‏ Psalms 139

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, അവിടന്നെന്നെ പരിശോധിച്ചു,
അവിടന്നെന്നെ അറിഞ്ഞുമിരിക്കുന്നു.
2ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അവിടന്ന് അറിയുന്നു;
എന്റെ ചിന്തകളെ വിദൂരതയിൽനിന്നുതന്നെ അവിടന്ന് ഗ്രഹിക്കുന്നു.
3എന്റെ നടപ്പും എന്റെ കിടപ്പും അങ്ങ് വേർതിരിച്ചറിയുന്നു;
എന്റെ എല്ലാ മാർഗങ്ങളും അവിടത്തേക്ക് സുപരിചിതമാണ്.
4ഞാൻ ഒരു വാക്ക് ഉച്ചരിക്കാൻ ആരംഭിക്കുന്നതിനു മുമ്പുതന്നെ
യഹോവേ, അങ്ങ് അതു പൂർണമായും ഗ്രഹിക്കുന്നു.
5അവിടന്ന് എന്റെ മുന്നിലും പിന്നിലുംനിന്ന് എനിക്കു സംരക്ഷണമേകുന്നു,
അങ്ങയുടെ കരുതലിൻകരം എന്റെമേൽ വെച്ചിരിക്കുന്നു.
6ഈ അറിവ് എനിക്ക് അത്യന്തം വിസ്മയാവഹമാണ്,
അതെനിക്ക് എത്തിച്ചേരാവുന്നതിലും ഉന്നതമാണ്.

7അവിടത്തെ ആത്മാവിനെവിട്ട് ഞാൻ എവിടെ പോകും?
തിരുസന്നിധിയിൽനിന്നും ഞാൻ എവിടേക്കു പലായനംചെയ്യും?
8ഞാൻ സ്വർഗോന്നതങ്ങളിൽ കയറിച്ചെന്നാൽ അങ്ങ് അവിടെയുണ്ട്;
ഞാൻ പാതാളത്തിൽ കിടക്കവിരിച്ചാൽ അങ്ങ് അവിടെയുമുണ്ട്.
9ഞാൻ ഉഷസ്സിൻ ചിറകിലേറി,
ആഴിയുടെ അങ്ങേത്തീരത്തിലെത്തി വസിച്ചാൽ,
10അങ്ങയുടെ തിരുക്കരം അവിടെയും എനിക്കു വഴികാട്ടും,
അവിടത്തെ വലതുകരമെന്നെ താങ്ങിനടത്തും.
11“അന്ധകാരമെന്നെ ആവരണംചെയ്യട്ടെ എന്നും
പ്രകാശം എനിക്കുചുറ്റും ഇരുൾപരത്തട്ടെ എന്നും,” ഞാൻ പറഞ്ഞാൽ,
12ഇരുട്ടുപോലും അങ്ങേക്ക് ഇരുട്ടായിരിക്കുകയില്ല;
രാത്രി പകൽപോലെ പ്രകാശിക്കും,
കാരണം അന്ധകാരം അവിടത്തേക്ക് പ്രകാശംപോലെതന്നെ.

13അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്;
എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്.
14സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു;
അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്,
അതെനിക്കു നന്നായി അറിയാം.
15ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും
ഭൂമിയുടെ അഗാധതകളിൽ മെനയപ്പെടുകയും ചെയ്തപ്പോൾ,
എന്റെ ആകാരം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.
16എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു;
എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ,
അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു.
17ദൈവമേ, അവിടത്തെ വിചാരങ്ങൾ എനിക്ക് എത്രയോ അമൂല്യം!
അവയുടെ ആകെത്തുക എത്ര വലുത്!
18ഞാൻ അവയെ എണ്ണിനോക്കിയാൽ
അവ മണൽത്തരികളെക്കാൾ അധികം!
ഞാനുണരുമ്പോൾ അങ്ങയോടൊപ്പംതന്നെയായിരിക്കും.

19ദൈവമേ, അങ്ങ് ദുഷ്ടരെ സംഹരിച്ചിരുന്നെങ്കിൽ നന്നായിരുന്നു!
രക്തദാഹികളേ, എന്നെ വിട്ടകന്നുപോകൂ!
20അവർ അങ്ങയെപ്പറ്റി ദുഷ്ടലാക്കോടുകൂടി സംസാരിക്കുന്നു;
അങ്ങയുടെ തിരുനാമം ശത്രുക്കൾ ദുർവിനിയോഗംചെയ്യുന്നു.
21യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?
അങ്ങയോട് എതിർത്തുനിൽക്കുന്നവരെ ഞാൻ കഠിനമായി വെറുക്കേണ്ടതല്ലയോ?
22എനിക്കവരോട് പൂർണ വെറുപ്പുമാത്രമേയുള്ളൂ;
ഞാൻ അവരെ എന്റെ ശത്രുക്കളായി പരിഗണിക്കുന്നു.
23ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ;
എന്നെ പരീക്ഷിച്ച് എന്റെ ആകാംക്ഷാഭരിതമായ വിചാരങ്ങൾ മനസ്സിലാക്കണമേ.
24ദോഷത്തിന്റെ മാർഗം എന്തെങ്കിലും എന്നിലുണ്ടോ എന്നുനോക്കി,
ശാശ്വതമാർഗത്തിൽ എന്നെ നടത്തണമേ.

സംഗീതസംവിധായകന്.
സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.