Psalms 19
ദാവീദിന്റെ ഒരു സങ്കീർത്തനം.
1ആകാശം ദൈവത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുന്നു;ആകാശവിതാനം അവിടത്തെ കരവിരുത് വിളംബരംചെയ്യുന്നു.
2പകൽ പകലിനോട് നിരന്തരം സംസാരിക്കുന്നു;
രാത്രി രാത്രിക്ക് വിജ്ഞാനം പകരുന്നു.
3അവിടെ സംഭാഷണമില്ല, വാക്കുകളില്ല;
ശബ്ദാരവം കേൾക്കാനുമില്ല.
4എന്നിട്ടും അവയുടെ സ്വരമാധുര്യം ▼
▼മൂ.ഭാ. അളവുനൂൽ
ഭൂതലമെങ്ങും പരക്കുന്നു,അവയുടെ വാക്കുകൾ ലോകത്തിന്റെ അതിർത്തിവരെയും ചെന്നെത്തുന്നു.
ആകാശത്തിൽ ദൈവം സൂര്യനൊരു കൂടാരം അടിച്ചിരിക്കുന്നു.
5അതു മണിയറയിൽനിന്നു പുറത്തേക്കുവരുന്ന മണവാളനെപ്പോലെയും
തന്റെ ഓട്ടം ഓടിത്തികയ്ക്കുന്നതിൽ ആനന്ദിക്കുന്ന വീരശൂരനെപ്പോലെയുമാണ്.
6ആകാശത്തിന്റെ ഒരു കോണിലത് ഉദയംചെയ്യുന്നു
മറ്റേക്കോണിലേക്ക് അത് അതിന്റെ പ്രയാണം തുടരുന്നു;
അതിന്റെ ഉഷ്ണത്തിൽനിന്നോടിയൊളിക്കാൻ ഒന്നിനും കഴിയുന്നില്ല.
7യഹോവയുടെ ന്യായപ്രമാണം സമ്പൂർണമാണ്,
അതു പ്രാണനു നവജീവൻ നൽകുന്നു.
യഹോവയുടെ നിയമവ്യവസ്ഥകൾ വിശ്വാസയോഗ്യമാണ്,
അതു ബുദ്ധിഹീനരെ ജ്ഞാനികളാക്കുന്നു.
8യഹോവയുടെ പ്രമാണങ്ങൾ കുറ്റമറ്റവയാണ്,
അതു ഹൃദയത്തിന് ആനന്ദമേകുന്നു.
യഹോവയുടെ ആജ്ഞകൾ പ്രകാശപൂരിതമാകുന്നു,
അതു കണ്ണുകൾക്ക് വെളിച്ചമേകുന്നു.
9യഹോവാഭക്തി നിർമലമായത്,
അത് എന്നെന്നേക്കും നിലനിൽക്കുന്നു.
യഹോവയുടെ ഉത്തരവുകൾ സുസ്ഥിരമായവ,
അവയെല്ലാം നീതിയുക്തമായവ.
10അതു സ്വർണത്തെക്കാളും
തങ്കത്തെക്കാളും അമൂല്യമായവ;
അതു തേനിനെക്കാളും
തേനടയിലെ തേനിനെക്കാളും മാധുര്യമേറിയത്.
11അവയാൽ അവിടത്തെ ദാസനു ശാസനം ലഭിക്കുന്നു;
അവയെ പാലിക്കുന്നതിൽ മഹത്തായ പ്രതിഫലമുണ്ട്.
12എന്നാൽ സ്വന്തം തെറ്റുകളെ വിവേചിച്ചറിയാൻ ആർക്കാണു സാധിക്കുന്നത്?
എന്നിൽ മറഞ്ഞിരിക്കുന്ന പാപങ്ങൾ ക്ഷമിക്കണമേ.
13മനഃപൂർവമായി ചെയ്യുന്ന പാപങ്ങളിൽനിന്ന് അവിടത്തെ ദാസനെ കാത്തുപാലിക്കണമേ.
അവ എന്റെമേൽ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ.
അപ്പോൾ ഞാൻ നിരപരാധിയും
മഹാപാതകത്തിൽനിന്ന് വിമോചനം കിട്ടിയയാളും ആയിരിക്കും.
14എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,
എന്റെ അധരങ്ങളിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും
തൃക്കണ്ണുകൾക്കു സ്വീകാര്യമായിരിക്കട്ടെ.
സംഗീതസംവിധായകന്. ▼
▼സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for
MalMCV