‏ Psalms 143

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ,
കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ;
അങ്ങയുടെ വിശ്വസ്തതയും നീതിയുംനിമിത്തം
എന്റെ ആശ്വാസത്തിനായി വരണമേ.
2തിരുമുമ്പിൽ നീതിനിഷ്ഠരായി ജീവിക്കുന്ന ആരുമില്ലല്ലോ,
അതുകൊണ്ട് അങ്ങയുടെ ദാസനെ വിചാരണയ്ക്കായി കൊണ്ടുവരരുതേ.
3ശത്രു എന്നെ പിൻതുടരുന്നു,
അയാളെന്നെ നിലത്തിട്ടു മെതിക്കുന്നു;
പണ്ടേ മരിച്ചവരെപ്പോലെ
അയാളെന്നെ ഇരുളിൽ പാർപ്പിക്കുന്നു.
4അതുകൊണ്ട് എന്റെ ആത്മാവ് എന്റെയുള്ളിൽ തളരുന്നു;
എന്റെ ഹൃദയം എന്റെയുള്ളിൽ സ്തംഭിച്ചിരിക്കുന്നു.
5പൂർവകാലങ്ങളെ ഞാൻ ഓർക്കുന്നു;
അവിടത്തെ സകലവിധ പ്രവൃത്തികളെയും ഞാൻ ധ്യാനിക്കുകയും
തൃക്കരങ്ങളുടെ പ്രവൃത്തികളെപ്പറ്റി ചിന്തിക്കുകയുംചെയ്യുന്നു.
6ഞാൻ എന്റെ കൈകൾ തിരുമുമ്പിൽ വിരിക്കുന്നു;
ഉണങ്ങിവരണ്ട നിലംപോലെ ഞാൻ അവിടത്തേക്കായി ദാഹിക്കുന്നു. സേലാ.

7യഹോവേ, വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ;
എന്റെ ആത്മാവ് തളർന്നിരിക്കുന്നു.
അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ
അങ്ങനെയായാൽ ഞാൻ ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെയാകും.
8പ്രഭാതം അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റിയുള്ള കേൾവിനൽകട്ടെ,
കാരണം എന്റെ ആശ്രയം അങ്ങയിൽ ഞാൻ അർപ്പിക്കുന്നു.
ഞാൻ പോകേണ്ടുന്ന വഴി എനിക്കു കാണിച്ചുതരണമേ,
കാരണം എന്റെ ജീവൻ ഞാൻ അങ്ങയെ ഏൽപ്പിച്ചിരിക്കുന്നു.
9യഹോവേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ മോചിപ്പിക്കണമേ,
കാരണം എന്റെ സംരക്ഷണത്തിനായി ഞാൻ അങ്ങയുടെ അടുത്തേക്കോടുന്നു.
10തിരുഹിതംചെയ്യാൻ എന്നെ പഠിപ്പിക്കണമേ,
കാരണം അവിടന്ന് ആകുന്നു എന്റെ ദൈവം;
അങ്ങയുടെ നല്ല ആത്മാവ്
നീതിപഥത്തിൽ
മൂ.ഭാ. സമഭൂമിയിൽ
എന്നെ നടത്തട്ടെ.

11യഹോവേ, തിരുനാമത്തെപ്രതി എന്റെ ജീവൻ സംരക്ഷിക്കണമേ;
അവിടത്തെ നീതിയാൽ കഷ്ടതയിൽനിന്നുമെന്നെ വിടുവിക്കണമേ.
12അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശത്രുക്കളെ നിശ്ശബ്ദരാക്കണമേ;
എന്റെ എതിരാളികളെയെല്ലാം നശിപ്പിക്കണമേ,
ഞാൻ അങ്ങയുടെ സേവകനാണല്ലോ.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.