‏ Psalms 108

ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.

1ദൈവമേ, എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു;
ഞാൻ പാടും, പൂർണഹൃദയത്തോടെ ഞാൻ പാടിപ്പുകഴ്ത്തും.
2വീണയേ, കിന്നരമേ, ഉണരുക!
ഞാൻ ഉഷസ്സിനെ ഉണർത്തും.
3യഹോവേ, ഞാൻ അങ്ങയെ ജനതകളുടെ മധ്യേ പുകഴ്ത്തും;
ഞാൻ ജനതകളുടെ മധ്യേ അങ്ങയെ പാടിപ്പുകഴ്ത്തും.
4കാരണം അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തെക്കാൾ ഉന്നതം;
അവിടത്തെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
5ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ;
അവിടത്തെ മഹത്ത്വം സർവഭൂമിയിലും വിളങ്ങട്ടെ.

6ഞങ്ങളെ രക്ഷിക്കണമേ, അവിടത്തെ വലംകരത്താൽ ഞങ്ങളെ സഹായിക്കണമേ,
അങ്ങനെ അവിടത്തേക്ക് പ്രിയരായവരെ വിടുവിക്കണമേ.
7ദൈവം തിരുനിവാസത്തിൽനിന്ന്
അഥവാ, വിശുദ്ധിയിൽനിന്നും
അരുളിച്ചെയ്യുന്നു:
“ഞാൻ ആനന്ദിക്കും; ഞാൻ ശേഖേമിനെ വിഭജിക്കുകയും
സൂക്കോത്ത് താഴ്വരയെ അളക്കുകയും ചെയ്യും.
8ഗിലെയാദ് എനിക്കുള്ളത്, മനശ്ശെയും എന്റേത്;
എഫ്രയീം എന്റെ ശിരോകവചവും
യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
9മോവാബ് എനിക്ക് കഴുകുന്നതിനുള്ള പാത്രം
ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും;
ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷം മുഴക്കും.”

10കോട്ടമതിൽ കെട്ടിയുറപ്പിച്ച നഗരത്തിലേക്ക് ആരെന്നെ ആനയിക്കും?
ഏദോമിലേക്ക് എന്നെ ആര് നയിക്കും?
11ദൈവമേ, അങ്ങ് അല്ലയോ, അവിടന്നല്ലയോ ഞങ്ങളെ തിരസ്കരിച്ചത്!
ഞങ്ങളുടെ സൈന്യവ്യൂഹത്തോടൊപ്പം പോർമുഖത്തേക്ക് വരുന്നതുമില്ലല്ലോ?
12ശത്രുക്കൾക്കുമുമ്പിൽ ഞങ്ങളെ സഹായിക്കണമേ,
മനുഷ്യന്റെ സഹായം യാതൊരു പ്രയോജനവുമില്ലാത്തതാണല്ലോ.
13ദൈവത്തോടൊപ്പം നാം വിജയം കൈവരിക്കും,
അങ്ങനെ അവിടന്ന് നമ്മുടെ ശത്രുക്കളെ ചവിട്ടിമെതിച്ചുകളയും.

സംഗീതസംവിധായകന്.
സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.