‏ Psalms 12

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, സഹായിക്കണമേ, ദൈവഭക്തർ ഇല്ലാതെപോകുന്നു;
വിശ്വസ്തർ മനുഷ്യഗണത്തിൽനിന്നു മാഞ്ഞുപോയിരിക്കുന്നു.
2എല്ലാവരും തങ്ങളുടെ അയൽവാസികളോട് കളവുപറയുന്നു;
അവർ അധരങ്ങളിൽ മുഖസ്തുതിയും
ഹൃദയത്തിൽ വഞ്ചനയുംവെച്ച് സംസാരിക്കുന്നു.

3മുഖസ്തുതി പറയുന്ന എല്ലാ അധരങ്ങളും
അഹന്തപൊഴിക്കുന്ന എല്ലാ നാവും യഹോവ മുറിച്ചെറിയട്ടെ—
4അവർ പറയുന്നു,
“ഞങ്ങളുടെ നാവിനാൽ ഞങ്ങൾ ജയിക്കും;
ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ—
ആരാണ് ഇനി ഞങ്ങൾക്ക് ഭരണകർത്താവ്?”

5“പീഡിതരുടെ നാശവും ദരിദ്രരുടെ നെടുവീർപ്പും നിമിത്തം,
ഞാൻ ഇപ്പോൾ എഴുന്നേൽക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“അവരുടെ പീഡകരിൽനിന്ന് ഞാൻ അവരെ കാത്തുരക്ഷിക്കും.”
6യഹോവയുടെ വചനങ്ങൾ കളങ്കരഹിതമാകുന്നു,
കളിമണ്ണുലയിൽ ഏഴുപ്രാവശ്യം ഉരുക്കി,
ശുദ്ധിചെയ്ത വെള്ളിപോലെയാണ്.

7യഹോവേ, അങ്ങ് പീഡിതരെ സുരക്ഷിതരാക്കും
ദുഷ്ടരിൽനിന്ന് എന്നും അവരെ സംരക്ഷിക്കും,
8മനുഷ്യർക്കിടയിൽ നിന്ദ്യമായവ ആദരിക്കപ്പെടുമ്പോൾ
ദുഷ്ടർ എല്ലായിടത്തും സ്വതന്ത്രരായി വിഹരിക്കുന്നു.

സംഗീതസംവിധായകന്.
സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for MalMCV