‏ Proverbs 21

1രാജാവിന്റെ ഹൃദയം യഹോവയുടെ കൈയിലെ നീർച്ചാലാണ്;
തനിക്കിഷ്ടമുള്ള ദിക്കിലേക്ക് അവിടന്ന് അതിനെ തിരിച്ചുവിടുന്നു.

2ഓരോ മനുഷ്യരും തങ്ങളുടെ വഴികൾ ശരിയാണ് എന്നു ചിന്തിക്കുന്നു,
എന്നാൽ യഹോവ ഹൃദയം തൂക്കിനോക്കുന്നു.

3ന്യായവും നീതിയുക്തവുമായ പ്രവർത്തനങ്ങളാണ്
യഹോവയ്ക്കു യാഗാർപ്പണത്തെക്കാൾ കൂടുതൽ സ്വീകാര്യം.

4അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും—
ദുഷ്ടരുടെ ഉഴുതുമറിക്കാത്ത നിലവും—പാപം ഉൽപ്പാദിപ്പിക്കുന്നു.

5ഉത്സാഹിയുടെ പദ്ധതികൾ ലാഭത്തിലേക്കു നയിക്കുന്നു,
ധൃതികാട്ടുന്നത് ദാരിദ്ര്യത്തിലേക്കു നയിക്കും, നിശ്ചയം.

6വ്യാജനാവുകൊണ്ട് കെട്ടിപ്പൊക്കിയ സൗഭാഗ്യങ്ങളെല്ലാം
ക്ഷണികമായ നീരാവിയും മരണക്കെണിയുമാണ്.

7ദുഷ്ടരുടെ അതിക്രമം അവരെ ദൂരത്തേക്കു വലിച്ചിഴയ്ക്കും,
കാരണം നീതിനിഷ്ഠമായവ പ്രവർത്തിക്കാൻ അവർക്കു മനസ്സില്ല.

8അധർമം പ്രവർത്തിക്കുന്നവരുടെ മാർഗം വക്രതയുള്ളതാണ്,
എന്നാൽ നിഷ്കളങ്കരുടെ പ്രവർത്തനമോ, നേരുള്ളത്.

9കലഹക്കാരിയായ ഭാര്യയോടൊത്ത് വീടിനുള്ളിൽ കഴിയുന്നതിനെക്കാൾ
മേൽപ്പുരയുടെ ഒരു കോണിൽ താമസിക്കുന്നതു നല്ലത്.

10ദുഷ്ടർ തിന്മ പ്രവർത്തിക്കാൻ ആർത്തികാട്ടുന്നു;
അവരുടെ അയൽവാസിക്ക് അവരിൽനിന്നു യാതൊരുവിധ കരുണയും ലഭിക്കുന്നില്ല.

11പരിഹാസി ശിക്ഷിക്കപ്പെടുമ്പോൾ, ലളിതമാനസർ ജ്ഞാനം നേടുന്നു;
ജ്ഞാനിയെ ഉപദേശിക്കുക, അവർ പരിജ്ഞാനം ആർജിക്കുന്നു.

12നീതിമാനായവൻ
നീതിമാനായവൻ, വിവക്ഷിക്കുന്നത് നീതിനിഷ്ഠൻ അഥവാ, ദൈവം.
ദുഷ്ടരുടെ ഭവനത്തെ നിരീക്ഷിക്കുകയും
ദുഷ്ടരെ ദുരന്തത്തിലേക്കു തള്ളിയിടുകയും ചെയ്യുന്നു.

13ദരിദ്രരുടെ നിലവിളിക്കുനേരേ ചെവിയടച്ചുകളയുന്നവരുടെ
രോദനത്തിനും ഉത്തരം ലഭിക്കുകയില്ല.

14രഹസ്യത്തിൽ കൈമാറുന്ന ദാനം കോപത്തെ ശാന്തമാക്കുന്നു;
വസ്ത്രത്തിൽ ഒളിപ്പിച്ചുകൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും.

15നീതി നടപ്പിലാക്കുന്നത് നീതിനിഷ്ഠർക്ക് ആനന്ദംനൽകുന്നു,
എന്നാൽ നീചർക്ക് അതു നടുക്കവും.

16വിവേകപാതയിൽനിന്ന് വ്യതിചലിക്കുന്ന മനുഷ്യർ
മരിച്ചവരുടെ കൂട്ടത്തിൽ വിശ്രമത്തിനായി വന്നുചേരുന്നു.

17സുഖലോലുപത ഇഷ്ടപ്പെടുന്നവർ ദരിദ്രരായിത്തീരും;
വീഞ്ഞും സുഗന്ധതൈലവും ഇഷ്ടപ്പെടുന്നവർ ഒരിക്കലും സമ്പന്നരാകുകയില്ല.

18ദുഷ്ടർ നീതിനിഷ്ഠർക്കു മോചനദ്രവ്യമായിത്തീരും;
വഞ്ചകർ പരമാർഥിക്കും.

19കലഹക്കാരിയും മുൻകോപിയുമായ ഭാര്യയോടൊപ്പം ജീവിക്കുന്നതിനെക്കാൾ,
മരുഭൂമിയിൽ കഴിയുന്നതാണ് ഉത്തമം.

20ജ്ഞാനിയുടെ ഭവനത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്,
എന്നാൽ ഭോഷർ തങ്ങൾക്കുള്ളതെല്ലാം വിഴുങ്ങിക്കളയുന്നു.

21നീതിയും സ്നേഹവും പിൻതുടരുന്നവർ
ജീവനും നീതിയും
അഥവാ, അഭിവൃദ്ധിയും
ബഹുമാനവും കണ്ടെത്തും.

22ജ്ഞാനിക്ക് ശക്തന്മാരുടെ പട്ടണം ആക്രമിക്കാൻ കഴിയും;
അവരുടെ ആശ്രയമായിരുന്ന കോട്ട ഇടിച്ചുനിരത്താനും.

23സ്വന്തം നാവും സ്വന്തം വായും സൂക്ഷിക്കുന്നവർ
ദുരന്തങ്ങളിൽനിന്നു തന്നെത്താൻ അകന്നുനിൽക്കുന്നു.

24അഹങ്കാരിയും ധിക്കാരിയുമായ മനുഷ്യൻ—അയാൾക്കു “പരിഹാസി” എന്നു പേര്—
മഹാഗർവത്തോടെ പെരുമാറുന്നു.

25അലസരുടെ അഭിലാഷം അവരെ മരണത്തിന് ഏൽപ്പിക്കുന്നു,
കാരണം അവരുടെ കൈകൾ അധ്വാനം നിരസിക്കുന്നു.
26ദിവസംമുഴുവനും അയാൾ അത്യാർത്തിയോടെ കഴിയുന്നു.
എന്നാൽ നീതിനിഷ്ഠരോ, ഒന്നും പിടിച്ചുവെക്കാതെ ദാനംചെയ്യുന്നു.

27ദുഷ്ടരുടെ യാഗാർപ്പണം നിന്ദ്യമാണ്—
ദുഷ്ടലാക്കോടെയാണ് കൊണ്ടുവരുന്നതെങ്കിൽ എത്രയധികം!

28കള്ളസാക്ഷി നശിച്ചുപോകും,
എന്നാൽ ശ്രദ്ധയോടെ കേൾക്കുന്നവരുടെ വാക്കുകൾ നിരന്തരം ശ്രദ്ധിക്കപ്പെടും.

29ദുഷ്ടർ തങ്ങളുടെ മുഖത്ത് ധൈര്യം പ്രകടമാക്കുന്നു,
എന്നാൽ നീതിനിഷ്ഠർ തങ്ങളുടെ വഴികൾ ആലോചിച്ചുറപ്പിക്കുന്നു.

30യഹോവയ്ക്കെതിരേ നിൽക്കാൻ കഴിയുന്ന
യാതൊരുവിധ ജ്ഞാനമോ ഉൾക്കാഴ്ചയോ പദ്ധതികളോ ഇല്ല.

31യുദ്ധദിവസത്തിനായി കുതിരയെ സജ്ജമാക്കി നിർത്തുന്നു,
എന്നാൽ വിജയത്തിന്റെ അടിസ്ഥാനം യഹോവയാകുന്നു.
Copyright information for MalMCV