Psalms 32
ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം.
1ലംഘനം ക്ഷമിച്ചുംപാപം മറച്ചും കിട്ടിയ മനുഷ്യർ,
അനുഗൃഹീതർ.
2യഹോവ, പാപം കണക്കാക്കാതെയും
ആത്മാവിൽ കപടമില്ലാതെയും ഇരിക്കുന്ന മനുഷ്യർ,
അനുഗൃഹീതർ.
3ഞാൻ എന്റെ പാപം ഏറ്റുപറയാതെ,
ദിവസംമുഴുവനും ഞരങ്ങിക്കരയുകമൂലം
എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി.
4രാവും പകലും
അങ്ങയുടെ കരം എന്റെമേൽ ഭാരമായിരുന്നു;
വേനൽക്കാലത്തിലെ ചൂടുകൊണ്ടെന്നപോലെ
എന്റെ ബലം ക്ഷയിച്ചുപോയിരിക്കുന്നു. സേലാ.
5അപ്പോൾ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു
എന്റെ അകൃത്യമൊന്നും മറച്ചുവെച്ചതുമില്ല.
“എന്റെ കുറ്റം യഹോവയോട് ഏറ്റുപറയും,”
എന്നു ഞാൻ പറഞ്ഞു.
അപ്പോൾ എന്റെ പാപത്തിന്റെ കുറ്റം
അങ്ങു ക്ഷമിച്ചുതന്നു. സേലാ.
6അതുകൊണ്ട് ദൈവഭക്തരായ ഓരോരുത്തരും
അവസരം നഷ്ടപ്പെടുത്താതെ അങ്ങയോടു പ്രാർഥിക്കട്ടെ;
അങ്ങനെയെങ്കിൽ പ്രളയജലത്തിന്റെ ഭീകരപ്രഭാവം
അവരെ എത്തിപ്പിടിക്കുകയില്ല.
7അവിടന്ന് എന്റെ ഒളിയിടം ആകുന്നു;
ക്ലേശങ്ങളിൽ അവിടന്ന് എനിക്കു സംരക്ഷണമേകുന്നു;
രക്ഷയുടെ ജയഭേരിയാൽ എനിക്കു വലയം തീർക്കുന്നു. സേലാ.
8നീ ഗമിക്കേണ്ടുന്ന പാത ഏതെന്നു നിന്നെ ഉപദേശിച്ചു പഠിപ്പിക്കും;
നിന്റെമേൽ ദൃഷ്ടിവെച്ച് ഞാൻ നിനക്കു ബുദ്ധിയുപദേശം നൽകും.
9വിവേകശൂന്യമായ
കുതിരയെയോ കോവർകഴുതയെയോപോലെ നീ പെരുമാറരുത്,
അവയെ വരുതിയിലാക്കാൻ കടിഞ്ഞാണും കടിയിരുമ്പും ഉപയോഗിക്കേണ്ടതായി വരുന്നു
അല്ലാത്തപക്ഷം നിനക്കവയെ നിയന്ത്രിക്കുക അസാധ്യം.
10ദുഷ്ടരുടെ അനർഥങ്ങൾ അസംഖ്യം,
എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവരെ
അവിടത്തെ അചഞ്ചലസ്നേഹം വലയംചെയ്യുന്നു.
11നീതിനിഷ്ഠരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുക;
ഹൃദയപരമാർഥികളേ, ആനന്ദിച്ചാർക്കുക!
Copyright information for
MalMCV