‏ Psalms 104

1എൻ മനമേ, യഹോവയെ വാഴ്ത്തുക.

എന്റെ ദൈവമായ യഹോവേ, അവിടന്ന് മഹോന്നതനാണ്;
അവിടന്ന് പ്രതാപവും മഹത്ത്വവും അണിഞ്ഞിരിക്കുന്നു.

2ഒരു ഉടയാടപോലെ അവിടന്ന് പ്രകാശത്തെ ചുറ്റിയിരിക്കുന്നു;
ഒരു കൂടാരം എന്നപോലെ അവിടന്ന് ആകാശത്തെ വിരിക്കുകയും
3മാളികയുടെ തുലാങ്ങളെ വെള്ളത്തിനുമീതേ നിരത്തുകയും ചെയ്തിരിക്കുന്നു.
അവിടന്ന് മേഘങ്ങളെ തന്റെ തേരാക്കി,
കാറ്റിൻചിറകിലേറി സഞ്ചരിക്കുന്നു.
4അവിടന്ന് കാറ്റുകളെ തന്റെ ദൂതന്മാരും
അഥവാ, സന്ദേശവാഹകർ

അഗ്നിജ്വാലകളെ തന്റെ സേവകരും ആക്കുന്നു.

5അവിടന്ന് ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു;
അതുകൊണ്ട് അത് ഒരിക്കലും ഇളകുകയില്ല.
6അവിടന്ന് വസ്ത്രംകൊണ്ടെന്നപോലെ അതിനെ ആഴികൊണ്ട് ആവരണംചെയ്തു;
വെള്ളം പർവതങ്ങൾക്കുമീതേപോലും നിലകൊണ്ടു.
7എന്നാൽ അവിടത്തെ ശാസനയാൽ വെള്ളം പിൻവാങ്ങി,
അവിടത്തെ ഇടിമുഴക്കത്തിന്റെ ശബ്ദംകേട്ട് അത് പലായനംചെയ്തു;
8പർവതങ്ങൾ ഉയർന്നു,
താഴ്വരകൾ താണു,
അവിടന്ന് അവയ്ക്കായി നിശ്ചയിച്ച സ്ഥാനത്തുതന്നെ.
9അങ്ങ് ആഴികൾക്ക് ലംഘിക്കരുതാത്ത ഒരു അതിർത്തി നിശ്ചയിച്ചു;
അവ ഇനിയൊരിക്കലും ഭൂമിയെ മൂടുകയില്ല.

10മലയിടുക്കുകളിൽനിന്ന് അവിടന്ന് നീർച്ചാലുകൾ പുറപ്പെടുവിക്കുന്നു;
അവ പർവതങ്ങൾക്കിടയിലൂടെ പാഞ്ഞൊഴുകുന്നു.
11അവയിൽനിന്ന് വയലിലെ സകലമൃഗജാലങ്ങളും കുടിക്കുന്നു;
കാട്ടുകഴുതകളും അവയുടെ ദാഹം ശമിപ്പിക്കുന്നു.
12ആകാശത്തിലെ പറവകൾ അവയുടെ തീരങ്ങളിൽ കൂടൊരുക്കുന്നു;
ചില്ലകൾക്കിടയിലിരുന്ന് അവ പാടുന്നു.
13അവിടന്ന് മാളികമുറികളിൽനിന്ന് പർവതങ്ങളെ നനയ്ക്കുന്നു;
ഭൂമി അവിടത്തെ പ്രവൃത്തികളുടെ ഫലത്താൽ സംതൃപ്തിനേടുന്നു.
14കന്നുകാലികൾക്കായി അവിടന്ന് പുല്ല് മുളപ്പിക്കുന്നു
മനുഷ്യർക്ക് ആഹാരം ലഭിക്കേണ്ടതിനു ഭൂമിയിൽനിന്ന്
സസ്യസമ്പത്തും അവിടന്ന് വളരുമാറാക്കുന്നു:
15മനുഷ്യഹൃദയത്തിന് ആനന്ദമേകുന്ന വീഞ്ഞ്,
അവരുടെ മുഖത്തെ മിനുക്കുന്നതിനുള്ള എണ്ണ,
മനുഷ്യഹൃദയത്തിനു ശക്തിപകരുന്ന ആഹാരം എന്നിവതന്നെ.
16യഹോവയുടെ വൃക്ഷങ്ങൾ നന്നായി നനയ്ക്കപ്പെടുന്നു,
അവിടന്ന് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾതന്നെ.
17അവിടെ പക്ഷികൾ കൂടൊരുക്കുന്നു;
കൊക്കുകൾ സരളവൃക്ഷങ്ങളിൽ പാർപ്പിടമൊരുക്കുന്നു.
18ഉയർന്ന പർവതങ്ങൾ കാട്ടാടുകൾക്കുള്ളതാണ്;
കിഴുക്കാംതൂക്കായ പാറ കുഴിമുയലുകൾക്ക് സങ്കേതമാകുന്നു.

19ഋതുക്കളുടെ മാറ്റങ്ങൾ നിർണയിക്കുന്നതിനായി അവിടന്ന് ചന്ദ്രനെ നിർമിച്ചു,
എപ്പോഴാണ് അസ്തമിക്കുന്നതെന്ന് സൂര്യനും നിശ്ചയമുണ്ട്.
20അവിടന്ന് അന്ധകാരം കൊണ്ടുവരുന്നു, അപ്പോൾ രാത്രിയാകുന്നു,
അങ്ങനെ കാട്ടിലെ സകലമൃഗങ്ങളും ഇരതേടി അലയുന്നു.
21സിംഹങ്ങൾ ഇരയ്ക്കായി ഗർജിക്കുന്നു,
ദൈവത്തോട് തങ്ങളുടെ ആഹാരം ചോദിക്കുന്നു.
22സൂര്യൻ ഉദിക്കുമ്പോൾ അവ പിൻവാങ്ങുന്നു;
അവ മടങ്ങിപ്പോയി തങ്ങളുടെ ഗുഹകളിൽ വിശ്രമിക്കുന്നു.
23അപ്പോൾ മനുഷ്യർ തങ്ങളുടെ വേലയ്ക്കായി പുറപ്പെടുന്നു,
വൈകുന്നേരംവരെ അവർ തങ്ങളുടെ വേല തുടരുന്നു.

24യഹോവേ, വൈവിധ്യമാർന്ന ജീവികളെയാണല്ലോ അവിടന്ന് ഉണ്ടാക്കിയിരിക്കുന്നത്!
അവയെയെല്ലാം അങ്ങ് ജ്ഞാനത്തോടെ നിർമിച്ചു;
ഭൂമി അവിടത്തെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.
25അതാ, അനന്തവിശാലമായ സമുദ്രം,
ചെറുതും വലുതുമായ ജീവജാലങ്ങൾ നിറഞ്ഞിരിക്കുന്നു—
അസംഖ്യം ജീവജാലങ്ങൾ അവിടെ വിഹരിക്കുന്നു.
26അതിൽക്കൂടി കപ്പലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു,
അതിൽ തിമിർത്താടുന്നതിനായി അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാനുമുണ്ട്.

27തക്കസമയത്ത് ആഹാരം ലഭിക്കുന്നതിനായി
എല്ലാ ജീവികളും അങ്ങയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു.
28അങ്ങ് അവയ്ക്ക് ആഹാരം നൽകുന്നു,
അവയത് ശേഖരിക്കുന്നു;
അങ്ങ് തൃക്കൈ തുറക്കുമ്പോൾ
അവ നന്മകൊണ്ട് തൃപ്തരാകുന്നു.
29അവിടന്ന് തിരുമുഖം മറയ്ക്കുന്നു,
അവ പരിഭ്രാന്തരാകുന്നു;
അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ
അവ ജീവനറ്റ് മണ്ണിലേക്കു മടങ്ങുന്നു.
30അങ്ങ് അങ്ങയുടെ ആത്മാവിനെ അയയ്ക്കുമ്പോൾ
അഥവാ, അങ്ങ് ജീവശ്വാസം അയയ്ക്കുമ്പോൾ

അവ സൃഷ്ടിക്കപ്പെടുന്നു,
അങ്ങനെ അങ്ങ് ഭൂമിയുടെ പ്രതലം നവീകരിക്കുന്നു.

31യഹോവയുടെ മഹത്ത്വം ശാശ്വതമായി നിലനിൽക്കട്ടെ;
യഹോവ അവിടത്തെ പ്രവൃത്തികളിൽ ആനന്ദിക്കട്ടെ—
32അവിടന്ന് ഭൂമിയെ വീക്ഷിക്കുന്നു, അതു പ്രകമ്പനംകൊള്ളുന്നു,
അവിടന്ന് പർവതങ്ങളെ സ്പർശിക്കുന്നു, അവ പുകയുന്നു.

33ഞാൻ എന്റെ ജീവിതം മുഴുവനും യഹോവയ്ക്കു പാടും;
എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും.
34ഞാൻ യഹോവയിൽ ആനന്ദിക്കുമ്പോൾ
എന്റെ ധ്യാനം അവിടത്തേക്ക് പ്രസാദകരമായിത്തീരട്ടെ.
35എന്നാൽ പാപികൾ പാരിടത്തിൽനിന്ന് തുടച്ചുനീക്കപ്പെടുകയും
ദുഷ്ടർ ഇല്ലാതെയുമായിത്തീരട്ടെ.

എൻ മനമേ, യഹോവയെ വാഴ്ത്തുക.

യഹോവയെ വാഴ്ത്തുക.
മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.

Copyright information for MalMCV