‏ Psalms 147

1യഹോവയെ വാഴ്ത്തുക.
മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 20 കാണുക.


നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നത് എത്രയോ നല്ലത്,
അവിടത്തെ സ്തുതിക്കുന്നത് എത്ര മനോഹരവും ഉചിതവും ആകുന്നു!

2യഹോവ ജെറുശലേമിനെ പണിയുന്നു;
അവിടന്ന് ഇസ്രായേലിലെ അഭയാർഥികളെ കൂട്ടിച്ചേർക്കുന്നു.
3ഹൃദയം തകർന്നവരെ അവിടന്ന് സൗഖ്യമാക്കുകയും
അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
4അവിടന്ന് നക്ഷത്രങ്ങളുടെ എണ്ണം കണക്കാക്കുന്നു
അവ ഓരോന്നിനെയും പേരുവിളിക്കുന്നു.
5നമ്മുടെ കർത്താവ് വലിയവനും ശക്തിയിൽ പ്രബലനുമാകുന്നു;
അവിടത്തെ വിവേകത്തിന് പരിമിതികളില്ല.
6യഹോവ വിനയാന്വിതരെ പരിപാലിക്കുന്നു
എന്നാൽ ദുഷ്ടരെ അവിടന്ന് തറപറ്റിക്കുന്നു.

7യഹോവയ്ക്ക് നന്ദിയോടെ പാടുക;
കിന്നരംമീട്ടി നമ്മുടെ ദൈവത്തിന് സംഗീതം ആലപിക്കുക.

8അവിടന്ന് ആകാശത്തെ മേഘങ്ങൾകൊണ്ട് പൊതിയുന്നു;
അവിടന്ന് ഭൂമിക്കായി മഴ പൊഴിക്കുകയും
കുന്നുകളിൽ പുല്ല് മുളപ്പിക്കുകയുംചെയ്യുന്നു.
9അവിടന്ന് കന്നുകാലികൾക്കും
കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും ആഹാരം നൽകുന്നു.

10കുതിരകളുടെ ബലത്തിലല്ല അവിടന്ന് ആഹ്ലാദിക്കുന്നത്,
യോദ്ധാക്കളുടെ പാദബലത്തിലും അവിടത്തേക്ക് പ്രസാദം തോന്നുന്നില്ല;
11തന്നെ ഭയപ്പെടുന്നവരിൽ യഹോവയ്ക്ക് പ്രസാദമുണ്ടാകുന്നു,
അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശയർപ്പിക്കുന്നവരുടെമേലും.

12ജെറുശലേമേ, യഹോവയെ പുകഴ്ത്തുക;
സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്കുക.

13അവിടന്ന് നിന്റെ കവാടങ്ങളുടെ ഓടാമ്പലുകളെ ബലപ്പെടുത്തുകയും
നിന്നിലുള്ള നിന്റെ ജനത്തെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
14അവിടന്ന് നിന്റെ അതിർത്തികൾക്കുള്ളിൽ സമാധാനം സ്ഥാപിക്കുകയും
മേൽത്തരമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുകയുംചെയ്യുന്നു.

15അവിടന്ന് തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു;
അവിടത്തെ ഉത്തരവുകൾ അതിവേഗം പായുന്നു.
16അവിടന്ന് കമ്പിളിരോമംപോലെ ഹിമംപൊഴിക്കുകയും
ചാരംവിതറുംപോലെ മഞ്ഞ് ചിതറിക്കുകയും ചെയ്യുന്നു.
17അവിടന്ന് ആലിപ്പഴം ചരലെന്നപോലെ ചുഴറ്റിയെറിയുന്നു.
ആ മരംകോച്ചുന്ന മഞ്ഞുകാറ്റിനെ അതിജീവിക്കാൻ ആർക്കാണു കഴിയുക?
18അവിടന്ന് തന്റെ വചനം അയച്ച് അവയെ ഉരുക്കുന്നു;
അവിടന്നു ഇളംകാറ്റിനെ ഉണർത്തിവിടുന്നു, ജലപ്രവാഹം ആരംഭിക്കുന്നു.

19അവിടത്തെ വചനം യാക്കോബിനും
അവിടത്തെ വിധികളും ഉത്തരവുകളും ഇസ്രായേലിനും വെളിപ്പെടുത്തിയിരിക്കുന്നു.
20മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടന്ന് ഇതുപോലെ പ്രവർത്തിച്ചിട്ടില്ല;
അവിടത്തെ വിധികൾ അവർക്ക് അജ്ഞാതമാണ്.
ചി.കൈ.പ്ര. അവിടത്തെ വിധികൾ അവർക്ക് വെളിപ്പെടുത്തിയില്ല.


യഹോവയെ വാഴ്ത്തുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.