‏ Psalms 91

1അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ
സർവശക്തന്റെ തണലിൽ വിശ്രമിക്കും.
2ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും
ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും,” എന്നു പറയും.

3അവിടന്നു നിശ്ചയമായും നിന്നെ
വേട്ടക്കാരുടെ കെണിയിൽനിന്നും
മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും.
4തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും,
അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും;
അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും.
5രാത്രിയുടെ ഭീകരതയോ
പകലിൽ ചീറിപ്പായുന്ന അസ്ത്രമോ
6ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ
നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല.
7നിന്റെ വശത്ത് ആയിരംപേരും
നിന്റെ വലതുഭാഗത്ത് പതിനായിരംപേരും വീഴും.
എങ്കിലും അതു നിന്നോട് അടുക്കുകയില്ല.
8നിന്റെ കണ്ണുകൾകൊണ്ട് നീ നോക്കുകയും
ദുഷ്ടരുടെ ശിക്ഷ നീ കാണുകയും ചെയ്യും.

9യഹോവയെ നിന്റെ സങ്കേതവും
അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ,
10ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല,
ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല.
11കാരണം അവിടന്ന് തന്റെ ദൂതന്മാരോട്
നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും;
12അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ
നിന്നെ അവരുടെ കരങ്ങളിലേന്തും.
13സിംഹത്തെയും അണലിയെയും നീ ചതയ്ക്കും;
സിംഹക്കുട്ടികളെയും മഹാസർപ്പത്തെയും നീ മെതിക്കും.

14അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “എന്നെ സ്നേഹിക്കുന്നവരെ ഞാൻ മോചിപ്പിക്കും;
എന്റെ നാമത്തിൽ ആശ്രയിക്കുന്നവരെ ഞാൻ സംരക്ഷിക്കും.
15അവർ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ അവർക്ക് ഉത്തരമരുളും;
കഷ്ടതയിൽ ഞാൻ അവരോടൊപ്പമുണ്ടാകും,
ഞാൻ അവരെ വിടുവിച്ച് ബഹുമാനിക്കും.
16ദീർഘായുസ്സ് നൽകി ഞാൻ അവരെ തൃപ്തരാക്കും
എന്റെ രക്ഷ ഞാൻ അവർക്കു കാണിച്ചുകൊടുക്കും.”
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.