‏ Psalms 144

ദാവീദിന്റെ ഒരു സങ്കീർത്തനം.

1എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ,
അവിടന്ന് എന്റെ കരങ്ങളെ യുദ്ധത്തിനായും
എന്റെ വിരലുകളെ പോരാട്ടത്തിനായും ഒരുക്കുന്നു.
2അവിടന്ന് എന്നെ സ്നേഹിക്കുന്ന ദൈവവും എന്റെ കോട്ടയും,
എന്റെ സുരക്ഷിതസ്ഥാനവും എന്റെ വിമോചകനും,
ജനതകളെ എന്റെമുമ്പിൽ അടിയറവുപറയിക്കുന്ന
എന്റെ പരിചയും എന്റെ അഭയസ്ഥാനവും ആകുന്നു.

3യഹോവേ, അങ്ങയുടെ ശ്രദ്ധയിൽപ്പെടാൻമാത്രം മർത്യൻ എന്തുള്ളൂ?
അങ്ങയുടെ പരിഗണനയിൽ വരുന്നതിന് കേവലം മാനവർക്ക് എന്താണർഹത?
4മനുഷ്യർ ഒരു ശ്വാസംമാത്രം;
അവരുടെ ദിനങ്ങൾ ക്ഷണികമായ നിഴൽപോലെ.

5യഹോവേ, സ്വർഗം തുറന്ന് ഇറങ്ങിവരണമേ;
പർവതങ്ങൾ സ്പർശിക്കണമേ, അവിടെനിന്നും പുകപടലങ്ങൾ ഉയരട്ടെ.
6മിന്നൽ അയച്ച് ശത്രുഗണത്തെ ചിതറിക്കണമേ;
അങ്ങയുടെ അസ്ത്രങ്ങൾ എയ്ത് അവരെ തുരത്തണമേ.
7ഉയരത്തിൽനിന്നും തൃക്കരം നീട്ടി;
പെരുവെള്ളത്തിൽനിന്നും
വിദേശികളുടെ കൈയിൽനിന്നും
എന്നെ രക്ഷിക്കണമേ,
8അവരുടെ വായിൽ വ്യാജം നിറഞ്ഞിരിക്കുന്നു,
അവരുടെ വലതുകരങ്ങളിൽ വഞ്ചന വാഴുന്നു.

9എന്റെ ദൈവമേ, അങ്ങേക്കു ഞാൻ ഒരു നവഗാനം ആലപിക്കും;
പത്തുകമ്പിയുള്ള വീണ മീട്ടി അങ്ങേക്കു ഞാനൊരു സംഗീതമാലപിക്കും,
10രാജാക്കന്മാർക്ക് വിജയം നൽകുകയും
അവിടത്തെ ദാസനായ ദാവീദിനെ രക്ഷിക്കുകയും ചെയ്യുന്ന അങ്ങേക്കുതന്നെ.

നാശകരമായ വാളിൽനിന്നും
11എന്നെ രക്ഷിക്കണമേ;
വിദേശികളുടെ കൈയിൽനിന്നും എന്നെ മോചിപ്പിക്കണമേ,
അവരുടെ വായിൽ വ്യാജം നിറഞ്ഞിരിക്കുന്നു,
അവരുടെ വലതുകരങ്ങളിൽ വഞ്ചന വാഴുന്നു.

12നമ്മുടെ പുത്രന്മാർ അവരുടെ യൗവനത്തിൽ
നന്നായി പരിചരിച്ച വൃക്ഷങ്ങൾപോലെയും,
നമ്മുടെ പുത്രിമാർ രാജകൊട്ടാരങ്ങളിലെ
കൊത്തിയെടുത്ത അലംകൃത സ്തംഭങ്ങൾപോലെയും ആകും.
13നമ്മുടെ കളപ്പുരകൾ സമൃദ്ധമാകും;
എല്ലാവിധ ധാന്യങ്ങളാലുംതന്നെ.
ഞങ്ങളുടെ ആടുകൾ പുൽപ്പുറങ്ങളിൽ പെറ്റുപെരുകം,
ആയിരങ്ങളായും പതിനായിരങ്ങളായും;
14നമ്മുടെ കാളക്കൂറ്റന്മാർ അധികഭാരം വലിക്കും.
മതിലുകൾ ഇടിക്കപ്പെടുകയില്ല,
ആരും ബന്ദികളാക്കപ്പെടുന്നില്ല,
ഞങ്ങളുടെ തെരുവുകളിൽ ദീനരോദനവുമില്ല.
15ഇവയെല്ലാം യാഥാർഥ്യമായിരിക്കുന്ന ജനം അനുഗൃഹീതർ;
യഹോവ ദൈവമായിരിക്കുന്ന ജനം അനുഗൃഹീതർ.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.