‏ Psalms 31

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, ഞാൻ അങ്ങയിൽ അഭയംതേടുന്നു;
ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ;
അവിടത്തെ നീതിയിൽ എന്നെ വിടുവിക്കണമേ.
2അങ്ങയുടെ ചെവി എന്നിലേക്കു ചായ്ച്ച്,
എന്നെ മോചിപ്പിക്കാൻ വേഗം വരണമേ;
അങ്ങ് എനിക്ക് അഭയമാകുന്ന പാറയും
എന്നെ രക്ഷിക്കുന്ന ഉറപ്പുള്ള കോട്ടയും ആകണമേ.
3അങ്ങ് എന്റെ പാറയും കോട്ടയും ആകുകയാൽ
തിരുനാമമഹത്ത്വത്തിനായി എനിക്കു വഴികാട്ടണമേ.
4എന്റെ ശത്രുക്കൾ എനിക്കായി ഒരുക്കിയിരിക്കുന്ന കെണിയിൽനിന്നും എന്നെ വിടുവിക്കണമേ,
കാരണം അവിടന്ന് എന്റെ സങ്കേതം ആകുന്നു.
5ഞാൻ എന്റെ ആത്മാവിനെ തിരുക്കരങ്ങളിൽ ഭരമേൽപ്പിക്കുന്നു;
വിശ്വസ്തദൈവമായ യഹോവേ, എന്നെ മോചിപ്പിക്കണമേ.

6മിഥ്യാമൂർത്തികളെ ഭജിക്കുന്നവരെ ഞാൻ വെറുക്കുന്നു;
എന്നാൽ ഞാൻ യഹോവയിൽ ആശ്രയിക്കുന്നു.
7അങ്ങയുടെ അചഞ്ചലസ്നേഹത്തിൽ ഞാൻ ആഹ്ലാദിക്കുകയും ആനന്ദിക്കുകയും ചെയ്യും,
കാരണം അവിടന്ന് എന്റെ ദുരിതം കണ്ടിരിക്കുന്നു
എന്റെ ആത്മവ്യഥ അറിഞ്ഞുമിരിക്കുന്നു.
8ശത്രുവിന്റെ കൈയിൽ അവിടന്ന് എന്നെ ഏൽപ്പിച്ചില്ല
എന്നാൽ എന്റെ പാദങ്ങളെ അങ്ങ് വിശാലസ്ഥലത്ത് ഉറപ്പിച്ചിരിക്കുന്നു.

9യഹോവേ, ഞാൻ ദുരിതത്തിലായിരിക്കുകയാൽ എന്നോടു കരുണ കാണിക്കണമേ;
എന്റെ കണ്ണുകൾ ദുഃഖത്താൽ തളർന്നിരിക്കുന്നു,
എന്റെ പ്രാണനും ശരീരവും വ്യസനത്താൽ തകർന്നുമിരിക്കുന്നു.
10എന്റെ ജീവിതം മനഃപീഡയാൽ പാഴായിപ്പോകുന്നു
എന്റെ ആയുസ്സ് നെടുവീർപ്പിനാലും;
എന്റെ അതിക്രമങ്ങൾമൂലം എന്റെ ശക്തി ക്ഷയിക്കുന്നു,
എന്റെ അസ്ഥികൾ ദ്രവിച്ചുപോകുന്നു.
11എന്റെ എല്ലാ ശത്രുക്കളുംനിമിത്തം,
ഞാൻ എന്റെ അയൽവാസികൾക്ക് കടുത്ത അവഹേളനപാത്രമായിരിക്കുന്നു.
എന്റെ സുഹൃത്തുക്കൾക്കു ഞാനൊരു പേടിസ്വപ്നമായി—
തെരുവോരങ്ങളിൽ എന്നെ കാണുന്നവർ, എന്നിൽനിന്ന് ഓടിയകലുന്നു.
12മൃതിയടഞ്ഞവരെന്നപോലെ ഞാൻ അവരുടെ സ്മരണകളിൽ ഇല്ലാതെയായിരിക്കുന്നു;
തകർന്നുപോയ ഒരു മൺപാത്രംപോലെ ഞാൻ ആയിരിക്കുന്നു.
13അനേകംപേർ അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു,
“ഭീകരത എല്ലാ ഭാഗത്തുനിന്നും ഉടലെടുക്കുന്നു!”
അവർ എനിക്കെതിരേ തന്ത്രങ്ങൾ മെനയുന്നു
എന്റെ ജീവൻ അപഹരിക്കാൻ തന്ത്രങ്ങൾ മെനയുന്നു.

14എന്നാൽ യഹോവേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു;
“അവിടന്ന് ആകുന്നു എന്റെ ദൈവം,” എന്നു ഞാൻ പറയുന്നു.
15എന്റെ കാലഗതികൾ തിരുക്കരങ്ങളിലാണ്;
എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കണമേ,
എന്നെ വേട്ടയാടുന്നവരിൽനിന്നുംതന്നെ.
16അങ്ങയുടെ ദാസന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കണമേ;
അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ.
17യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു,
ലജ്ജിതനാകാൻ എന്നെ അനുവദിക്കരുതേ;
എന്നാൽ ദുഷ്ടർ അപമാനിതരായിത്തീരട്ടെ
അവർ മൂകരായി പാതാളത്തിൽ നിപതിക്കട്ടെ.
18വ്യാജം പുലമ്പുന്ന അവരുടെ അധരങ്ങൾ മൂകമായിത്തീരട്ടെ,
കാരണം അവർ അഹങ്കാരത്തോടും അവജ്ഞയോടുംകൂടെ
നീതിനിഷ്ഠർക്കെതിരേ ധിക്കാരപൂർവം സംസാരിക്കുന്നു.

19അങ്ങയെ ഭയപ്പെടുന്നവർക്കുവേണ്ടി അങ്ങ് സംഭരിച്ചുവെച്ചിരിക്കുന്നതും
അങ്ങയിൽ ശരണം പ്രാപിക്കുന്നവർക്കായി
സകലമനുഷ്യരും കാണുംവിധം അവിടന്ന് പ്രദർശിപ്പിച്ചതുമായ
അവിടത്തെ നന്മ എത്രയോ സമൃദ്ധം.
20ആരോപണം നടത്തുന്ന നാവിൽനിന്ന്
അങ്ങ് അവരെ തിരുസന്നിധിയിൽ സുരക്ഷിതരാക്കിയിരിക്കുന്നു;
മനുഷ്യരുടെ സകലഗൂഢതന്ത്രങ്ങളിൽനിന്നും വിടുവിച്ച്
അങ്ങയുടെ കൂടാരത്തിൽ അവരെ ഒളിപ്പിച്ചിരിക്കുന്നു.

21യഹോവ വാഴ്ത്തപ്പെടട്ടെ,
കാരണം ശത്രുവിനാൽ വളയപ്പെട്ട പട്ടണത്തിൽ ഞാൻ ആയിരുന്നപ്പോൾ
വിസ്മയകരമാംവിധത്തിൽ അവിടത്തെ അചഞ്ചലസ്നേഹം എന്നോടു കാണിച്ചിരിക്കുന്നു.
22“അങ്ങയുടെ ദൃഷ്ടിയിൽനിന്ന് ഞാൻ ഛേദിക്കപ്പെട്ടിരിക്കുന്നു!”
എന്ന് എന്റെ പരിഭ്രമത്തിൽ ഞാൻ നിലവിളിച്ചു.
എന്നിട്ടും ഞാൻ സഹായത്തിനായി കേണപ്പോൾ,
കരുണയ്ക്കായുള്ള എന്റെ യാചന അവിടന്ന് കേട്ടിരിക്കുന്നു.

23യഹോവയുടെ സകലവിശ്വസ്തജനമേ, അവിടത്തെ സ്നേഹിക്കുക!
യഹോവയോട് വിശ്വസ്തരായിരിക്കുന്നവർക്ക് അവിടന്ന് സംരക്ഷണം നൽകുന്നു,
എന്നാൽ നിഗളികൾക്ക് അവർ അർഹിക്കുന്ന ശിക്ഷനൽകുന്നു.
24യഹോവയിൽ പ്രത്യാശ അർപ്പിക്കുന്ന എല്ലാവരുമേ,
ശക്തരായിരിക്കുക, സുധീരരായിരിക്കുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.