‏ Psalms 101

ദാവീദിന്റെ ഒരു സങ്കീർത്തനം.

1അങ്ങയുടെ അചഞ്ചലസ്നേഹത്തെയും നീതിയെയുംകുറിച്ച് ഞാൻ പാടും
യഹോവേ, അങ്ങയെ ഞാൻ വാഴ്ത്തിപ്പാടും.
2നിഷ്കളങ്കമായ ഒരു ജീവിതം നയിക്കുന്നതിൽ ഞാൻ ശ്രദ്ധചെലുത്തും—
അവിടന്ന് എപ്പോഴാണ് എന്റെ അരികിൽ എത്തുക?

പരമാർഥഹൃദയത്തോടെ
ഞാൻ എന്റെ ഭവനത്തിൽ പെരുമാറും.
3എന്റെ കണ്ണിനുമുന്നിൽ
ഒരു നീചകാര്യവും ഞാൻ വെക്കുകയില്ല.

വിശ്വാസഘാതകരുടെ പ്രവൃത്തികൾ ഞാൻ വെറുക്കുന്നു;
എനിക്ക് അവരുമായി യാതൊരു പങ്കുമില്ല.
4വക്രഹൃദയം എന്നിൽനിന്ന് ഏറെ അകലെയാണ്;
തിന്മപ്രവൃത്തികളുമായി എനിക്കു യാതൊരു ബന്ധവുമില്ല.

5തന്റെ അയൽവാസിക്കെതിരേ രഹസ്യമായി ഏഷണി പറയുന്നവരെ
ഞാൻ നശിപ്പിക്കും;
അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും ഉള്ളവരെ
ഞാൻ സഹിക്കുകയില്ല.

6ദേശത്തിലെ വിശ്വസ്തർ എന്നോടൊപ്പം വസിക്കേണ്ടതിന്
എന്റെ ദൃഷ്ടി അവരുടെമേൽ വെച്ചിരിക്കും;
നിഷ്കളങ്കരായി ജീവിക്കുന്നവർ
എനിക്കു ശുശ്രൂഷചെയ്യും.

7വഞ്ചന പ്രവർത്തിക്കുന്നവരാരും
എന്റെ ഭവനത്തിൽ വസിക്കുകയില്ല;
വ്യാജം പറയുന്നവരാരും
എന്റെ സന്നിധിയിൽ ഉറച്ചുനിൽക്കുകയില്ല.

8ദേശത്തിലെ സകലദുഷ്ടരെയും
ഓരോ പ്രഭാതത്തിലും ഞാൻ കണ്ടെത്തി നശിപ്പിക്കും;
അധർമികളായ എല്ലാവരെയും ഞാൻ
യഹോവയുടെ നഗരത്തിൽനിന്ന് ഛേദിച്ചുകളയും.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.