‏ Psalms 24

ദാവീദിന്റെ ഒരു സങ്കീർത്തനം.

1ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്,
ഭൂലോകവും അതിൽ അധിവസിക്കുന്ന സകലരും;
2കാരണം, സമുദ്രത്തിന്മേൽ അവിടന്ന് അതിന് അടിസ്ഥാനമിടുകയും
ജലവിതാനങ്ങൾക്കുമേൽ അത് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.

3യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക?
അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക?
4വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ,
വിഗ്രഹത്തിൽ ആശ്രയിക്കാതെയും
വ്യാജശപഥം
അഥവാ, വ്യാജദേവതകളെക്കൊണ്ട്
ചെയ്യാതെയുമിരിക്കുന്നവർതന്നെ.

5അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും
അവരുടെ രക്ഷകനായ ദൈവത്തിൽനിന്നു കുറ്റവിമുക്തി പ്രാപിക്കുകയും ചെയ്യും.
6ഇങ്ങനെയുള്ളവരാകുന്നു അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറ,
യാക്കോബിന്റെ ദൈവമേ, തിരുമുഖം തേടുന്നവർ ഇവർതന്നെ. സേലാ.

7കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക;
പുരാതന കവാടങ്ങളേ, ഉയരുക,
മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
8മഹത്ത്വത്തിന്റെ രാജാവ് ആരാണ്?
ശക്തനും വീരനുമായ യഹോവ,
യുദ്ധവീരനായ യഹോവതന്നെ.
9കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക;
പുരാതന കവാടങ്ങളേ, ഉയരുക,
മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
10മഹത്ത്വത്തിന്റെ രാജാവ് ആരാണ്?
സൈന്യങ്ങളുടെ യഹോവ—
അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്. സേലാ.
Copyright information for MalMCV