൃഷ്ടിക്കപ്പെട്ടു,
തിരുവായിലെ ശ്വാസത്താൽ താരഗണങ്ങളും.
7അവിടന്ന് സമുദ്രജലരാശിയെ കൂമ്പാരമായി കൂട്ടുന്നു;
ആഴിയെ കലവറകളിൽ സംഭരിക്കുന്നു.
8സർവഭൂമിയും യഹോവയെ ഭയപ്പെടട്ടെ;
ഭൂസീമവാസികളെല്ലാം തിരുമുമ്പിൽ ഭയഭക്തിയോടെ നിലകൊള്ളട്ടെ.
9കാരണം, അവിടന്ന് അരുളിച്ചെയ്തു, അവയുണ്ടായി;
അവിടന്ന് കൽപ്പിച്ചു, അവ സ്ഥാപിതമായി.

10യഹോവ രാഷ്ട്രങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു;
ജനതകളുടെ ആലോചനകൾ വിഫലമാക്കുന്നു.
11എന്നാൽ യഹോവയുടെ പദ്ധതികൾ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു;
അവിടത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറകളോളവും.

12യഹോവ ദൈവമായിരിക്കുന്ന രാഷ്ട്രം അനുഗ്രഹിക്കപ്പെട്ടത്,
അവിടന്ന് തന്റെ അവകാശമായി തെരഞ്ഞെടുക്കപ്പെട്ട ജനതയും.
13യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു;
സകലമാനവവംശത്തെയും വീക്ഷിക്കുന്നു;
14അവിടന്നു തന്റെ നിവാസസ്ഥാനത്തുനിന്ന്
ഭൂമിയിലെ സകലനിവാസികളെയും നിരീക്ഷിക്കുന്നു—
15അവിടന്ന് അവരുടെയെല്ലാം ഹൃദയങ്ങളെ രൂപപ്പെടുത്തുന്നു,
അവരുടെ പ്രവൃത്തികളെല്ലാം അവിടന്ന് ശ്രദ്ധിക്കുന്നു.

16സൈന്യബലത്താൽ ഒരു രാജാവും വിജയശ്രീലാളിതനാകുന്നില്ല;
തന്റെ കായികബലത്താൽ ഒരു സേനാനിയും രക്ഷപ്പെടുന്നില്ല.
17പടക്കുതിരയെക്കൊണ്ട് വിജയിക്കാമെന്ന ആശ വ്യർഥം;
അതിന്റെ വൻശക്തിയാൽ, നിന്നെ രക്ഷിക്കാൻ അതിനു കഴിയുകയുമില്ല.
18എന്നാൽ യഹോവയുടെ ദൃഷ്ടി തന്നെ ഭയപ്പെടുന്നവരിലും
അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശ അർപ്പിക്കുന്നവരിലുമുണ്ട്,
19അവിടന്നവരെ മരണത്തിൽനിന്ന് മോചിപ്പിക്കുകയും
ക്ഷാമകാലത്ത് അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.

20എന്റെയുള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;
അവിടന്നു നമ്മുടെ സഹായവും പരിചയും ആകുന്നു.
21നമ്മുടെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു,
കാരണം, അവിടത്തെ വിശുദ്ധനാമത്തെ നാം ശരണംപ്രാപിക്കുന്നു.
22ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നതുപോലെ
യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ഞങ്ങളോടൊപ്പം ഉണ്ടാകണമേ.
Copyright information for MalMCV