‏ Psalms 27

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവ എന്റെ പ്രകാശവും എന്റെ രക്ഷയും ആകുന്നു—
ഞാൻ ആരെ ഭയപ്പെടും?
യഹോവ എന്റെ ജീവന്റെ അഭയസ്ഥാനം—
ഞാൻ ആരെ പേടിക്കും?

2എന്നെ വിഴുങ്ങുന്നതിനായി
ദുഷ്ടർ എനിക്കെതിരേ പാഞ്ഞടുക്കുമ്പോൾ,
എന്റെ ശത്രുക്കളും വിരോധികളും എന്നെ ആക്രമിക്കുമ്പോൾ
അവരാണ് കാലിടറി നിലംപൊത്തുന്നത്!
3ഒരു സൈന്യം എനിക്കെതിരേ ഉപരോധം തീർക്കുമ്പോൾ
എന്റെ ഹൃദയം ഭയരഹിതമായിരിക്കും,
എനിക്കെതിരേ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും
ഞാൻ ചഞ്ചലചിത്തനാകുകയില്ല.

4യഹോവയോട് ഞാൻ ഒരു കാര്യം അപേക്ഷിക്കുന്നു;
ഇതുതന്നെയാണെന്റെ ആഗ്രഹവും:
യഹോവയുടെ മനോഹാരിത ദർശിക്കുന്നതിനും
അവിടത്തെ ആലയത്തിൽ ധ്യാനിക്കുന്നതിനുമായി
എന്റെ ജീവിതകാലംമുഴുവൻ
യഹോവയുടെ ആലയത്തിൽ അധിവസിക്കുന്നതിനുതന്നെ.
5അനർഥദിവസത്തിൽ അവിടന്ന്
തന്റെ തിരുനിവാസത്തിൽ എനിക്കു സംരക്ഷണം നൽകും;
അവിടന്ന് തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും
ഒരു പാറമേൽ എന്നെ ഉയർത്തിനിർത്തും.

6അപ്പോൾ എന്റെ ശിരസ്സ്
എന്നെ വലയംചെയ്യുന്ന ശത്രുക്കൾക്കുമീതേ ഉയർന്നുനിൽക്കും;
ആനന്ദഘോഷത്തോടുകൂടി അവിടത്തെ കൂടാരത്തിൽ ഞാൻ യാഗം അർപ്പിക്കും;
ഞാൻ വാദ്യഘോഷത്തോടെ യഹോവയ്ക്ക് പാടും.

7യഹോവേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശബ്ദം കേൾക്കണമേ;
എന്നോടു കരുണതോന്നി എനിക്കുത്തരമരുളണമേ.
8“അങ്ങയുടെ മുഖമന്വേഷിക്കുക!” എന്റെ ഹൃദയം അങ്ങയെപ്പറ്റി എന്നോട് മന്ത്രിക്കുന്നു.
യഹോവേ, തിരുമുഖം ഞാൻ അന്വേഷിക്കും.
9അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ,
കോപത്തോടെ അങ്ങയുടെ ദാസനെ തള്ളിക്കളയരുതേ;
അവിടന്നാണല്ലോ എന്റെ സഹായകൻ.
എന്റെ രക്ഷകനായ ദൈവമേ,
എന്നെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യരുതേ.
10എന്റെ മാതാവും പിതാവും എന്നെ ഉപേക്ഷിച്ചാലും
യഹോവ എന്നെ ചേർത്തണയ്ക്കും.
11യഹോവേ, അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ;
എനിക്കായ് പതിയിരിക്കുന്നവർനിമിത്തം
എന്നെ നേർപാതകളിൽ നടത്തണമേ.
12എന്റെ ശത്രുക്കളുടെ ആഗ്രഹത്തിന് എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ,
കാരണം എനിക്കെതിരേ കള്ളസാക്ഷികൾ എഴുന്നേറ്റിരിക്കുന്നു,
അവർ എനിക്കെതിരേ ക്രൂരത നിശ്വസിക്കുന്നു.

13ഒരു കാര്യത്തിലെനിക്ക് ഉത്തമ വിശ്വാസമുണ്ട്:
ജീവനുള്ളവരുടെ ദേശത്ത്
യഹോവയുടെ നന്മ ഞാൻ ദർശിക്കും.
14യഹോവയ്ക്കായി കാത്തിരിക്കുക;
ശക്തരായിരിക്കുക, സുധീരരായിരിക്കുക
യഹോവയ്ക്കായി കാത്തിരിക്കുക.
Copyright information for MalMCV