‏ Psalms 135

1യഹോവയെ വാഴ്ത്തുക.
മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 3, 21 കാണുക.


യഹോവയുടെ നാമത്തെ വാഴ്ത്തുക;
യഹോവയുടെ ശുശ്രൂഷകരേ, അവിടത്തെ വാഴ്ത്തുക,
2യഹോവയുടെ ആലയത്തിൽ—
നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിൽ—ശുശ്രൂഷിക്കുന്നവരേ,
3യഹോവയെ വാഴ്ത്തുക, കാരണം യഹോവ നല്ലവൻ ആകുന്നു;
തിരുനാമത്തിന് സ്തുതിഗീതം ആലപിക്കുക, അതു മനോഹരമല്ലോ.
4യഹോവ യാക്കോബിനെ തനിക്കു സ്വന്തമായും
ഇസ്രായേലിനെ തനിക്കു വിലപ്പെട്ട നിക്ഷേപമായും തെരഞ്ഞെടുത്തിരിക്കുന്നു.

5യഹോവ ഉന്നതൻ ആകുന്നു എന്നും
നമ്മുടെ കർത്താവ് സകലദേവന്മാരിലും ഔന്നത്യമുള്ളവനെന്നും ഞാൻ അറിയുന്നു.
6ആകാശത്തിലും ഭൂമിയിലും
സമുദ്രങ്ങളിലും അതിന്റെ എല്ലാ ആഴങ്ങളിലും
യഹോവ തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
7അവിടന്ന് ഭൂമിയുടെ അതിർത്തികളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു;
മഴയോടൊപ്പം അവിടന്ന് മിന്നലിനെ അയയ്ക്കുന്നു
അവിടത്തെ കലവറകളിൽനിന്ന് കാറ്റിനെ സ്വതന്ത്രമാക്കുന്നു.

8അവിടന്ന് ഈജിപ്റ്റിലെ ആദ്യജാതന്മാരെ ഉന്മൂലനംചെയ്തു,
മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതന്മാരെത്തന്നെ.
9ഈജിപ്റ്റുദേശമേ, അവിടന്ന് തന്റെ ചിഹ്നങ്ങളും അത്ഭുതങ്ങളും നിങ്ങളുടെ മധ്യത്തിൽ അയച്ചില്ലയോ,
ഫറവോന്റെയും അദ്ദേഹത്തിന്റെ സേവകവൃന്ദത്തിനും എതിരേതന്നെ.
10അവിടന്ന് അനേകം രാഷ്ട്രങ്ങളെ തകർക്കുകയും
ശക്തരായ രാജാക്കന്മാരെ സംഹരിക്കുകയും ചെയ്തു—
11അമോര്യരുടെ രാജാവായ സീഹോനെയും
ബാശാൻരാജാവായ ഓഗിനെയും
കനാനിലെ എല്ലാ രാജാക്കന്മാരെയുംതന്നെ—
12അവിടന്ന് അവരുടെ രാജ്യം അവകാശമായി നൽകി,
തന്റെ ജനമായ ഇസ്രായേലിന് ഒരു പൈതൃകാവകാശമായിത്തന്നെ.

13യഹോവേ, അവിടത്തെ നാമം, യഹോവേ, അവിടത്തെ കീർത്തി,
എല്ലാ തലമുറകളിലും എന്നേക്കും നിലനിൽക്കുന്നു.
14കാരണം യഹോവ തന്റെ ജനത്തെ കുറ്റവിമുക്തരാക്കുന്നു
അവിടത്തെ സേവകരുടെമേൽ അനുകമ്പകാട്ടുകയുംചെയ്യുന്നു.

15ജനതകളുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്,
മനുഷ്യകരങ്ങളാൽ നിർമിതവുമാണ്.
16അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല,
കണ്ണുണ്ട്, എന്നാൽ കാണാൻ കഴിയുന്നില്ല.
17അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല,
അവയുടെ വായിൽ ശ്വാസവുമില്ല.
18അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു,
അവയിൽ ആശ്രയിക്കുന്ന എല്ലാവരും അങ്ങനെതന്നെ.

19ഇസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക;
അഹരോൻഗൃഹമേ, യഹോവയെ വാഴ്ത്തുക;
20ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക;
യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ വാഴ്ത്തുക.
21സീയോനിൽനിന്നുള്ള യഹോവ വാഴ്ത്തപ്പെടട്ടെ,
കാരണം അവിടന്ന് ജെറുശലേമിൽ അധിവസിക്കുന്നു.

യഹോവയെ വാഴ്ത്തുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.