Psalms 113
1യഹോവയെ വാഴ്ത്തുക. ▼▼മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 9 കാണുക.
അവിടത്തെ ദാസന്മാരേ, യഹോവയെ വാഴ്ത്തുക;
യഹോവയുടെ നാമത്തെ വാഴ്ത്തുക.
2യഹോവയുടെ നാമം ഇന്നും എന്നെന്നേക്കും
വാഴ്ത്തപ്പെടുമാറാകട്ടെ.
3സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള എല്ലായിടങ്ങളിലും
യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ.
4യഹോവ സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു,
അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേയും.
5ഉന്നതത്തിൽ സിംഹാസനസ്ഥനായിരുന്ന്,
കുനിഞ്ഞ് ആകാശത്തിലുള്ളവയെയും
6ഭൂമിയിലുള്ളവയെയും കടാക്ഷിക്കുന്ന
നമ്മുടെ ദൈവമായ യഹോവയെപ്പോലെ ആരാണുള്ളത്?
7അവിടന്ന് ദരിദ്രരെ പൊടിയിൽനിന്നുയർത്തുന്നു
എളിയവരെ ചാരക്കൂമ്പാരത്തിൽനിന്നും;
8അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ,
സ്വജനത്തിന്റെ അധിപതികളോടുകൂടെത്തന്നെ ഇരുത്തുന്നു.
9അവിടന്ന് വന്ധ്യയായവളെ മക്കളുടെ മാതാവാക്കി
ആനന്ദത്തോടെ ഭവനത്തിൽ പാർപ്പിക്കുന്നു.
യഹോവയെ വാഴ്ത്തുക.
Copyright information for
MalMCV