Psalms 81
ആസാഫിന്റെ ഒരു സങ്കീർത്തനം.
1നമ്മുടെ ബലമായ ദൈവത്തിന് ആനന്ദഗീതമാലപിക്കുക;യാക്കോബിന്റെ ദൈവത്തിന് ആർപ്പിടുക!
2തപ്പുകൊട്ടിയും ഇമ്പസ്വരമുള്ള കിന്നരവും വീണയും വായിച്ചും
സംഗീതം തുടങ്ങുക.
3അമാവാസിയിലും പൗർണമിനാളിലുമുള്ള നമ്മുടെ ഉത്സവദിനങ്ങളിലും
കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളം മുഴക്കുക;
4ഇത് അവിടന്ന് ഇസ്രായേലിനു നൽകിയ ഉത്തരവും
യാക്കോബിൻ ദൈവത്തിനൊരു അനുഷ്ഠാനവും ആകുന്നു.
5ദൈവം ഈജിപ്റ്റിനെതിരേ പുറപ്പെട്ടപ്പോൾ,
അവിടന്ന് ഇത് ഒരു നിയമമായി യോസേഫിന് സ്ഥാപിച്ചുകൊടുത്തു.
അവിടെ ഞാൻ അപരിചിതമായ ഒരു ശബ്ദം കേട്ടു, അത് ഇപ്രകാരമായിരുന്നു:
6“അവരുടെ തോളുകളിൽനിന്ന് ഞാൻ ഭാരമിറക്കിവെച്ചു;
അവരുടെ കരങ്ങൾ കുട്ടകൾ വിട്ട് സ്വതന്ത്രമായിത്തീർന്നു.
7നിങ്ങളുടെ ദുരിതത്തിൽ നിങ്ങൾ നിലവിളിച്ചു, ഞാൻ നിങ്ങളെ മോചിപ്പിച്ചു,
ഇടിമുഴക്കത്തിൽനിന്ന് ഞാൻ നിങ്ങൾക്ക് ഉത്തരമരുളി;
മെരീബയിലെ ജലാശയത്തിനരികെവെച്ച് ഞാൻ നിങ്ങളെ പരീക്ഷിച്ചു. സേലാ.
8എന്റെ ജനമേ, ശ്രദ്ധിക്കുക, ഞാൻ നിങ്ങൾക്കു മുന്നറിയിപ്പുനൽകുന്നു—
ഇസ്രായേലേ, നിങ്ങൾ എന്റെ വാക്ക് കേട്ടെങ്കിൽ കൊള്ളാമായിരുന്നു!
9നിങ്ങളുടെ ഇടയിൽ അന്യദേവൻ ഉണ്ടാകരുത്;
ഒരു അന്യദേവന്റെയും മുമ്പാകെ നിങ്ങൾ വണങ്ങരുത്.
10നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന
നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു.
നിങ്ങളുടെ വായ് വിസ്താരത്തിൽ തുറക്കുക; ഞാൻ അതു നിറയ്ക്കും.
11“എന്നാൽ എന്റെ ജനം ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നില്ല;
ഇസ്രായേൽ എനിക്കു കീഴടങ്ങിയിരിക്കുന്നതുമില്ല.
12അവർ അവരുടേതായ പദ്ധതികൾക്കനുസൃതമായി ജീവിക്കുന്നതിന്
ഞാൻ അവരെ ഹൃദയകാഠിന്യത്തിന് ഏൽപ്പിച്ചു.
13“എന്റെ ജനം എന്റെ വാക്ക് കേട്ടിരുന്നെങ്കിൽ,
ഇസ്രായേൽ എന്റെ വഴികളിൽ നടന്നിരുന്നെങ്കിൽ,
14ഞാൻ അവരുടെ ശത്രുക്കളെ അതിവേഗം കീഴടക്കുമായിരുന്നു!
എന്റെ കൈ അവരുടെ വൈരികൾക്കെതിരേ തിരിക്കുമായിരുന്നു!
15യഹോവയെ വെറുക്കുന്നവർ അവിടത്തെ കാൽക്കൽവീണു കെഞ്ചുമായിരുന്നു,
അവരുടെ ശിക്ഷ എന്നെന്നേക്കും നിലനിൽക്കുമായിരുന്നു.
16എന്നാൽ ഏറ്റവും മേൽത്തരമായ ഗോതമ്പുകൊണ്ട് ഞാൻ നിങ്ങളെ പരിപോഷിപ്പിക്കുമായിരുന്നു;
പാറയിൽനിന്നുള്ള തേൻകൊണ്ട് ഞാൻ നിങ്ങളെ തൃപ്തരാക്കുമായിരുന്നു.”
Copyright information for
MalMCV