‏ Psalms 140

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, അധർമം പ്രവർത്തിക്കുന്നവരിൽനിന്ന് എന്നെ മോചിപ്പിക്കണമേ;
അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ,
2അവർ ഹൃദയത്തിൽ ദുഷ്ടതന്ത്രങ്ങൾ ആവിഷ്കരിക്കുകയും
നിരന്തരം കലഹം ഇളക്കിവിടുകയുംചെയ്യുന്നു.
3അവർ തങ്ങളുടെ നാവ് സർപ്പത്തിന്റേതുപോലെ മൂർച്ചയുള്ളതാക്കുന്നു.
അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്. സേലാ.

4യഹോവേ, ദുഷ്ടരുടെ കൈകളിൽനിന്ന് എന്നെ സൂക്ഷിക്കണമേ;
എന്റെ കാലുകൾ കുരുക്കിൽപ്പെടുത്താൻ പദ്ധതിയിടുന്ന
അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ.
5അഹങ്കാരികൾ എനിക്കൊരു കെണി ഒരുക്കിയിരിക്കുന്നു;
അവർ ഒരു വല വിരിച്ചിരിക്കുന്നു
എന്റെ പാതയോരത്ത് എനിക്കായി ഒരു കുടുക്ക് ഒരുക്കിയിരിക്കുന്നു. സേലാ.

6“അവിടന്ന് ആകുന്നു എന്റെ ദൈവം,” എന്നു ഞാൻ യഹോവയോട് പറഞ്ഞു.
യഹോവേ, കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ.
7കർത്താവായ യഹോവേ, ശക്തനായ രക്ഷകാ,
യുദ്ധദിവസത്തിൽ അങ്ങ് എന്റെ ശിരസ്സിൽ ഒരു കവചം അണിയിക്കുന്നു.
8യഹോവേ, ദുഷ്ടരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കരുതേ,
അവരുടെ ആഗ്രഹങ്ങൾ സഫലമാക്കരുതേ. സേലാ.

9എന്നെ വലയംചെയ്തിരിക്കുന്നവർ അഹങ്കാരത്തോടെ അവരുടെ ശിരസ്സുകൾ ഉയർത്തുന്നു;
അവരുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന തിന്മയാൽത്തന്നെ അവരെ മൂടിക്കളയണമേ.
10അവരുടെമേൽ ജ്വലിക്കുന്ന കനലുകൾ പതിക്കട്ടെ;
അഗ്നികൂപങ്ങളിലേക്ക് അവർ എറിയപ്പെടട്ടെ,
ഒരിക്കലും കരകയറാനാകാത്തവിധം ചേറ്റുകുഴിയിലവർ നിപതിക്കട്ടെ.
11പരദൂഷണം പറയുന്നവർ ദേശത്ത് പ്രബലപ്പെടാതിരിക്കട്ടെ;
അക്രമികളെ ദുരന്തങ്ങൾ വേട്ടയാടി നശിപ്പിക്കട്ടെ.

12യഹോവ പീഡിതർക്ക് ന്യായവും
അഗതികൾക്ക് നീതിയും പരിപാലിക്കുമെന്ന് ഞാൻ അറിയുന്നു.
13നീതിനിഷ്ഠർ അവിടത്തെ നാമത്തെ വാഴ്ത്തുകയും
ഹൃദയപരമാർഥികൾ തിരുസന്നിധിയിൽ വസിക്കുകയും ചെയ്യും, നിശ്ചയം.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.