‏ Psalms 82

ആസാഫിന്റെ ഒരു സങ്കീർത്തനം.

1ദൈവം മഹാസഭയിൽ ആധ്യക്ഷ്യംവഹിക്കുന്നു;
അവിടന്ന് ദേവന്മാർക്കിടയിൽ ന്യായംവിധിക്കുന്നു:

2“എത്രനാൾ നിങ്ങൾ അനീതിക്കായി നിലകൊള്ളുകയും
ദുഷ്ടരോട് പക്ഷപാതംകാണിക്കുകയും ചെയ്യും. സേലാ
3അനാഥർക്കും ദുർബലർക്കുമായി നിലകൊള്ളുക;
ദരിദ്രർക്കും പീഡിതർക്കും ന്യായപാലനം ചെയ്യുക.
4അഗതികളെയും ദുർബലരെയും മോചിപ്പിക്കുക;
അവരെ ദുഷ്ടരുടെ കൈകളിൽനിന്ന് വിടുവിക്കുക.

5“അവർ ഒന്നും അറിയുന്നില്ല, അവർ ഒന്നും മനസ്സിലാക്കുന്നില്ല.
അവർ അന്ധകാരത്തിൽ തപ്പിത്തടയുന്നു;
ഭൂമിയുടെ അടിസ്ഥാനങ്ങളെല്ലാം ഇളകിയിരിക്കുന്നു.

6“ ‘നിങ്ങൾ ദേവന്മാർ, എന്നും
നിങ്ങൾ എല്ലാവരും അത്യുന്നതന്റെ മക്കൾ എന്നും ഞാൻ പറഞ്ഞു.’
7എന്നാൽ വെറും മനുഷ്യരെപ്പോലെ നിങ്ങൾ മരിക്കും;
ഭരണാധിപരിൽ ഒരാളെപ്പോലെ നിങ്ങൾ വീണുപോകും.”

8ദൈവമേ, എഴുന്നേൽക്കണമേ, ഭൂമിയെ വിധിക്കണമേ,
കാരണം സകലരാഷ്ട്രങ്ങളും അങ്ങയുടെ അവകാശമാണല്ലോ.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.