‏ Psalms 66

ഒരു ഗീതം; ഒരു സങ്കീർത്തനം.

1സർവഭൂമിയുമേ, ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുക!
2അവിടത്തെ നാമത്തിന്റെ മഹത്ത്വം ആലപിക്കുക;
അവിടത്തെ സ്തുതി തേജസ്സേറിയതാക്കുക.
3ദൈവത്തോടു പറയുക: “അവിടത്തെ പ്രവൃത്തികൾ എത്ര ഭീതിജനകം!
അവിടത്തെ ശക്തി അതിമഹത്തായതാണ്
അതുകൊണ്ട് അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ കാൽക്കൽവീഴുന്നു.
4സർവഭൂമിയും തിരുമുമ്പിൽ താണുവണങ്ങുന്നു;
അവർ അവിടത്തേക്ക് സ്തുതിപാടുന്നു,
അവിടത്തെ നാമത്തിന് സ്തുതിഗീതം ആലപിക്കുന്നു.” സേലാ.

5ദൈവത്തിന്റെ പ്രവൃത്തികളെ വന്നു കാണുക,
മനുഷ്യപുത്രന്മാർക്കുവേണ്ടി അവിടന്ന് വിസ്മയാവഹമായ കാര്യങ്ങൾ ചെയ്യുന്നു!
6അവിടന്ന് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി,
അവർ നദിയുടെ അടിത്തട്ടിലൂടെ കാൽനടയായി പോയി—
വരിക, നമുക്ക് ദൈവത്തിൽ ആനന്ദിക്കാം.
7അവിടന്ന് തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു,
അവിടത്തെ കണ്ണുകൾ രാഷ്ട്രങ്ങളെ വീക്ഷിക്കുന്നു—
മത്സരിക്കുന്നവർ അവിടത്തേക്കെതിരേ തങ്ങളെത്തന്നെ ഉയർത്താതിരിക്കട്ടെ. സേലാ.

8സകലജനതകളുമേ, നമ്മുടെ ദൈവത്തെ വാഴ്ത്തുക,
അവിടത്തേക്കുള്ള സ്തുതിനാദമെങ്ങും മുഴങ്ങട്ടെ;
9അവിടന്ന് നമ്മുടെ ജീവനെ സംരക്ഷിച്ചു
നമ്മുടെ കാലടികൾ വഴുതാൻ സമ്മതിച്ചതുമില്ല.
10ദൈവമേ, അവിടന്ന് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു;
വെള്ളി ഊതിക്കഴിക്കുന്നതുപോലെ അങ്ങു ഞങ്ങളെ സ്‌ഫുടംചെയ്തിരിക്കുന്നു.
11അവിടന്ന് ഞങ്ങളെ തടവിലാക്കുകയും
ഞങ്ങളുടെ മുതുകിൽ വലിയ ഭാരം ചുമത്തുകയും ചെയ്തിരിക്കുന്നു.
12അവിടന്ന് മനുഷ്യരെ ഞങ്ങളുടെ തലയ്ക്കുമീതേ ഓടുമാറാക്കി;
ഞങ്ങൾ തീയിലും വെള്ളത്തിലുംകൂടി കടന്നുപോയി,
എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധമായ ഒരു സ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു.

13ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ മന്ദിരത്തിൽ പ്രവേശിച്ച്,
അങ്ങയോടുള്ള എന്റെ നേർച്ചകൾ നിറവേറ്റും—
14ഞാൻ ദുരിതത്തിലായിരുന്നപ്പോൾ
എന്റെ അധരങ്ങൾ ഉച്ചരിച്ചതും എന്റെ വായ് സംസാരിച്ചതുമായ നേർച്ചകൾതന്നെ.
15ഞാൻ അങ്ങേക്ക് തടിച്ചുകൊഴുത്ത മൃഗങ്ങൾ ഹോമയാഗമായി അർപ്പിക്കും
ഹൃദ്യസുഗന്ധമായി ആട്ടുകൊറ്റനെയും;
ഞാൻ കാളകളെയും ആടുകളെയും അർപ്പിക്കും. സേലാ.

16ദൈവത്തെ ഭയപ്പെടുന്ന സകലരുമേ, വന്നു കേൾക്കുക;
അവിടന്ന് എനിക്കുവേണ്ടി ചെയ്തത് ഞാൻ നിങ്ങളെ അറിയിക്കാം.
17ഞാൻ എന്റെ വാകൊണ്ട് അവിടത്തോട് നിലവിളിച്ചു;
അവിടത്തെ സ്തുതി എന്റെ നാവിന്മേൽ ഉണ്ടായിരുന്നു.
18ഞാൻ എന്റെ ഹൃദയത്തിൽ പാപം പരിപോഷിപ്പിച്ചിരുന്നെങ്കിൽ,
കർത്താവ് ശ്രദ്ധിക്കുകയില്ലായിരുന്നു.
19എന്നാൽ ദൈവം ശ്രദ്ധിച്ചിരിക്കുന്നു, നിശ്ചയം
എന്റെ പ്രാർഥന കേട്ടുമിരിക്കുന്നു.
20എന്റെ പ്രാർഥന നിരസിക്കാതെയും
അവിടത്തെ സ്നേഹം തടഞ്ഞുവെക്കാതെയുമിരുന്ന
ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.
സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.