‏ Proverbs 6

മടയരാകാതിരിക്കുക

1എന്റെ കുഞ്ഞേ,
മൂ.ഭാ. എന്റെ മകനേ
നീ അയൽവാസിക്കുവേണ്ടി ജാമ്യം നിൽക്കുകയോ
അന്യരുടെ ബാധ്യതകൾക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
2നിന്റെ സംസാരത്താൽ നീ കെണിയിലകപ്പെട്ടു,
നിന്റെ അധരങ്ങളിലെ വാക്കുകളാൽ നീ പിടിക്കപ്പെട്ടു.
3എന്റെ കുഞ്ഞേ, നിന്നെത്തന്നെ സ്വതന്ത്രനാക്കാൻ നീ ഇപ്രകാരം ചെയ്യുക,
നീ നിന്റെ അയൽവാസിയുടെ കൈകളിൽ വീണുപോയല്ലോ:
നീ ക്ഷീണിതനാകുന്നതുവരെ അപേക്ഷിക്കുക,
അഥവാ, പോയി നിന്നെത്തന്നെ വിനീതമാക്കുക.

(ഉത്തരം കിട്ടുംവരെ) നിന്റെ അയൽവാസിക്കു വിശ്രമം നൽകയുമരുത്!
4നിന്റെ കണ്ണുകൾക്ക് ഉറക്കവും
കൺപോളകൾക്കു മയക്കവും കൊടുക്കരുത്.
5കലമാൻ നായാട്ടുകാരന്റെ കൈയിൽനിന്നും
പക്ഷികൾ വേട്ടക്കാരന്റെ കുടുക്കിൽനിന്നും രക്ഷപ്പെടുന്നതുപോലെ, നിന്നെത്തന്നെ സ്വതന്ത്രനാക്കുക.

6ഹേ മടിയാ, നീ ഉറുമ്പുകളുടെ അടുത്തു പോകുക;
അതിന്റെ പ്രവൃത്തികൾ നിരീക്ഷിച്ച് ജ്ഞാനിയാകുക!
7അവയ്ക്ക് അധിപതികളോ
മേൽനോട്ടക്കാരോ ഭരണംനടത്തുന്നവരോ ഇല്ല,
8എന്നിട്ടും അവ വേനൽക്കാലത്തു ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നു
കൊയ്ത്തുകാലത്ത് ഭക്ഷണം സമാഹരിക്കുകയും ചെയ്യുന്നു.

9കുഴിമടിയാ, എത്രനാൾ നീ ഇങ്ങനെ മടിപിടിച്ചുകിടക്കും?
എപ്പോഴാണ് നീ ഉറക്കം വെടിഞ്ഞുണരുന്നത്?
10ഒരൽപ്പം ഉറക്കം, ഒരൽപ്പം മയക്കം;
ഒരൽപ്പനേരംകൂടി കൈകൾ കെട്ടിപ്പിണച്ചുള്ള വിശ്രമം,
11അങ്ങനെ ദാരിദ്ര്യം കൊള്ളക്കാരെപ്പോലെ നിന്റെമേൽ ചാടിവീഴും
ദുർഭിക്ഷത ഒരു ആയുധപാണിയെപ്പോലെ നിന്നെ ആക്രമിക്കും.

12വഷളത്തവും ദുഷ്ടതയും പ്രവർത്തിക്കുന്നവർ,
അധരങ്ങളിൽ വക്രതയുമായി ചുറ്റിനടക്കുന്നു,
13അവർ കണ്ണിറുക്കിക്കാട്ടുന്നു,
കാലുകൾകൊണ്ട് ആംഗ്യം കാട്ടുകയും
വിരലുകൾ ചലിപ്പിക്കുകയും ചെയ്യുന്നു,
14അവർ വഞ്ചനനിറഞ്ഞ ഹൃദയംകൊണ്ട് കുടിലതന്ത്രങ്ങൾ ആവിഷ്കരിക്കുന്നു—
അവർ സദാ കലഹം ഇളക്കിവിടുന്നു.
15അങ്ങനെ ക്ഷണനേരംകൊണ്ട് അവർ ദുരന്തത്തിന് ഇരയാകുന്നു;
പരിഹാരമില്ലാതെ അവർ ക്ഷണത്തിൽ തകർക്കപ്പെടുന്നു.

16യഹോവ വെറുക്കുന്ന ആറു വസ്തുതകളുണ്ട്,
ഏഴെണ്ണം അവിടത്തേക്ക് അറപ്പാകുന്നു:
17അഹന്തനിറഞ്ഞ കണ്ണ്,
വ്യാജംപറയുന്ന നാവ്,
നിരപരാധിയുടെ രക്തം ചൊരിയുന്ന കൈകൾ,
18ദുരുപായം മെനയുന്ന ഹൃദയം,
അകൃത്യത്തിലേക്ക് ദ്രുതഗതിയിൽ പായുന്ന കാലുകൾ,
19നുണമാത്രം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി,
സഹോദരങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന മനുഷ്യനുംതന്നെ.

വ്യഭിചാരത്തെപ്പറ്റിയുള്ള മുന്നറിയിപ്പ്

20എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിക്കുക
നിന്റെ മാതാവിന്റെ ഉപദേശം ഉപേക്ഷിക്കുകയും ചെയ്യരുത്.
21അവ എപ്പോഴും നിന്റെ ഹൃദയത്തോടു ചേർത്തുബന്ധിക്കുക;
അവ നിന്റെ കഴുത്തിനുചുറ്റും ഉറപ്പിക്കുക.
22നീ നടക്കുമ്പോൾ അവ നിനക്കു വഴികാട്ടും;
നീ ഉറങ്ങുമ്പോൾ അവ നിനക്കു കാവലാളായിരിക്കും;
നീ ഉണരുമ്പോൾ അവ നിന്നെ ഉപദേശിക്കും.
23കാരണം ഈ കൽപ്പന ഒരു ദീപവും
ഈ ഉപദേശം ഒരു പ്രകാശവും ആകുന്നു,
ശിക്ഷണത്തിനുള്ള ശാസനകൾ
ജീവന്റെ മാർഗംതന്നെ,
24അവ നിന്നെ വ്യഭിചാരിണിയിൽനിന്നും
ലൈംഗികധാർമികതയില്ലാത്തവളുടെ മധുരഭാഷണത്തിൽനിന്നും സൂക്ഷിക്കും.

25അവളുടെ മേനിയഴകിനാൽ നിന്റെ ഹൃദയം ആസക്തമാകരുത്
അവളുടെ മോഹിപ്പിക്കുന്ന കണ്ണുകളിൽ നീ കുരുങ്ങിപ്പോകുകയും അരുത്.

26എന്തുകൊണ്ടെന്നാൽ, ഒരു വേശ്യനിമിത്തം നീ അപ്പനുറുക്കുകൾ ഇരക്കേണ്ടിവരും,
എന്നാൽ അന്യപുരുഷന്റെ ഭാര്യ നിന്റെ ജീവനെ മൊത്തമായിത്തന്നെ ഇരയാക്കുന്നു.
27ഒരു പുരുഷന് തന്റെ വസ്ത്രം കത്തിയെരിയാത്തവിധം
തന്റെ മടിത്തട്ടിലേക്ക് തീ കോരിയിടാൻ കഴിയുമോ?
28ഒരു മനുഷ്യന് തന്റെ പാദങ്ങൾക്കു പൊള്ളൽ ഏൽപ്പിക്കാതെ
എരിയുന്ന കനലിന്മേൽ നടക്കാൻ കഴിയുമോ?
29അന്യപുരുഷന്റെ ഭാര്യയുമായി കിടക്ക പങ്കിടുന്നവന്റെ ഗതിയും ഇതുതന്നെയായിരിക്കും;
അവളെ സ്പർശിക്കുന്ന ഒരുവനും ശിക്ഷിക്കപ്പെടാതെ പോകുന്നില്ല.

30പട്ടിണിമൂലം, വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ
ആരുംതന്നെ നിന്ദിക്കുകയില്ല.
31പിടിക്കപ്പെടുകയാണെങ്കിൽ അയാൾ ഏഴിരട്ടി മടക്കിക്കൊടുക്കണം,
മോഷണമുതലിന്റെ മതിപ്പുമൂല്യം തന്റെ ഭവനത്തിലുള്ളതെല്ലാംകൂടി മതിക്കപ്പെടുകയാണെങ്കിലും, കൊടുത്തേമതിയാകൂ.
32എന്നാൽ വ്യഭിചാരംചെയ്യുന്ന പുരുഷനോ, തന്റെ സ്വബോധം നശിച്ചവൻതന്നെ;
അതു ചെയ്യുന്നവൻ ആരായാലും സ്വയം നശിപ്പിക്കുന്നു.
33മർദനവും മാനഹാനിയുമാണ് അയാളുടെ ഭാഗധേയം,
അയാളുടെ നിന്ദ ഒരിക്കലും തുടച്ചുമാറ്റപ്പെടുകയില്ല.

34അസൂയ ഒരു ഭർത്താവിന്റെ കോപത്തെ ഉദ്ദീപിപ്പിക്കുന്നു,
പ്രതികാരദിവസത്തിൽ അവൻ യാതൊരുവിധ കനിവും കാണിക്കുകയില്ല.
35ഈ കാര്യത്തിൽ അവൻ യാതൊരുവിധ നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല;
അത് എത്ര ഭീമമായത് ആയിരുന്നാലും അവൻ ആ കോഴ സ്വീകരിക്കുകയില്ല.
Copyright information for MalMCV