‏ Psalms 115

1ഞങ്ങൾക്കല്ല യഹോവേ, ഞങ്ങൾക്കല്ല;
അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം
തിരുനാമത്തിനുതന്നെ മഹത്ത്വം ഉണ്ടാകട്ടെ.

2ജനതകളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,”
എന്നു ചോദിപ്പിക്കുന്നതെന്തിന്?
3ഞങ്ങളുടെ ദൈവം സ്വർഗത്തിലുണ്ട്;
അവിടന്ന് തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
4എന്നാൽ അവരുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്;
മനുഷ്യകരങ്ങളാൽ നിർമിതവുമാണ്.
5അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല;
കണ്ണുണ്ട്, എന്നാൽ കാണാൻ കഴിയുന്നില്ല.
6അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല;
മൂക്കുണ്ട് എങ്കിലും മണക്കുന്നില്ല.
7അവയ്ക്കു കൈയുണ്ട്, എങ്കിലും സ്പർശിക്കുന്നില്ല;
കാലുണ്ട്, എങ്കിലും നടക്കുന്നില്ല;
തൊണ്ടകൊണ്ട് സംസാരിക്കുന്നതിനും അവയ്ക്കു കഴിവില്ല.
8അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു,
അവയിൽ ആശ്രയിക്കുന്ന എല്ലാവരും അങ്ങനെതന്നെ.

9ഇസ്രായേലേ, യഹോവയിൽ ആശ്രയിക്കുക—
അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു.
10അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക—
അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു.
11യഹോവയെ ഭയപ്പെടുന്ന എല്ലാവരുമേ, യഹോവയിൽ ആശ്രയിക്കുക—
അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു.

12യഹോവ നമ്മെ ഓർക്കുകയും അനുഗ്രഹിക്കുകയും ചെയ്യും:
അവിടന്ന് ഇസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും
അവിടന്ന് അഹരോൻഗൃഹത്തെ അനുഗ്രഹിക്കും
13യഹോവയെ ഭയപ്പെടുന്ന എല്ലാവരെയും അവിടന്ന് അനുഗ്രഹിക്കും—
ചെറിയവരെയും വലിയവരെയും ഒരുപോലെതന്നെ.

14യഹോവ നിങ്ങളെ വർധിപ്പിക്കട്ടെ;
നിങ്ങളെയും നിങ്ങളുടെ മക്കളെയുംതന്നെ.
15ആകാശവും ഭൂമിയും നിർമിച്ച യഹോവയാൽ
നിങ്ങൾ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.

16സ്വർഗം യഹോവയുടേതാകുന്നു,
എന്നാൽ ഭൂമി അവിടന്ന് മനുഷ്യർക്കു നൽകിയിരിക്കുന്നു.
17മരിച്ചവരാരും യഹോവയെ വാഴ്ത്തുന്നില്ല,
നിശ്ശബ്ദതയിൽ ആണ്ടുപോയവരും അങ്ങനെതന്നെ;
18എന്നാൽ നാമാണ് യഹോവയെ പുകഴ്ത്തുന്നത്,
ഇന്നും എന്നെന്നേക്കും.

യഹോവയെ വാഴ്ത്തുക.
മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.

Copyright information for MalMCV